Image

ആന്റണിക്കെതിരേ ബി.ജെ.പിയും സിപിഎമ്മും

Published on 30 March, 2012
ആന്റണിക്കെതിരേ ബി.ജെ.പിയും സിപിഎമ്മും
തിരുവനന്തപുരം: പ്രതിരോധ വകുപ്പിലെ അഴിമതിയില്‍ ആന്റണിയ്‌ക്കെതിരേ ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. 2009 ല്‍ സൈന്യത്തിലേക്ക്‌ ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന്‌ പ്രതിരോധമന്ത്രിയ്‌ക്ക്‌ നേരത്തെ അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലാണ്‌ ആന്റണിയെ പ്രതിരോധത്തിലാക്കുന്നത്‌. നേരത്തെ സൈനിക വാഹനങ്ങള്‍ വാങ്ങിയതിന്‌ കരസേനാ മേധാവിയ്‌ക്ക്‌ കൈക്കൂലി വാഗ്‌ദാനം ലഭിച്ചുവെന്നത്‌ സംബന്ധിച്ച വെളിപ്പെടുത്തലും പ്രതിരോധവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ ആന്റണിയ്‌ക്ക്‌ 2009-ലെ ഇടപാടുകളെ സംബന്ധിച്ച്‌ കത്തയച്ചിരുന്നുവെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ഹനുമന്തപ്പയുടെ കത്തിനെ തുടര്‍ന്ന്‌ സോണിയാഗാന്ധി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി അത്‌ ചെയ്‌തില്ലെന്നുമാണ്‌ റിപ്പോര്‍ട്ട്‌.

കരസേനയുമായി ബന്ധപ്പെട്ട്‌ അഴിമതി നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി രാജിവെയ്‌ക്കണമെന്ന്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവദേക്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിവാദമായ ടാട്രാ ട്രക്ക്‌ ഇടപാടില്‍ ക്രമക്കേടുണ്‌ടെന്നും അന്വേഷണം നടത്തണമെന്നും കാണിച്ച്‌ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ രണ്‌ട്‌ വര്‍ഷം മുന്‍പ്‌ എ.കെ. ആന്റണിക്ക്‌ കത്തയച്ചതായ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയായിരുന്നു പ്രകാശ്‌ ജാവേദ്‌കര്‍ ആവശ്യമുന്നയിച്ചത്‌.

ഇതിനിടെ എ.കെ. ആന്റണി ചുമതലയേറ്റ ശേഷം പ്രതിരോധവകുപ്പില്‍ കുംഭകോണങ്ങളുടെ ഘോഷയാത്രയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. സേനാമേധാവി അന്വേഷണം ആവശ്യപ്പെട്ടിട്ടും അതിന്‌ ശ്രമിക്കാതെ രാജ്യദ്രോഹ നിലപാട്‌ സ്വീകരിക്കുന്ന പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജിവയ്‌ക്കണമെന്നും വി.എസ്‌. ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക