Image

പ്രളയ ഭൂമികയില്‍ നിന്ന് (കവിത : ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 10 August, 2018
പ്രളയ ഭൂമികയില്‍ നിന്ന്  (കവിത : ജയന്‍ വര്‍ഗീസ്)
(പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന കേരളത്തിലെ മനുഷ്യര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കവിത സമര്‍പ്പിക്കുന്നു.)

പോരിക ശാരികേ, 
ഈ നീല വിഹായസിന്‍ 
കാടുകള്‍ പിന്നിട്ടു 
പോരിക, പോരിക !

താരിളം ചുണ്ടിലോ  
രൊലിവില ക്കൊന്പുമായ് 
നീ വരുന്നതും നോക്കി  
ക്കാത്തിരിപ്പാണ് ഞാന്‍ !

എല്ലാം നശിപ്പിച്ചോ  
രി പ്രളയത്തില്‍ ഇനി  
യൊന്നു മാത്രമി പെട്ടക  
മതില്‍ ഞാനിരിക്കുന്നു !

എന്റെ മോഹങ്ങള്‍ മുങ്ങി  
പൊങ്ങിയും, ശ്വാസം മുട്ടി  
പ്പിന്നെയും മുങ്ങിത്താണു 
മരിക്കാന്‍ തുടങ്ങവേ, 

നിന്നെ ഞാനയച്ചു പോയ് 
ദൂരെ, ദൂരെങ്ങോ, ദൂരെ 
സാദരം തല നീട്ടും, 
മാമര ക്കൊന്പും തേടി ....?

ആശ തന്‍ മുകുളത്തില്‍ 
വളരുമോരു ചെറു  
വാലില ക്കൊന്പാ ണെനി  
ക്കാവശ്യം, വരിക നീ ....?

ഃ........ഃ........ഃ........ഃ.

നിനക്കായ് തുറന്നൊരീ  
പ്പെട്ടക ക്കിളിവാതില്‍, 
അടയ്ക്കാ, നിനിയെത്ര 
യുഗങ്ങള്‍ കഴിയണം ?

അകലത്തൊരു ചെറു  
ചില്ലയായ് പ്രതീക്ഷ തന്‍ 
മുകുളം തല നീട്ടാ  
നെത്ര നാള്‍ കോഴിയണം ?

പ്രളയം വിഴുങ്ങിയോ  
രെന്റെയീ വസുന്ധര  
യുഷസ്സിന്‍ ഉന്മാദത്തില്‍ 
ഉണരാതിരിക്കുമോ ?

പ്രണവ മന്ത്രങ്ങളി 
ലുണരും പ്രഭാതത്തില്‍ 
നിറവും പേറി, പ്പൂക്കള്‍ 
വിടരാതിരിക്കുമോ ?

ഃ.........ഃ..........ഃ..........ഃ

ഇല്ല ! ഞാന്‍ കാണ്മൂ ദൂരെ 
മഴവില്‍ ക്കൊടിക്കൂറ! 
വന്നു പോയ് പ്രകാശത്തിന്‍ 
മൃദുല ചിലമ്പൊലി ! 

അഷ്ട ദിക്കുകള്‍ പൊട്ടി  
ത്തെറിക്കും ഹുങ്കാരവം !
ഇഷ്ട ശബ്ദത്തില്‍ കേട്ടു :
' ഇനിയും നശിക്കില്ലാ '!

ആയതി, നടയാള  
മേഴു വര്‍ണ്ണങ്ങള്‍ പേറു  
മീ മഴവില്‍ കാവടി : 
' ഇനിയും തളിരിടും '!

കാലത്തിന്‍ കണ്ണീര്‍ക്കണം 
വീണു, വീണുണ്ടായതാ 
ണീ ജലക്കടല്‍ സര്‍വ  
നാശമായ് , നരകമായ് .

ഃ........ഃ.........ഃ...........ഃ

എങ്കിലുമൊരു ചെറു  
തിരി വെട്ടമായ് എന്റെ 
നെഞ്ചകം തുടിക്കുന്നു :
' ഇനിയും ഞാനുണ്ടല്ലോ ' !

നാളെയീ വസുന്ധര 
കുളിച്ചീറന്‍ മാറുന്‌പോള്‍, 
ഒന്ന് ചുംബിക്കാന്‍, ചുംബി  
ച്ചുണര്‍ത്താന്‍ ഞാനുണ്ടല്ലോ !?

പൊന്നലുക്കണിഞ്ഞെത്തും 
സുപ്രഭാതങ്ങള്‍ക്കൊരു 
ഉമ്മ നല്‍കാനെങ്കിലും , 
ഇനിയും ഞാനുണ്ടല്ലോ !?

മാനവന്‍ ! പ്രപഞ്ചത്തിന്‍ 
ശില്‍പ്പ ശാലയില്‍ ത്തീര്‍ന്ന 
മായികാശയം ! ഇതാ, 
ഇവിടെ ഞാനുണ്ടല്ലോ !?

എന്റെയീ വംശത്തിന്റെ 
വേരറുക്കുവാന്‍ ഇനി 
എന്താണ് നിനക്കുള്ള  
'താണവ ' കളിബോംബോ ?

കൊണ്ട് പോയെറിയുക,
കടലില്‍ പുരാവസ്തു 
കണ്ടെത്തും തലമുറ 
കൊണ്ടുപോയ് സൂക്ഷിക്കട്ടെ !

പോരിക ശാരികേ, 
ഈ നീല വിഹായസിന്‍ 
കാടുകള്‍ പിന്നിട്ടു 
പോരിക, പോരിക !

താരിളം ചുണ്ടിലോ 
രൊലിവില ക്കൊമ്പുമായ് 
നീ വരുന്നതും നോക്കി  
കാത്തിരിപ്പാണു ഞാന്‍ !

പ്രളയദുരന്തം :ഓണാഘോഷച്ചിലവുകള്‍ ദുരിതാശ്വാസത്തിന് 
ആര്‍ട്  ഓഫ് ലിവിംഗ് കേരള ആഹ്വാനം ചെയ്യുന്നു !

പ്രളയ ഭൂമികയില്‍ നിന്ന്  (കവിത : ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക