Image

മീശ `നിരോധിക്കേണ്ടതില: നിലപാട്‌ മാറ്റി ഹര്‍ജിക്കാരന്‍

Published on 12 August, 2018
മീശ `നിരോധിക്കേണ്ടതില: നിലപാട്‌ മാറ്റി ഹര്‍ജിക്കാരന്‍

എസ്‌ ഹരീഷിന്റെ നോവല്‍ നിരോധിക്കണമെന്ന ആവശ്യത്തില്‍ നിന്നും നിലപാട്‌ മാറ്റി ഹര്‍ജിക്കാരന്‍. എസ്‌ ഹരീഷ്‌ എഴുതിയ മലയാളം നോവല്‍ മീശയിലെ വിവാദ ഭാഗങ്ങള്‍ മാത്രം നീക്കിയാല്‍ മതി എന്ന്‌ ഹര്‍ജിക്കാരന്‍ ഡല്‍ഹി മലയാളിയും സംഘപരിാറുകാരനുമായ രാധാകൃഷ്‌ണന്‍ വരേണിക്കല്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ സബ്‌മിഷനില്‍ ആണ്‌ ഹര്‍ജിക്കാരന്‍ മുന്‍ നിലപാട്‌ തിരുത്തിയത്‌. നോവല്‍ പൂര്‍ണ്ണമായും നിരോധിക്കണം എന്ന്‌ നേരത്തെ ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുസ്‌തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട്‌ യോജിക്കാന്‍ ആകില്ലെന്ന ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുടെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ ഹര്‍ജിക്കാരന്റെ നിലപാട്‌ മാറ്റം.

നിരോധിക്കണമെന്ന നിലപാടിനെതിരെ സുപ്രീം കോടതി നിലപാട്‌ വ്യക്തമാക്കിയിരുന്നു. പുസ്‌തകം നിരോധിക്കുന്ന സംസ്‌കാരം ശരിയല്ലെന്നാണ്‌ കോടതി അഭിപ്രായപ്പെട്ടത്‌. മീശയിലെ വിവാദമായ പരാമര്‍ശങ്ങള്‍ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ പറയുന്നതല്ലേയെന്നും കോടതി ചോദിച്ചിരുന്നു. കഥാപാത്രങ്ങളായ കൗമാരക്കാര്‍ തമ്മില്‍ ഇത്തരത്തില്‍ സംസാരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു

മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ്‌ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്‌.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്‌ക്കുന്ന പദപ്രയോഗങ്ങളാണ്‌ ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്‌ക്കുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്‌.

തുടര്‍ന്ന്‌ ആഴ്‌ചതിപ്പില്‍ നിന്ന്‌ നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ്‌ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട്‌ മീശ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന്‌ ഹരീഷ്‌ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ മീശ പുസ്‌തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡി.സി ബുക്‌സ്‌ മുന്നോട്ടുവരികയായിരുന്നു. ഇതിനെതിരായാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി സംഘപരിവാറുകാരന്‍ എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക