Image

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published on 11 August, 2018
പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

 കര്‍ക്കടകവാവ് ദിനത്തോട് അനുബന്ധിച്ച്‌ പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. മഴ വകവെയ്ക്കാതെ മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി വിശ്വാസികള്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നും പ്രത്യേക കേന്ദ്രങ്ങളിലും വാവുബലി നടത്തി. പുലര്‍ച്ചെ നാല് മുതല്‍ തന്നെ പലയിടത്തും ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.

ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. പോലീസ് നിര്‍ദേശം വിശ്വാസികള്‍ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. എവിടെയാണ് ചടങ്ങുകള്‍ നടത്തേണ്ടതെന്ന് ബോര്‍ഡും കളക്ടര്‍മാരും അഗ്നിശമന സേനയും ചേര്‍ന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടികള്‍.

തിരുവനന്തപുരം വര്‍ക്കല പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ പിതൃതര്‍പ്പണം ആരംഭിച്ചു. വര്‍ക്കല ശിവഗിരി, ആറ്റിങ്ങല്‍ പൂവമ്ബാറെ ക്ഷേത്രം, കൊല്ലമ്ബുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു. കൊല്ലം തിരുമുള്ളവാരത്ത് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പത്തനംതിട്ട മണിമലയാറ്റിലെ കടവില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ക്ഷേത്ര ഹാളിലേക്ക് ചടങ്ങുകള്‍ മാറ്റി.

ആലപ്പുഴ കണ്ടിയൂര്‍ ആറാട്ടുകടവിനോട് ചേര്‍ന്ന് നടക്കുന്ന ബലിതര്‍പ്പണങ്ങള്‍ക്ക് പ്രത്യേകം വൊളണ്ടിയര്‍മാരെ നിയോഗിച്ചു. മലപ്പുറത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവില്‍ ആയിരങ്ങളാണ് എത്തിയത്. വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധന്‍ പാറലകത്ത് യാഹുട്ടിയുടെ നേതൃത്വത്തിലുള്ള നീന്തല്‍ വിദഗ്ധരും സഹായത്തിനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക