Image

യവനമൃത്യ (കവിത: മാടശേരി നീലകണ്ഠന്‍)

Published on 12 August, 2018
യവനമൃത്യ (കവിത: മാടശേരി നീലകണ്ഠന്‍)
ഉഗ്രന്‍ വിഷം ശിഷ്യരേകി പോലും,  ഗുരു
സോക്രട്ടീസങ്ങിനെ പോയി!

നീര്‍ക്കെട്ടുകൊണ്ട് വലഞ്ഞു, ഗുരു ഹീരാ-
ക്ലീറ്റസ്സൊരാശ്വാസം തേടി,
മെയ്യാകെച്ചാണകം പൂശിക്കിടന്നുപോല്‍
വെയ്‌ലത്ത്, ലേപനമെല്ലാം
നന്നായുണങ്ങി, മെയ്യാകെക്കറുക്കവേ
വന്നെത്തി നായ്ക്കള്‍ തന്‍കൂട്ടം,
പുത്തന്‍ ഇര കണ്ടാക്കൂട്ടര്‍ പകുത്തുപോല്‍
വിശ്രുതാചാര്യന്റെ ദേഹം!

നൂറു ദുരന്തകഥാ നാടകം തീര്‍ത്ത
സോഫോക്ലീസ് അന്ത്യമടുക്കെ
വീണ്ടും ജയിച്ചുപോല്‍ നാടക മത്സര-
വേദിയില്‍; ഹര്‍ഷോന്മാദത്തില്‍
പൊട്ടിച്ചിരിയടങ്ങാതെ ഗുരു വീര്‍പ്പു
മുട്ടി മരിച്ചുപോയത്രേ!

എന്നാല്‍, വിലക്ഷണമൃത്യുവിന്‍ സമ്മാന-
മന്യനൊരാചാര്യന്നത്രേ!
ട്രാജഡിതന്‍ പിതാവ്, എസ്ക്കിലസ്സ് അന്തിമ-
നാളില്‍ സിസിലിയിലെത്തി.
"ഭാരിച്ചെന്തോ തലയില്‍ വീഴും, കഥ
തീരും'- എന്നാരോ വിരട്ടി.

"നീലനഭസ്സിനടിയില്‍ നില്ക്കാം, അങ്ങു
വീഴുവാനെന്തിരിക്കുന്നു?'
എവം സുരക്ഷിതന്‍ താനെന്ന ചിന്തയില്‍
പാവം വെയ്‌ലത്തു ലാത്തി.
കൂര്‍ത്ത നഖങ്ങളില്‍ കൂറ്റനൊരാമയെ -
ക്കോര്‍ത്തെടുത്ത, ങ്ങുയരത്തില്‍
ചുറ്റിപ്പറക്കും കഴുകൊന്ന് ആമതന്‍
കട്ടിപ്പുറന്തോടുടയ്ക്കാന്‍
പറ്റിയ പാറ തിരയവെ താഴത്തു
വെട്ടിത്തിളങ്ങീ വെയിലില്‍
വൃദ്ധന്റെ മണ്ട; ചിതറിയോ താഴെവീ-
ണപ്പാവം ആമയെമ്പാടും?

എന്നാല്‍ക്കളിവാക്കു നിര്‍ത്തി, സ്സോഫോക്ലീസി
ന്നന്ത്യദിനത്തില്‍ ചരിത്രം
അഖ്മത്തോവാമാഡം പണ്ടേ പറഞ്ഞതു-
മിപ്പോള്‍ നമുക്കൊന്ന് കേള്‍ക്കാം;

------------------
റഷ്യന്‍ കവയിത്രി ആനാ അഖ്മത്തോവാം; കവിത:
“Death of Sophocles”

ആ രാത്രി സോഫോക്ലീസിന്‍ ഗൃഹത്തിന്‍ മുകളില-
ക്കാഞ്ഞിറങ്ങിയതുപോലൊരു ഗരുഡന്‍ വാനില്‍ നിന്നും
തൊടിയില്‍ക്കേള്‍ക്കായ് മ്ലാനം ചീവിടന്‍ സംഘഗാനം;
കവി, യാനഗരത്തെച്ചുറ്റിടും ദുര്‍ഗ്ഗത്തിന്റെ-
യരിക,ത്തെതിരാളിത്താവളത്തില്‍ക്കാളു-
മെരിതീയിനെച്ചുറ്റിപ്പോയ് നേടീ, യമരത്വം.

രാജാവി, ന്നന്നുണ്ടായീ വിചിത്രം സ്വപ്നം; സാക്ഷാല്‍-
ദ്ദേവനാം ഡിയോണിസസ് 2 കല്പിച്ചു: "നിര്‍ത്തൂ യുദ്ധം!
ആഥന്‍സില്‍ നടക്കട്ടെ വിധിപോല്‍ കവീന്ദ്രന്റെ
ദേഹസംസ്കാരം, ശോകഗാനാലാപനത്തോടെ!'
Join WhatsApp News
Madassery N Namboodiri 2018-08-12 10:20:17
ആദ്യത്തെ വരിയിൽ: ദയവായി 
'ഉഗ്രൻ വിഷം ശിഷ്യരേകി പോലും' എന്ന് വായിക്കുക! ഗുരു ശിഷ്യർക്കല്ലല്ലോ വിഷം കൊടുത്തത്!
അച്ചടിയിൽ അങ്ങിനെ വേറെയും ചില പിഴകളുണ്ട്. ഖേദിക്കുന്നു.
മാടശ്ശേരി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക