Image

സംസ്ഥാനത്ത്‌ വീണ്ടും കനത്ത മഴ

Published on 08 August, 2018
സംസ്ഥാനത്ത്‌ വീണ്ടും കനത്ത മഴ


കോട്ടയം: സംസ്ഥാനത്ത്‌ വീണ്ടും കനത്ത മഴ. കഴിഞ്ഞ രാത്രി മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ്‌ പെയ്യുന്നത്‌. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളിലാണ്‌ മഴ ശക്തമായിരിക്കുന്നത്‌.
രണ്ടു ദിവസത്തെ ഇടവേളക്ക്‌ ശേഷമാണ്‌ മധ്യകേരളത്തില്‍ മഴ കനത്തത്‌. ഇതോടെ ജലാശയങ്ങളില്‍ താഴ്‌ന്നു തുടങ്ങിയിരുന്ന ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴയ പെയ്‌തതിനാല്‍ ഡാമില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. 2,396.86 അടി വെള്ളമാണ്‌ ഇപ്പോള്‍ അണക്കെട്ടിലുള്ളത്‌.

2,398 അടിയില്‍ ജലനിരപ്പ്‌ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന്‌ നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ്‌ പെയ്യുന്നത്‌. കണ്ണൂരിലെ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. വടക്കന്‍ മലബാറിലെ ഡാമുകളില്ലെല്ലാം ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു. ബാണാസുരസാഗര്‍ ഡാം രാവിലെ തുറന്നുവിട്ടു. വയനാട്‌ ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ 50 മീറ്റര്‍ വരെ ഉയര്‍ത്തി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മഴ തുടരുന്നതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന്‌ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക