Image

കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.

Published on 08 August, 2018
കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു.
ദമ്മാം: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും,  ദ്രാവിഡരാഷ്ട്രീയത്തിലെ ഇതിഹാസ നായകനുമായ മുത്തുവേല്‍ കരുണാനിധിയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മതേതരരാഷ്ട്രീയം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച കരുണാനിധി, പൊതുപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍  എന്നീ നിലകളില്‍ ചരിത്രത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പെരിയോര്‍ രാമസ്വാമി നായ്ക്കരുമൊത്ത് പ്രവര്‍ത്തിച്ച അദ്ദേഹം, ദ്രാവിഡരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്നു.  എഴുപത്തിയഞ്ചോളം സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിട്ടുള്ള  അദ്ദേഹം നാടകം, കവിത, കഥ എന്നീ സാഹിത്യ മേഖലകളിലെല്ലാം സൃഷ്ടികള്‍ നടത്തി.  താന്‍ പിന്തുടര്‍ന്ന പോന്ന യുക്തിവാദപരമായ സോഷ്യലിസ്റ്റ് ദ്രാവീഡിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അദ്ധേഹത്തിന്റെ രചനാപാടവത്തിലൂടെ സാധിച്ചു. അദ്ദേഹത്തിന്റെ സിനിമ തിരക്കഥകളിലെല്ലാം കൃത്യമായ ആശയങ്ങളും നിലപാടുകളും സ്പഷ്ടമായിരുന്നു. വിധവാ വിവാഹങ്ങളും തൊട്ടുകൂടായ്മയും ജന്മി സമ്പ്രദായവും ബ്രാഹ്മണ മേധാവിത്തവും ദ്രാവിഡന്റെ ചെറുത്തുനില്‍പ്പും വിഷയീഭവിച്ച ആ തിരക്കഥകള്‍ തമിഴകത്ത് പുതിയൊരു  മാറ്റത്തിന്റെ കാഹളം മുഴക്കി.  196971, 197174, 198991, 19962001, 20062011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം, സംഘപരിവാറിന്റെ വര്‍ഗ്ഗീയരാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത് പോരാടിയിരുന്നു.  

കരുണാനിധിയുടെ വിയോഗം ഒരു യുഗത്തിന്റെ അവസാനമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍  നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക