Image

അബുദാബിയില്‍ വന്‍ തീപിടിത്തം; നാല്‌ വേര്‍ഹൗസുകള്‍ കത്തി നശിച്ചു

Published on 30 March, 2012
അബുദാബിയില്‍ വന്‍ തീപിടിത്തം; നാല്‌ വേര്‍ഹൗസുകള്‍ കത്തി നശിച്ചു
അബൂദബി: അബൂദബിയിലെ സായിദ്‌ തുറമുഖ (മിന സായിദ്‌) മേഖലയില്‍ ഇന്നലെ രാവിലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന്‌ ദിര്‍ഹമിന്‍െറ നാശനഷ്ടം. നാല്‌ വേര്‍ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റു. അബൂദബി പൊലീസ്‌, സിവില്‍ ഡിഫന്‍സ്‌, എമര്‍ജന്‍സി ആന്‍ഡ്‌ പബ്‌ളിക്‌ സേഫ്‌റ്റി വിഭാഗം എന്നിവക്ക്‌ പുറമെ പൊലീസ്‌ വ്യോമ വിഭാഗവും പങ്കെടുത്ത രക്ഷാപ്രവര്‍ത്തനമാണ്‌ കൂടുതല്‍ അപകടം ഒഴിവാക്കിയത്‌.

രാവിലെ 8.15നാണ്‌ സംഭവം. 8.30നാണ്‌ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ സിവില്‍ ഡിഫന്‍സ്‌ മിന സായിദ്‌ യൂനിറ്റ്‌ ഇവിടെ എത്തിയെന്നും സിവില്‍ ഡിഫന്‍സ്‌ ആക്ടിങ്‌ ഡയറക്ടര്‍ ജനറല്‍ കേണല്‍ ജുമുഅ സാലിം അല്‍ ദഹ്മാനി പറഞ്ഞു. തുറമുഖത്തെ പ്രധാന മേഖലക്ക്‌ പുറത്തെ വേര്‍ഹൗസുകളിലാണ്‌ തീപിടിച്ചത്‌.

അബൂദബിയിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ വേര്‍ഹൗസുകളാണ്‌ ഇവിടെയുള്ളത്‌. എങ്ങനെയാണ്‌ തീപിടിച്ചതെന്ന്‌ വ്യക്തമല്ല. ഇതേകുറിച്ച്‌ അബൂദബി പൊലീസിന്‌ കീഴിലെ െ്രെകം സീന്‍ വിദഗ്‌ധര്‍ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്‌. ഫര്‍ണിച്ചര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സ്‌പോഞ്ചുകള്‍ സൂക്ഷിച്ച വേര്‍ഹൗസിലാണ്‌ ആദ്യം തീയുണ്ടായതെന്ന്‌ പറയപ്പെടുന്നു. നിമിഷങ്ങള്‍ക്കകം മറ്റിടങ്ങളിലേക്ക്‌ പടര്‍ന്നു.

വളരെ അടുത്തായി സ്ഥിതിചെയ്യുന്ന വേര്‍ഹൗസുകളില്‍ മിക്കതും മരവും എളുപ്പത്തില്‍ തീപിടിക്കുന്ന വസ്‌തുക്കളും കൊണ്ട്‌ നിര്‍മിച്ചതാണ്‌. അതിനാല്‍ പെട്ടെന്ന്‌ തന്നെ തീ പടര്‍ന്നു. മൂന്ന്‌ വലിയ വേര്‍ഹൗസുകളും ഒരു ചെറിയ വേര്‍ഹൗസുമാണ്‌ പൂര്‍ണമായി കത്തിനശിച്ചത്‌. സുരക്ഷാ വിഭാഗം മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിലൂടെയാണ്‌ വന്‍ ദുരന്തം ഒഴിവാക്കിയത്‌. നാല്‌ വേര്‍ഹൗസുകളില്‍ തീ ഒതുക്കിനിര്‍ത്താന്‍ സാധിച്ചു.

50 മീറ്റര്‍ ചുറ്റളവിലാണ്‌ ഇവ സ്ഥിതിചെയ്യുന്നത്‌. ഫര്‍ണിച്ചര്‍ സാധനങ്ങളുടെ വേര്‍ഹൗസിന്‌ പുറമെ ഇലക്ട്രോണിക്‌സിന്‍െറ രണ്ടു വേര്‍ഹൗസും പ്രിന്‍റിങ്‌ സാധനങ്ങളുടെ വേര്‍ഹൗസും ചാമ്പലായി. ബില്‍ഡിങ്‌ മെറ്റീരിയല്‍ ഉള്‍പ്പെടെ എളുപ്പം തീപിടിക്കാവുന്ന സാധനങ്ങളാണ്‌ സൂക്ഷിച്ചിരുന്നതെന്നും അതുകൊണ്ടാണ്‌ തീ പടര്‍ന്നതെന്നും കേണല്‍ ജുമുഅ സാലിം പറഞ്ഞു. ആയിരക്കണക്കിന്‌ കാര്‍ട്ടണുകളും ഉണ്ടായിരുന്നു. സ്ഥാപന ഉടമകള്‍ നഷ്ടം കണക്കാക്കിവരികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക