Image

ബിഷപ്പ് ഹൗസില്‍ ഫ്രാങ്കോ തിരിച്ചെത്തി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വൈദികരുടേയം സെക്യുരിറ്റി ജീവനക്കാരുടേയും കയ്യേറ്റം; പഞ്ചാബ് പോലീസ് നോക്കിനിന്നു

Published on 13 August, 2018
ബിഷപ്പ് ഹൗസില്‍ ഫ്രാങ്കോ തിരിച്ചെത്തി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വൈദികരുടേയം സെക്യുരിറ്റി ജീവനക്കാരുടേയും  കയ്യേറ്റം; പഞ്ചാബ് പോലീസ് നോക്കിനിന്നു
ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വൈദികരുടേയം സെക്യുരിറ്റി ജീവനക്കാരുടേയും  കയ്യേറ്റം. തടയാതെ പഞ്ചാബ് പോലീസ് നോക്കിനിന്നു . ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് വൈകുന്നേരം മൂന്ന് മണിയോടെ കേരള പോലീസ് ബിഷപ്പ് ഹൗസില്‍ എത്തിയിരുന്നെങ്കിലും ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥലത്ത് ഇല്ലായിരുന്നു. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറില്‍ എത്തിയിരിക്കുന്നത്

ഇന്ന് പോലീസ് എത്തുമെന്ന വിവരം അറിയാമായിരുന്നിട്ടും ജണ്ഡാല ഗുരു എന്ന സ്ഥലത്തെ കോണ്‍വെന്റില്‍ കുര്‍ബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ആന്റണി  മാടശേരി, പോള്‍ കിഴക്കിനെത്തു എന്നി അച്ചന്‍മാര്‍ക്കൊപ്പം ചണ്ഡീഗഡിലേക്കു പോയി. പോലീസ് ചോദ്യം ചെയ്യാന്‍ നേരത്തെ നോട്ടീസ് നല്‍കിയില്ലെന്ന് പറയന്‍ ഹൈ കോര്‍ട്ട് വക്കിലിനെ പറഞ്ഞേല്പിച്ച ശേഷമാണ് ബിഷപ്പ് പോയത്. ഈ സമയമത്രയും കേരള പോലീസ് ബിഷപ്പ് ഹൗസില്‍ കാത്തിരിക്കകയായിരുന്നു. 

വൈകിട്ട് ഏഴരയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസില്‍ എത്തിയത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് പഞ്ചാബ് പോലീസിന്റെ കയ്യേറ്റമുണ്ടായത്. ഏഷ്യാനെറ്റ് ന്യുസ് സംഘത്തിന്റെ ക്യാമറ പോലീസ് തകര്‍ത്തു. മനോരമ ന്യുസ്, മാതൃഭൂമി വാര്‍ത്താ സംഘങ്ങള്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. പഞ്ചാബിലേയും കേരളത്തിലേയും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി പോലീസ് ഗേറ്റ് അടച്ചു. മറ്റൊരു വിഭാഗം ബിഷപ്പ് ഹൗസിനുള്ളിലുമാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. വിശദമായ ഒരു ചോദ്യാവലിയുമായാണ് പോലീസ് എത്തിയത്. ബിഷപ്പ് കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ ചില വൈരുദ്ധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിന്റെ വിശ്വസ്തരായ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുംപുറം, എഫ്.എം.ജെ ജനറാള്‍ ഫാ. ആന്റണി മാടശേരി എന്നിവരില്‍ നിന്നും ഇന്ന് വിശദമായ മൊഴി എടുത്തിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ എത്തിയത്.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കേടതി വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിക്കരുത്. അറസ്റ്റു വൈകി എന്നതുകൊണ്ട് അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് പറയാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ആണ് കോടതിയെ സമീപിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക