Image

രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. നവയുഗത്തിന്റെ സഹായത്തോടെ അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.

Published on 14 August, 2018
രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. നവയുഗത്തിന്റെ സഹായത്തോടെ അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്‌പോണ്‌സറുടെ പിടിവാശി മൂലം അമ്മയുടെ മൃതദേഹം കാണാന്‍ പോലും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ച മലയാളി യുവതി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ അശ്വതിയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ദമ്മാമിലെ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയിട്ട് 17 മാസം കഴിഞ്ഞപ്പോഴാണ് അശ്വതിയുടെ അമ്മ ചന്ദ്രലേഖ ബ്രയിന്‍ ട്യൂമര്‍ പിടിച്ച് മരിച്ചത്. അമ്മയുടെ മൃതദേഹം അവസാനമായി കാണാന്‍ പോലും നാട്ടില്‍ പോകാന്‍ സ്‌പോന്‍സര്‍ സമ്മതിച്ചില്ല. കരാര്‍ കാലാവധിയായ രണ്ടു വര്‍ഷം കഴിയാത്തതിനാല്‍, വന്‍തുക നഷ്ടപരിഹാരം കെട്ടിവെച്ച്, സ്വന്തമായി വിമാനടിക്കറ്റും എടുത്താല്‍ മാത്രമേ പോകാന്‍ അനുവദിയ്ക്കൂ എന്ന നിലപാടിലായിരുന്നു സ്‌പോന്‍സര്‍. പാവപ്പെട്ട അശ്വതിയ്ക്ക് അതിനു കഴിയില്ലായിരുന്നു. ഒടുവില്‍ നാട്ടില്‍ പോകണ്ട എന്ന് തീരുമാനിച്ച്, കരാര്‍ കാലാവധി കഴിയാനായി അശ്വതി കാത്തിരുന്നു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അശ്വതി, സ്‌പോന്‌സറോട്  തന്നെ നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാന്‍  ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് അശ്വതി റിയാദിലെ സാമൂഹ്യപ്രവര്‍ത്തകനായ ഷാനവാസ് വഴി, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. മഞ്ജു അശ്വതിയുടെ സ്‌പോന്‌സറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല. അയാള്‍ ഒളിച്ചു കളിയ്ക്കുകയാണ് എന്ന് മനസ്സിലാക്കിയ മഞ്ജു, ഇന്ത്യന്‍ എംബസ്സിയുടെ അനുമതിപത്രത്തോടെ  സൗദി പോലീസില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചു. ദമ്മാം 91 പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്‌പോന്‍സറെ വിളിച്ച് സമ്മര്‍ദം ചെലുത്തിയപ്പോള്‍, സ്‌പോന്‍സര്‍ വഴങ്ങി. അശ്വതിയ്ക്ക് ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കി. 

എല്ലാവര്‍ക്കും നന്ദി പറഞ്ഞു അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: അശ്വതി

രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. നവയുഗത്തിന്റെ സഹായത്തോടെ അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക