Image

നഴ്‌സിംഗ്‌ : ഏകീകൃത ഫീസ്‌ ഘടയുണ്ടാക്കും

Published on 30 March, 2012
നഴ്‌സിംഗ്‌ : ഏകീകൃത ഫീസ്‌ ഘടയുണ്ടാക്കും
ന്യൂഡല്‍ഹി: നഴ്‌സിംഗ്‌ ഫീസിന്‌ ഏകീകൃത ഘടനയുണ്ടാക്കാന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ തീരുമാനിച്ചു. രാജ്യത്തെ നഴ്‌സിംഗ്‌ കോളജുകള്‍ അശാസ്‌ത്രീയമായും അന്യായമായും ഫീസ്‌ വങ്ങുന്ന സാഹചര്യത്തിലാണ്‌ കൗണ്‍സില്‍ തീരുമാനം കൈക്കൊള്ളുന്നതെന്ന്‌ അംഗം ആന്റോ ആന്റണി എംപി. അറിയിച്ചു.

എഎന്‍എം, ജിഎന്‍എം, ബിഎസ്‌സി, പോസ്റ്റ്‌ ബിഎസ്‌സി, എംഎസ്‌സി നഴ്‌സിംഗ്‌ കോഴ്‌സുകള്‍ക്ക്‌ ഇത്‌ ബാധകമാക്കും. ബോണ്‌ട്‌ സമ്പ്രദായം അവസാനിപ്പിക്കാനും നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്‌ക്കുന്നതിനെതിരേ തീരുമാനമെടുത്തിട്ടും അതു പാലിക്കാത്ത നഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാനും തീരുമാനിച്ചു. കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ചിട്ടും ഇത്‌ ആവര്‍ത്തിക്കുന്ന കോളജുകളുടെ അഫിലിയേഷന്‍ റദ്ദ്‌ ചെയ്യുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്‌ട്‌.

ഡല്‍ഹി നഴ്‌സിംഗ്‌ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്‌തതിനുശേഷം വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ അഞ്ചു വര്‍ഷത്തിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാത്തതിനാല്‍ നിരവധി പേര്‍ക്ക്‌ ജോലി നഷ്ടപ്പെട്ട സാഹചര്യവും യോഗം ചര്‍ച്ച ചെയ്‌തു. ഇതിനു പരിഹാരമായി രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുവാന്‍ ഡല്‍ഹി നഴ്‌സിംഗ്‌ കൗണ്‍സിലിനോട്‌ ആവശ്യപ്പെടാന്‍ ഐഎന്‍സി യോഗം തീരുമാനിച്ചതായി ആന്റോ ആന്റണി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക