Image

ഇ.പി.ജയരാജന്റെ സത്യപ്രതിഞ്ജ ചിങ്ങം ഒന്നിനെന്ന് സൂചന

Published on 09 August, 2018
ഇ.പി.ജയരാജന്റെ സത്യപ്രതിഞ്ജ ചിങ്ങം ഒന്നിനെന്ന് സൂചന
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചൊഴിഞ്ഞ മുന്‍മന്ത്രി ഇ.പി.ജയരാജന്‍ ചിങ്ങം ഒന്നിന് വീണ്ടും മന്ത്രിയായി സ്ഥാനമേറ്റെടുക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സി.പി.എമ്മില്‍ ധാരണയായെന്നും അടുത്ത ദിവസം ചേരുന്ന ഇടത് മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിലെ മന്ത്രിമാരില്‍ ആരെയും മാറ്റാതെ ജയരാജനെ ഉള്‍പ്പെടുത്താനാണെങ്കില്‍ അഞ്ചാമതൊരു മന്ത്രിയെ സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ മന്ത്രിമാരുടെ എണ്ണം 21 ആയി ഉയരും. പരമാവധി 21 പേര്‍ ആകാമെന്നിരിക്കെ സി.പി.ഐയുടെ ആവശ്യത്തിന് സി.പി.എം പച്ചക്കൊടി കാട്ടുമെന്ന സൂചനകളാണ് വരുന്നത്. അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുമാറ് 13ന് ഇടതുമുന്നണിയുടെ യോഗവും വിളിച്ചു. ജയരാജന്റെ തിരിച്ചുവരവ് പ്രശ്‌നം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചതിനാലാണ് നാളെ സംസ്ഥാനകമ്മിറ്റി ഇത് ചര്‍ച്ച ചെയ്യാനൊരുങ്ങുന്നത്. 

ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങി 2016 ഒക്ടോബര്‍ 14നാണ് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 142 ദിവസം മാത്രം പിന്നിട്ടപ്പോഴായിരുന്നു ഇത്. ജയരാജന്‍ രാജി വച്ച ഒഴിവിലേക്ക് എം.എം. മണിയെ പിന്നീട് സി.പി.എം നിയോഗിച്ചിരുന്നു. 19 അംഗ മന്ത്രിസഭയില്‍ ഇപ്പോഴുള്ള ആരെയെങ്കിലും മാറ്റാന്‍ സാദ്ധ്യത കുറവാണ്. അപ്പോള്‍ ജയരാജനെ ഉള്‍പ്പെടുത്തണമെങ്കില്‍ അത് ഇരുപതാമനായേ നിര്‍വാഹമുള്ളൂ. സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ അങ്ങനെയെങ്കില്‍ തങ്ങള്‍ക്കും അധികപ്രാതിനിദ്ധ്യം സി.പി.ഐ ചോദിച്ചു. ഇക്കാര്യത്തില്‍ ഏറക്കുറെ സമവായത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് സൂചന.

അതേസമയം, നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുക വഴി ഒഴിവുണ്ടാക്കി ജയരാജനെ ഉള്‍പ്പെടുത്തുമെന്ന പ്രചാരണവും ചില കേന്ദ്രങ്ങളിലുണ്ട്. അങ്ങനെയെങ്കില്‍ വിപുലീകരണസാദ്ധ്യത അടഞ്ഞ് മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങളെത്തും. അത് പക്ഷേ ഉടന്‍ സംഭവിക്കേണ്ടതല്ലെങ്കിലും നാളത്തെ കമ്മിറ്റിയില്‍ അത്തരം ചര്‍ച്ചയ്ക്കുള്ള സാദ്ധ്യതയും തള്ളാനാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക