Image

ഓരോ സ്ത്രീയിലും ഉന്മാദത്തിന്റെ ഒരു തുരുത്തുണ്ട് - രതീദേവി

Published on 13 August, 2018
ഓരോ സ്ത്രീയിലും ഉന്മാദത്തിന്റെ ഒരു തുരുത്തുണ്ട് - രതീദേവി
ആഴവും ഭംഗിയും മാത്രമല്ല, ശക്തമായ സ്ത്രീപക്ഷനിലപാടുകളും രതീദേവിയുടെ എഴുത്തിനെ സവിശേഷമാക്കുന്നു. പുരുഷനിര്‍മിതമായ ഭാഷയെയും ആഖ്യാനഘടനയെയും പൊളിച്ചെഴുതുന്നു ഈ എഴുത്തുകാരി. 'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം' എന്ന നോവല്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയത്ത് പ്രസിദ്ധീകരിച്ചു. എഴുത്തുകാരിയുടെ നിലപാടുകളിലൂടെ...കടപ്പാട്: മാത്രുഭൂമി

രതീദേവി/കെ.കെ.അജിത്കുമാര്‍

ഫോട്ടോ: കെ.കെ. പ്രവീണ്‍

''തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്. പ്രായമായൊരു അമ്മ ഇരുന്ന് ചുമയ്ക്കുന്നുണ്ടായിരുന്നു. എന്തുപറ്റിയെന്ന് ചോദിച്ചു. പനിയാണ്. മരുന്നിനുള്ള പണമില്ല. അവര്‍ക്ക് മരുന്നുവാങ്ങാനുള്ള പണം നല്‍കി. ഒരു ചായയും നല്‍കി. അപ്പോഴുണ്ട് ഒരു പോലീസുകാരന്‍ വന്ന് ആ അമ്മയെ ലാത്തികൊണ്ട് ആഞ്ഞടിക്കുന്നു. അമ്മയുടെ നിലവിളി കേട്ടിട്ടും ആരും ഇടപെടുന്നില്ല. രണ്ടാമതും അടിക്കാനൊരുങ്ങിയപ്പോള്‍ ആ പോലീസുകാരന്റെ ലാത്തിയില്‍ ഞാന്‍ കയറിപ്പിടിച്ചു. പോലീസുകാരന്‍ അതിനിന്ദ്യമായി ചീത്തവിളിച്ചു. ഞാന്‍ ആ അമ്മയുടെ കൂട്ടിക്കൊടുപ്പുകാരിയാണെന്നാണ് അയാള്‍ ആക്രോശിച്ചത്. അത് കേട്ടുനിന്ന ആണ്‍കൂട്ടം ആര്‍ത്തിയോടെ നോക്കിയപ്പോള്‍ ഉറക്കെ കരയണമെന്നാണ് തോന്നിയത്. പക്ഷേ, കരഞ്ഞില്ല.''

''വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞു. അടുത്തകാലത്താണ് ഈ സംഭവം. അമേരിക്കയിലെ ചിക്കാഗോയില്‍ ഒരു ബാങ്കില്‍ ജോലിചെയ്യുന്ന കാലം. 20 വയസ്സുള്ള സുന്ദരിയായ അമേരിക്കന്‍ പെണ്‍കുട്ടി ബാങ്കിലെത്തി. കരച്ചില്‍ അടക്കിപ്പിടിച്ചിരിക്കുന്നു. ഞാന്‍ കൗണ്ടറില്‍നിന്ന് അവളുടെ അടുത്തുപോയി. 'ഹായ് ഹണീ' എന്നു വിളിച്ചപോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ അവളെ ഒരു മകളെപ്പോലെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണീരുവീണ് എന്റെ തോള് നനഞ്ഞു. ഞാന്‍ പറഞ്ഞു: 'നീ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് എനിക്കറിയാം.' അവള്‍ എന്നെ തുറിച്ചുനോക്കിയിട്ട് ചോദിച്ചു, നിങ്ങള്‍ക്ക് മൈന്‍ഡ് റീഡിങ് ഉണ്ടോ?''

നിസ്സഹായരുടെ നേരെയുള്ള അനീതികള്‍. മനുഷ്യരുടെ സങ്കടങ്ങള്‍. അതാണ് രതീദേവി എന്ന എഴുത്തുകാരിയെ എന്നും ഉലയ്ക്കുന്നത്. ആരുടെയും സങ്കടങ്ങള്‍ ഉള്ളിലേക്ക് ഏറ്റുവാങ്ങുന്നതാണ് ആ ഹൃദയം. 'ഒരു പൂത്തുമ്പിയുടെ ഹൃദയം പെണ്ണിനുവെച്ചാല്‍ അതെന്റെ മകളാകും' എന്ന് ഈ എഴുത്തുകാരിയെക്കുറിച്ച് അവരുടെ അമ്മയുടെ വാക്കുകള്‍. ആലപ്പുഴയിലെ താമരക്കുളത്തായാലും അമേരിക്കയിലെ ചിക്കാഗോയിലായാലും രതീദേവിയെന്ന എഴുത്തുകാരിയില്‍ തുടിക്കുന്നത് ഈ ഹൃദയമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകൃതമായ 'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം' എന്ന നോവല്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെട്ടിരുന്നു. ചിക്കാഗോയില്‍ താമസിക്കുന്ന രതീദേവിക്ക് കേരളത്തിലേക്കുള്ള ഓരോ യാത്രയും വീട്ടിലേക്കുള്ള വരവാണ്. അത്തരമൊരു സന്ദര്‍ശനത്തില്‍ എഴുത്തുജീവിതത്തെക്കുറിച്ചും അതിനുപിന്നിലെ ദര്‍ശനങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു.

എന്തുകൊണ്ടാണ് 'പെണ്‍സുവിശേഷം' എന്ന പേര്? പുരുഷകഥാപാത്രങ്ങളെക്കാള്‍ ഏറെ ശക്തിയുണ്ട് ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക്. പേരിലും കഥാപാത്രസൃഷ്ടിയിലുമുള്ള ഈ സമീപനം ബോധപൂര്‍വമായിരിക്കുമല്ലോ. അതിനുപിന്നിലുള്ള ഘടകങ്ങള്‍

ബോധപൂര്‍വമുള്ള സമീപനംതന്നെയാണ്. ആദിയില്‍ വചനമുണ്ടായി എന്നാണല്ലോ പറയുക. അത് ദൈവത്തിന്റെ, പുരുഷന്റെ വചനമാണ്. അതിനുനേരെയുള്ള അട്ടിമറിശ്രമമാണ് ഈ തലക്കെട്ട്. ഭൂമിയില്‍ പിറക്കുന്ന എല്ലാവരും ആദ്യം കേള്‍ക്കുന്നത് അമ്മയുടെ വചനമാണ്. പിന്നെങ്ങനെയാണ് ആദിയിലെ വചനം പുരുഷന്റേതാണെന്നുവന്നത്? മേരി മഗ്ദലീന കേവലം ഒരു സ്ത്രീയല്ല, പ്രകൃതിതന്നെയാണ്. പെണ്ണിന്റെ എല്ലാ ഋതുക്കളും അവളിലുണ്ട്. ആ പ്രകൃതിക്ക് ആഖ്യാനത്തിലൂടെ സ്ഥിരത കൊടുക്കാനുള്ള ശ്രമമാണിത്. മേരി മഗ്ദലീനയുടെ സുവിശേഷത്തെ ബൈബിളിനകത്ത് സുവിശേഷമായി ചേര്‍ത്തിട്ടില്ല. അറിവിന്റെ പുസ്തകമാക്കി മാറ്റുകയാണ് ചെയ്തത്. പെണ്ണ് സുവിശേഷം എഴുതേണ്ടതില്ലെന്ന തീരുമാനമാണത്. അതിനോടുള്ള പ്രതിഷേധമാണ് ഈ നോവല്‍.
ഭാഷകളെല്ലാം പുരുഷനിര്‍മിതമാണ്. എഴുത്തില്‍ പുരുഷന്‍നിര്‍മിച്ച ഘടനയെയും ഭാഷയെയും അട്ടിമറിക്കാനാണ് ശ്രമിച്ചത്.

'എല്ലാ ഋതുക്കളിലും ഭ്രാന്തന്‍പൂക്കള്‍മാത്രം വിടര്‍ത്തുന്ന ഉന്മാദിനിപെണ്‍മരം' എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട് ഈ നോവലിന്റെ ആമുഖത്തില്‍. സര്‍ഗാത്മകമായ ഉന്മാദത്തിന്റെ അവസ്ഥയെക്കുറിച്ചാണോ ഈ പ്രയോഗം? വിശദീകരിക്കാമോ

ഓരോ സ്ത്രീയിലും ഉന്മാദത്തിന്റെ ഒരു തുരുത്തുണ്ട്. ചില നേരങ്ങളില്‍ ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടി ഉന്മാദത്തിന്റെ ആ തുരുത്തില്‍ അഭയംതേടും. അതൊരു സ്വത്വം തേടലാണ്. എഴുത്തിലൂടെ എന്റെ സര്‍ഗാത്മകമായ സ്വത്വംതേടുന്ന വേളയില്‍ ഞാനീ ഉന്മാദത്തിന്റെ തുരുത്തിലെ രാജകുമാരിയാകുന്നു. ഉന്മാദത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും നൂല്‍പ്പാലത്തിലൂടെ നടക്കുന്നതിനിടയില്‍ ചിലര്‍ ഈ പാലം തകര്‍ന്ന് തികഞ്ഞ ഉന്മാദത്തിലേക്ക് കൂപ്പുകുത്തിവീഴും. ഇതിനെ നമുക്ക് ഭ്രാന്ത് എന്നുവിളിക്കാം. കേവലം 16 വയസ്സുള്ള ഒരു പെണ്‍കുട്ടി, സ്വന്തം കൂട്ടുകാരിയെ ബലാല്‍സംഗം ചെയ്യുന്നതിന് സാക്ഷിയാകുന്നു. അവള്‍ ഭയന്ന് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്നു. കാലദേശങ്ങളെല്ലാം വിസ്മൃതിയിലാകുന്നു. അന്നുമുതല്‍ പുരുഷനോടും അവന്റെ പ്രണയത്തിനോടും അവള്‍ക്ക് ഭീതിയായിരുന്നു. ഈ നോവലിന്റെ രണ്ടാംഭാഗത്ത് ആത്മകഥയില്‍ ഇത് തുറന്നെഴുതിയിട്ടുണ്ട്.

'മീ റ്റൂ' പോലെയുള്ള തുറന്നെഴുത്തിലൂടെ പെണ്‍കുട്ടികള്‍ അവരുടെ ശരീരത്തിനുനേരെ നടക്കുന്ന ആക്രമണങ്ങളെ തുറന്നുകാണിക്കുമ്പോള്‍ എന്റെ അനുഭവം അങ്ങനെ എഴുതാന്‍ കഴിയാത്തതെന്തെന്ന് ആലോചിച്ചുപോയി. ആ ഓര്‍മകളിലൂടെ കടന്നുപോകുന്നതുപോലും എനിക്ക് നടുക്കമാണ്. എവിടെയെങ്കിലും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നെന്ന് കേട്ടാല്‍ പിന്നെ ഭീതിയാണ്. എന്റെ ശരീരവും സമാനമായ വേദനയിലൂടെ കടന്നുപോകുന്നതായി തോന്നും. ഈ ഭ്രാന്തും ഏകാന്തതയും ഉന്മാദവും എല്ലാംകൂടിയാണ് മേരി മഗ്ദലീനയെ ഇത്രമേല്‍ കരുത്തുള്ളവളാക്കിയത്.

വായനക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു ഘടനയാണ് ഈ നോവലിന്റെ ആഖ്യാനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. മന്ത്രസ്വഭാവമുള്ള ഭാഷയും സ്വപ്നസമാനമായ ബിംബങ്ങളും ശ്രദ്ധേയം. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്

നോവലിലൂടെ ചരിത്രത്തെ അപനിര്‍മിക്കുകയാണ് ചെയ്തത്. ചരിത്രം, നരവംശശാസ്ത്രം, തത്ത്വശാസ്ത്രം, മിത്തുകള്‍, ഇതിഹാസം, രാഷ്ട്രീയം, മതം എല്ലാംതന്നെ സ്ത്രീയുടെ രണ്ടാംകിട അവസ്ഥ സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അതിനെ പൊളിച്ചടുക്കാനാണ് ഈ രചനയിലൂടെ ഞാന്‍ ശ്രമിക്കുന്നത്. എഴുതുമ്പോള്‍ എന്റെ മുന്നില്‍ വായനക്കാരില്ല. പക്ഷേ, വായനക്കാര്‍ക്കുവേണ്ടിയാണ് എഴുതിയത്. ഈ വൈരുദ്ധ്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ, വായനക്കാര്‍ക്കും ഗവേഷകര്‍ക്കും നിരൂപകര്‍ക്കും ആഘോഷമാകാന്‍ ഒരുപിടി വിഭവങ്ങള്‍ ഇതിലുണ്ട്. പോസ്റ്റ്കമ്യൂണിസം മുതല്‍ ഞാന്‍ ജീവിച്ച ജൈവസമ്പുഷ്ടമായ പഞ്ചഭൂതാത്മകമായ പൗരസ്ത്യ തത്ത്വചിന്തവരെ. ലോകത്തിന്റെ പലഭാഗത്തുനിന്നും വായനക്കാര്‍ വിളിക്കാറുണ്ട്. ചിലര്‍ പറയും, ഇത് മാതൃത്വത്തിന്റെ പുസ്തകമാണെന്ന്. മറ്റുചിലര്‍ പ്രണയത്തിന്റെ പുസ്തകമെന്ന് പറയും. ഇനി കുറേപ്പേര്‍ക്ക്, ഏകാന്തതയുടെ, ആത്മീയതയുടെ, ഇന്നിന്റെ പുസ്തകമാണിത്.

ഒരു നിയമവും ഇല്ലാതെയാണ് എഴുതിയത്. ചരിത്രം എന്നെ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ നോവല്‍. എനിക്കുചുറ്റും നില്‍ക്കുന്ന നിരാലംബരുടെ നിലവിളിയാണത്. ജൈവികതയ്ക്കുവേണ്ടി യാചിച്ച് നില്‍ക്കുന്ന മണ്ണിന്റെ നൊമ്പരവും ജന്മഭൂമിയില്‍നിന്ന് പലായനംചെയ്യപ്പെട്ട അഭയാര്‍ഥികളുടെ കണ്ണുനീരുമാണത്. അതിന് നിയമമില്ല. എന്റെ വേദനകളില്‍ വേവിച്ചെടുത്തതാണ് എന്റെ ഭാഷ. എന്റെ ആസക്തിയുടെയും അനാസക്തിയുടെയും ആകത്തുകയാണത്. എന്റെ സ്വപ്നങ്ങളുടെയും കാമനകളുടെയും മഴവില്ലുകൊണ്ട് നിറംപിടിപ്പിച്ചത്. എന്റെ ശ്വാസവും ആശ്വാസവും ആകുലതയുമാണത്. മറ്റാരുടെയും ഭാഷകൊണ്ട് എഴുതാന്‍ കഴിയില്ലെനിക്ക്.

കേരളത്തിലെ രാഷ്ട്രീയത്തിലും സാംസ്‌കാരികമണ്ഡലത്തിലും സജീവമായി ഇടപെട്ട ഒരു കാലമുണ്ടായിരുന്നു രതീദേവിക്ക്. അതിനുശേഷം യു.എസില്‍ താമസമാക്കി. എഴുത്തില്‍ ഈ രാഷ്ട്രീയബോധ്യങ്ങള്‍ എത്രത്തോളം സ്വാധീനംചെലുത്തിയിട്ടുണ്ട്? ആശയപരമായ സംഘര്‍ഷങ്ങള്‍ എഴുത്തിനെയും ജീവിതത്തെയും എത്രത്തോളം സ്വാധീനിച്ചു

അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പാര്‍ലമെന്റ് പ്രസിഡന്റായതുമുതല്‍ തുടങ്ങിയതാണ് സംഘാടനം. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടി പിളരുമ്പോള്‍ താമരക്കുളത്ത് സി.പി.ഐ. ഉണ്ടാക്കിയ മൂന്നുപേരിലൊരാള്‍ എന്റെ അച്ഛനാണ്. ശങ്കരനാരായണന്‍ തമ്പി, എം.എന്‍. ഗോവിന്ദന്‍നായര്‍, തോപ്പില്‍ ഭാസി, എന്‍.ഇ. ബാലറാം, സി.ഉണ്ണിരാജ, തെങ്ങമം ബാലകൃഷ്ണന്‍, കേശവന്‍പോറ്റി സാര്‍ എന്നിവരുമായുള്ള കുടുംബപരമായ അടുപ്പം ആദര്‍ശാത്മകജീവിതത്തോട് മമതയുണ്ടാകാന്‍ കാരണമായി. പിന്നീട് എ.ഐ.വൈ.എഫ്. കൊല്ലം ജില്ലാകമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. ആലപ്പുഴ ജില്ലാപ്രസിഡന്റായിരുന്നു. കവിയരങ്ങുകളിലും സാംസ്‌കാരികരംഗത്തുമൊക്കെ സജീവമായിരുന്നു. യുവകലാസാഹിതി, ഇപ്റ്റ എന്നീ സംഘടനകളില്‍ സംസ്ഥാനഅംഗമായിരുന്നു. നിയമപഠനത്തിനുശേഷം മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജയിലിലെ സ്ത്രീത്തടവുകാര്‍ക്കുനേരെ പോലീസ് നടത്തുന്ന ലൈംഗികാതിക്രമം, ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കുംനേരെയുള്ള പോലീസ് അതിക്രമങ്ങള്‍ തുടങ്ങിയവയിലൊക്കെ ഇടപെട്ടിട്ടുണ്ട്. മനുഷ്യാവകാശ ഏകോപനസമിതിയുടെയും സാംസ്‌കാരിക നവോത്ഥാനവേദിയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു.

വായന, എഴുത്ത്, പോസ്റ്റ് മാര്‍ക്സിയന്‍ സംവാദങ്ങള്‍, പരിസ്ഥിതിചര്‍ച്ചകള്‍... പിന്നീട് നിശ്ശബ്ദതയുടെ കാലമായിരുന്നു. 26 വര്‍ഷം സജീവസാന്നിധ്യമായിരുന്ന മണ്ണില്‍നിന്ന് വിടചൊല്ലി വിവാഹശേഷം അപരിചിതമായ ഭൂമികയിലേക്ക് വന്നു. യു.എസില്‍ എത്തിയതില്‍പ്പിന്നെ കൈക്കുടന്നയിലെ തീര്‍ഥജലംപോലെ നിര്‍മലരായ ഒരു കൂട്ടം പ്രവാസികള്‍ കാലദേശങ്ങളില്ലാതെ എന്നോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ഈ നോവല്‍ എഴുതുമ്പോള്‍ സ്വപ്നവും ഉന്മാദവും കൂടിക്കുഴഞ്ഞതായിരുന്നു എനിക്ക് ജീവിതം.

നവവധുവായി ഇവിടെ വന്നപ്പോള്‍ ഭീതിയായിരുന്നു. ഒരു ശിശുവിനെപ്പോലെയായിരുന്നു പ്രവാസത്തിന്റെ ആദ്യനാളുകള്‍. ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്ത് എത്തിപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതായിരുന്നു. ഏകാന്തത. ആശയപരവും പ്രത്യയശാസ്ത്രപരവുമായ ആന്തരികസംഘര്‍ഷം. ഒറ്റക്കിരുന്ന് പൊട്ടിക്കരയുമായിരുന്നു. ഒന്നും ചെയ്യാനില്ല. എത്രനാളിങ്ങനെ ജീവിക്കും? ഭ്രാന്തുപിടിക്കുന്നു. ആകാശത്തേക്ക് നോക്കിയിരിക്കുക പതിവായി. ഓരോ രാത്രിയിലും സ്വപ്നത്തില്‍ അമ്മ എന്റെ അരികില്‍ കരഞ്ഞുനില്‍ക്കുന്നത് കാണുമായിരുന്നു. അമ്മ എന്നെ ഒരു അഞ്ചുവയസ്സുകാരിയെപ്പോലെയായിരുന്നു സ്നേഹിച്ചത്. ഒരു ദിവസംപോലും അമ്മയെ കാണാതെ എനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മ മരിക്കുന്ന ദിവസം ഞാന്‍ ആത്മഹത്യചെയ്യുമെന്ന് അമ്മയോട് എപ്പോഴും പറയുമായിരുന്നു. പതിനൊന്നാം വയസ്സില്‍ വെര്‍ജിനിയ വൂള്‍ഫിന് ആദ്യം ഭ്രാന്തുവന്നത് അമ്മ മരിച്ചുകിടക്കുന്നത് കണ്ടപ്പോഴാണ്. ഇംഗ്ലീഷ് സാഹിത്യം അമ്മ നന്നായി വായിച്ചിരുന്നു. കവിതയും എഴുതുമായിരുന്നു. അമ്മയുടെ നിരന്തരമായ സമ്മര്‍ദംമൂലമാണ് ഞാന്‍ എഴുത്ത് തുടങ്ങിയതുതന്നെ.

കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്

പ്രത്യയശാസ്ത്രവും പ്രയോഗവും തമ്മിലുള്ള അന്തരം അഥവാ വൈരുദ്ധ്യം അനുദിനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലൂടെയാണ് ഇടതുപക്ഷം കടന്നുപോകുന്നത്. തങ്ങള്‍ എന്തിനെയൊക്കെയാണോ എതിര്‍ത്തിരുന്നത്, അതൊക്കെ നടപ്പാക്കാന്‍ നിര്‍ബന്ധിതരാവുന്നു. സാമൂഹികവികാസപ്രക്രിയയില്‍ സുപ്രധാന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍പോലും ലാഭാധിഷ്ഠിത കമ്പോളവ്യവസ്ഥയുടെ നടത്തിപ്പുകാരായി മാറേണ്ടിവന്നു. ജനകീയതാത്പര്യവും പൊതുസമൂഹത്തിന്റെ ക്ഷേമവും മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇങ്ങനെ നവലോകക്രമത്തിന്റെ ഭാഗമായി സ്വയം പരിണമിക്കുന്ന ഇന്നത്തെ ഇടതുപക്ഷത്തെ, അങ്ങനെ അഭിസംബോധന ചെയ്യുന്നതുപോലും ശരിയാണോ എന്ന കാര്യം പുനഃപരിശോധിക്കേണ്ടതാണ്.

മഗ്ദലീനയെന്ന അനുഭവം

രണ്ടായിരം വര്‍ഷത്തിനുമുമ്പുള്ള മഗ്ദലീനയും 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ലക്ഷ്മിയും തമ്മില്‍ എങ്ങനെ സംവദിക്കും എവിടെ കണ്ടുമുട്ടും എന്ന ചിന്ത വളരെക്കാലം അലട്ടിയിരുന്നു. അതിനായിമാത്രം പല മഹത്തായ കൃതികളും വായിച്ചു. നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്: മഗ്ദലീനേ, നിന്റെ ജീനില്‍ ഇരുപത്തിമൂന്നാമത്തെ വംശാവലിയില്‍ പിറന്ന നിന്റെ സഹോദരിയാണ് ലക്ഷ്മി. രണ്ടായിരം വര്‍ഷത്തിനുശേഷംനിന്നെ അറിയാന്‍, നിന്റെ ജനിതകഗോവണിയിലൂടെയാണ് ഞാന്‍ നിന്നെ തേടിയെത്തിയിരിക്കുന്നത്. ജെറുസലേം ദേവാലയത്തിന്റെ ഇടവഴിയിലൂടെ, ജൂദിയ മരുഭൂമിയുടെ വരണ്ട വന്യതയിലൂടെ, സ്വപ്നത്തിന്റെ ചിറകേറി ഞാന്‍ പറന്നു നടന്നപ്പോള്‍ മഗ്ദലീനേ, നിന്റെ മുഖം എന്നില്‍ തെളിഞ്ഞുനിന്നു. പിന്നീട് എന്റെ വിഹ്വലസ്ത്രീത്വത്തിന്റെ ദശാസന്ധികളില്‍ നീയെന്നില്‍ മിന്നിമറഞ്ഞു. മഗ്ദലീനയുടെ ജീവിതവുമായി എന്റെ ജീവിതത്തിന് വളരെയേറെ സാമ്യമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഇരുണ്ട മുറിയില്‍ നിന്റെ ശബ്ദത്തിനായി ഞാന്‍ തപസ്സിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നുകഴിഞ്ഞു.

അവസാനം മഗ്ദലീന ശബ്ദമായി എന്നിലേക്ക് വന്നു. എന്റെ മനസ്സും ശരീരവും ആ ശബ്ദത്തിലേക്ക് ചേര്‍ത്തുവെച്ചു. എത്രയോ കാലമായുള്ള കഠിനമായ ആത്മാന്വേഷണത്തിന്റെ ഒടുവില്‍. ദീര്‍ഘകാലം ധ്യാനനിരതമായ ഒരവസ്ഥ പരിശീലിച്ചു. ബോധത്തിലും അബോധത്തിലും മഗ്ദലീന മാത്രമായി. പ്രകൃതിയുമായി കൂടുതല്‍ അടുത്തു. ഓക്ക് മരങ്ങള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. നോവല്‍ അവസാനിക്കുമ്പോള്‍ മഗ്ദലീനയെപ്പോലെ ലക്ഷ്മിയും ഹിമാലയത്തില്‍ എത്തുന്നുണ്ട്. എങ്ങും മനുഷ്യരില്ല. മഹാപര്‍വതത്തിനുമുന്നില്‍ നമ്രതയോടെനിന്നു. ബോധസീമയ്ക്ക് അപ്പുറംകടക്കാന്‍ ശൂന്യസ്ഥലവും നിശ്ശബ്ദതയും ആവശ്യമാണ്. പക്ഷേ, സ്വന്തം കാര്യത്തില്‍ നിരന്തരം ജാഗ്രത്തായിരിക്കുന്ന മനസ്സിന് എങ്ങനെ നിശ്ശബ്ദമാകാന്‍ കഴിയും? ശബ്ദം നിലയ്ക്കുമ്പോഴുള്ള നിശ്ശബ്ദതമാത്രമേ നമുക്കറിയൂ. പക്ഷേ, അതല്ല നിശ്ശബ്ദത എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറഞ്ഞതോര്‍ത്തുപോയി. നിശ്ശബ്ദത സ്നേഹംപോലെയും സൗന്ദര്യംപോലെയും ഒരാത്മീയാനുഭവമാണ്.

ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. കാഴ്ചകളില്‍നിന്ന് രക്ഷപ്പെടുകയാണോ? അല്ല. കൂടുതല്‍ കാഴ്ചകള്‍ക്കായി ഉള്‍ക്കണ്ണ് തുറക്കുകയാണ്. മനസ്സില്‍ ശാന്തി നിറയുന്നു. ഭൗതികതയില്‍നിന്ന് അതിഭൗതികതയിലേക്ക്, സ്വാതന്ത്ര്യത്തോടടുക്കുകയാണ്. മുന്നില്‍ ഹിമവാന്‍ നിശ്ചലം നില്‍ക്കുന്നു. അലഞ്ഞുനേടിയ അറിവും അക്കാദമിക് അറിവും ഭാരമായി ചുമലില്‍ തൂങ്ങുന്നു. ഇനി ഒന്നും പേറാന്‍ വയ്യ.ആ ഭാരമത്രയും ഒരു ഭാണ്ഡത്തിലാക്കി മലകള്‍ക്കുമേലെ, മേഘങ്ങള്‍ക്കുമേലെ വലിച്ചെറിഞ്ഞു. ഇപ്പോള്‍ എനിക്ക് ഒട്ടും ഭാരമില്ല. സ്വയം കറങ്ങുംപോലെ. അതോ കാഴ്ചകള്‍ എനിക്കുചുറ്റും കറങ്ങുകയാണോ? സര്‍വഗ്രഹങ്ങളും എന്നിലേക്ക് കറങ്ങി വരുന്നു. കറങ്ങുന്ന ഭൂമിക്കുമുകളില്‍ ഞാന്‍ നിശ്ചലം നിന്നു. ഇനി ഞാന്‍ കാലത്തിനടിയിലാകും. ചരിത്രം മാന്തുന്നവരുടെ മുന്നില്‍ ഞാന്‍ ഫോസില്‍. രക്തവും മാംസവും കണ്ണുനീരുമില്ലാത്ത അസ്ഥിപഞ്ജരം. മാംസം മണ്ണുമായി ചേര്‍ന്ന് ഒരു മരമായി ഞാന്‍ വളര്‍ന്ന് തളിര്‍ക്കും. ശിശിരവും ഹേമന്തവും വസന്തവും ഗ്രീഷ്മവും ഇലയായുള്ള മരം. മഴവില്ല് പൂക്കളായി വിടരുന്ന മരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക