Image

മഴക്കെടുതി: സംസ്ഥാനത്തെ 444 വില്ലേജുകള്‍ ദുരന്തബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

Published on 14 August, 2018
മഴക്കെടുതി: സംസ്ഥാനത്തെ 444 വില്ലേജുകള്‍ ദുരന്തബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തെ 444 വില്ലേജുകളെ സര്‍ക്കാര്‍ ദുരന്തബാധിതമായി പ്രഖ്യാപിച്ചു. ആദ്യം പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്ക്‌ പുറമേ 251 വില്ലേജുകളെ കൂടി ദുരന്തബാധിതമായി പ്രഖ്യാപിക്കുകയാണെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം മുഖ്യമന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ രണ്ടു ദിവസത്തിലധികം വെള്ളംകെട്ടി നിന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ 10,000 രൂപ സഹായധനം നല്‍കും. പൂര്‍ണമായി വീട്‌ തകര്‍ന്നവര്‍ക്ക്‌ നാല്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഉരുള്‍പൊട്ടല്‍ മൂലമുള്ള ദുരന്തങ്ങള്‍ കാരണം സ്വന്തം ഭൂമിയില്ലാതായവര്‍ക്ക്‌ മൂന്ന്‌ മുതല്‍ അഞ്ച്‌ സെന്‍റ്‌ വരെ വാങ്ങുന്നതിന്‌ ആറ്‌ ലക്ഷം രൂപ നല്‍കും. ഇവര്‍ക്ക്‌ വീടുവയ്‌ക്കാന്‍ നാല്‌ ലക്ഷം രൂപ അധികമായും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസതുകയില്‍ നിന്നും കമ്മീഷന്‍ ഈടാക്കരുതെന്ന്‌ ബാങ്കിംഗ്‌ സമിതിയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെടും. മിനിമം ബാലന്‍സ്‌ ഇല്ലാത്ത അക്കൗണ്ടുകളില്‍ പണം സര്‍ക്കാര്‍ നിക്ഷേപിക്കുന്‌പോള്‍ ബാങ്കുകള്‍ പിഴ ചുമത്തിയാല്‍ ദുരന്തത്തില്‍പെട്ട പാവങ്ങള്‍ക്ക്‌ ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇത്‌ ഒഴിവാക്കാനാണ്‌ ബാങ്കിംഗ്‌ സമിതിയെ സര്‍ക്കാര്‍ സമീപിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആളുകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷന്‍ ഒഴിവാക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക്‌ പുതിയ രേഖകള്‍ ലഭിക്കുന്നതിന്‌ ഫീസ്‌ ഒഴിവാക്കും. രേഖകള്‍ നല്‍കുന്നതിന്‌ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സര്‍ക്കാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. രേഖകള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനാണ്‌ സര്‍ക്കാര്‍ അദാലത്തുകള്‍ നടത്തുന്നത്‌. സെപ്‌റ്റംബര്‍ മൂന്ന്‌ മുതല്‍ 15 വരെയായിരിക്കും സംസ്ഥാനത്തെ വിവിധ മേഖലകളില്‍ അദാലത്തുകള്‍ നടത്തുക. സെപ്‌റ്റംബര്‍ 30 വരെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ ഫീസില്ലാതെ പുതിയവ സ്വന്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. രേഖകള്‍ നഷ്ടപ്പെട്ടവര്‍ പുതിയതിന്‌ അപേക്ഷിക്കുന്‌പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ ഫീസ്‌ വാങ്ങാന്‍ പാടില്ല. അക്ഷയ കേന്ദ്രങ്ങളുടെ ഫീസ്‌ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക