Image

കരയുന്ന ആന്റണി കേഴുന്ന പ്രതിരോധം: ജോസ് കാടാപുറം

ജോസ് കാടാപുറം Published on 30 March, 2012
കരയുന്ന ആന്റണി കേഴുന്ന പ്രതിരോധം: ജോസ് കാടാപുറം
ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം മൗനമാണോ? ഈ രീതിയിലുള്ള ഒരു ചിന്തയാണ് ബഹുമാന്യനായ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണിയെന്ന എ.കെ. ആന്റണിയെ കുറിച്ച് ഇന്‍ഡ്യന്‍ രാഷ്ട്രീയം ഇപ്പോള്‍ ഉള്‍ക്കൊണ്ടിരിയ്ക്കുന്നത്. 2006 മുതല്‍ ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയായ എ.കെ. ആന്റണിക്ക് ആ വകുപ്പിന്റെ പുരോഗതിയ്ക്കും അധോഗതിക്കും ഉത്തരവാദിത്വമുണ്ട്. ഇന്‍ഡ്യന്‍ കരസേന മേധാവി ജനറല്‍ വി.കെ. സിംഗ് ഒരു വര്‍ഷം മുമ്പ് പ്രതിരോധമന്ത്രിയുടെ വസതിയില്‍ ചെന്ന് സൈന്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങാന്‍ കൂട്ട് നില്‍ക്കാല്‍ 14 കോടി രൂപ കോഴ നല്‍കാമെന്ന് വാഗ്ദാനമുണ്ടായി എന്നറിയിച്ചിരുന്നു ... എന്നാല്‍ നിരന്തരം പ്രതിരോധ രംഗത്തെ പലകാര്യങ്ങളും ആന്റണിയോട് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ കരസേന മേധാവി ജനറല്‍ വി.കെ. സിംഗ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. സേനയിലെ പോരായ്മകള്‍ വിവരിച്ച കത്ത് പ്രധാനമന്ത്രിക്ക് രഹസ്യമായി അയച്ച കത്ത് ചോര്‍ന്നതായി അിയാന് കഴിഞ്ഞു. ആന്റണിയുടെ കീഴില്‍ പ്രതിരോധ വകുപ്പ് അതി ദയനീയമായി കുത്തഴിഞ്ഞ് സാഹചര്യത്തിലാണ് കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്. തീരുമാനമെടുക്കുന്നതില്‍ ആന്റണിക്കുള്ള കഴിവു കേടും അഴിമതി കണ്ടില്ലെന്ന് നടിച്ചു അതിന് കൂട്ടുനില്‍ക്കുന്ന സമീപനവും കൂടുതല്‍ കുഴപ്പത്തിലായ പ്രതിരോധ വകുപ്പിനേയും കുറിച്ചായിരുന്നു കത്ത്.

യുദ്ധ ടാങ്കുകളില്‍ ഉപയോഗിക്കുന്ന വെടികോപ്പുകളില്ല എന്നുള്ളത്, വ്യോമപ്രതിരോധം 97 ശതമാനം കാലഹരണപ്പെട്ടത്, കാലാള്‍ പടയ്ക്ക വേണ്ടത്ര സന്നാഹങ്ങളില്ലാ
ത്തതിന്റെ കുറവ്, രാത്രിയുദ്ധത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത്, മറ്റൊന്ന് ഏറ്റവും ഉന്നതമായ സേനാവിഭാഗങ്ങള്‍ക്കുള്ള ഉന്നത ഗുണനിലവാരമുള്ള ആധുനികമായ ആയുധങ്ങളുടെ അഭാവം, കൂടാതെ നിരീക്ഷണ സംവിധാനത്തിലെ പോരായ്മകള്‍ ഇവയൊക്കെ പരിഹരിക്കണമെന്നാണ് കരസേനാമേധാവിയുടെ കത്തിന്റെ ഉള്ളടക്കം.

അഴിമതി കാണുമ്പോള്‍ മൗനിയായിരിക്കാനുള്ള കഴിവാണോ ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍ പടികള്‍ കയറാല്‍ ആന്റണിക്ക് കഴിഞ്ഞതെങ്കില്‍ ഒരു ഗുണവുമില്ലാത്ത മറ്റൊരു മന്‍മോഹന്‍ സിംഗായിരിക്കും ആന്റണി. ഒന്നേ മുക്കാല്‍ ലക്ഷം കോടി കട്ടവന്‍ കൂടെ ഉണ്ടായിരുന്നിട്ട് അവരെയും ചുമന്ന് മിണ്ടാതിരുന്ന ആര്‍ക്കും വേണ്ടാത്ത ഒരു പ്രധാനമന്ത്രി അതിന് പറ്റിയ പ്രതിരോധമന്ത്രിയാണോ ആന്റണി. നിര്‍ണായകമായ ഒരു ഘടത്തിലും ആദര്‍ശമോ, ധീരതയോ പ്രകടിപ്പിക്കാത്ത ഒരാളെ ഏങ്ങനെ നല്ല പൊതുപ്രവര്‍ത്തകനായി കാണാന്‍ പറ്റും? ഒരു പക്ഷേ ഇന്‍ഡ്യ കണ്ട മോശം പ്രതിരോധ മന്ത്രിയായി ആന്റണി മാറുകയാണോ?
വ്യക്തിപരമായി പണം വാങ്ങിയോ എന്നതല്ല. രജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും, സൈന്യത്തിന്റെ ശക്തിയ്ക്ക് ക്ഷതമുണ്ടാക്കുന്നതുമായ നടപടികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടിനിന്നോ കാരണക്കാരനായോ എന്നതാണ് പ്രശ്‌നം. കാലാനുസൃതമായ ആയുധങ്ങളില്ലെന്നും, കരസേനാ മേധാവി പറഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാത്ത
ഉണ്ണാക്കന്‍ പ്രതിരോധമന്തിയായാലും എത്ര ആദര്‍ശവാനായാലും അയാള്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അനാവശ്യമാണ്.പ്രതിരോധ വകുപ്പും അഴിമതിയില്‍ മുങ്ങികിടക്കുകയാണ് എന്ന് പറഞ്ഞിട്ട് മൗനവ്രതത്തിലാണ് ആന്റണിയെങ്കില്‍ ആ മൗനം ദോഷകരമാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക