Image

നീണ്ടൂരിലെ മീശ (സിബി കളരിക്കാട്ട്)

സിബി കളരിക്കാട്ട് Published on 14 August, 2018
നീണ്ടൂരിലെ മീശ (സിബി കളരിക്കാട്ട്)
വീക്കെന്‍ഡ് നോട്‌സ്-2

പാലായില്‍ നിന്നും നീണ്ടൂരേക്ക് അധികദൂരമൊന്നുമില്ല. ഒരു മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ്. അതിരമ്പുഴ പള്ളിയുടെ മുന്നീന്ന് കൈപ്പുഴയും ഓണംതുരുത്തും കടന്നാല്‍ നീണ്ടൂരായി. അവിടെ നിന്നും കല്ലറ കഴിഞ്ഞാല്‍ വൈക്കം കായലായി. ഇതൊക്കെ ഏതൊരു പാലക്കാരനും ചിരപരിചിതമായ സ്ഥലങ്ങളാണ്. നീണ്ടൂര്‍ക്ക് തിരിയാതെ പെരുംതുരുത്ത് വഴി തണ്ണീര്‍മുക്കത്ത് എത്തി നല്ല കാരിയും കരിമീനും മേടിച്ച മടങ്ങുന്ന എത്രയോ പാലക്കാരെ എനിക്കറിയാം. നല്ല സൊകൊമ്പന്‍ മീന്‍ കിട്ടണമെങ്കില്‍ ഏതു കായലരികത്തും വല വിരിക്കാന്‍ പോകുന്നവരായിരുന്നു പാലാക്കാര്. എന്നാല്‍ ഇപ്പോള്‍ അതിനൊന്നും പറ്റുകേല, കായല്‍ മീന്‍ ഇഷ്ടം പോലെ അംബിക മാര്‍ക്കറ്റ് കഴിഞ്ഞാല്‍ കിട്ടും. ഞായറാഴ്ച പള്ളീന്ന് ഇറങ്ങീട്ട് ഒരൊറ്റ പോക്കങ്ങു പോയാ മതി, ഉച്ചയ്ക്ക് ഊണിനു മുന്നേ നല്ല വാളയോ, ചെമ്പല്ലിയോ ഒക്കെയായി തിരിച്ചു വീട്ടില്‍ കേറാം. കാര്യം മീന്‍ മേടിക്കാനുള്ള പോക്കാണെങ്കിലും കല്ലറയിലും നീണ്ടൂരിലും നല്ല ഷാപ്പുള്ളതാണ് ഈ പോക്കിന് അടിസ്ഥാനം.

ഇപ്പോ ഇതു പറയാനുള്ള കാരണം, നാട്ടില്‍ നടക്കുന്ന മീശ എന്ന നോവലിനെക്കുറിച്ചുള്ള വിവാദങ്ങളാണ്. മീശ എന്ന നോവലില്‍ പറയുന്ന എല്ലാ ദേശങ്ങളും നമുക്ക് സ്ഥിര പരിചിതങ്ങളാണ്. കോട്ടയത്ത് പാലാക്കാരുടെയും ഏറ്റുമാനൂരുകാരുടെയും നീണ്ടൂരുകാരുടെയും സ്വതസിദ്ധമായ ജീവിതാനുഭവങ്ങള്‍ അങ്ങനെ ത്‌നെ വരിച്ചിട്ടിരിക്കുകയാണ് നോവലില്‍. മീശയില്‍ പറയുന്ന കാര്യങ്ങളൊക്കെയും എന്റെ പൂര്‍വ്വികന്മാര്‍ക്ക് അനുഭവച്ചിട്ടുള്ളതാകുന്നു. അവര്‍ക്കും മുന്നേയുള്ള കാലത്ത് നീണ്ടൂരും ഓണംതുരുത്തും കൈപ്പുഴയും കല്ലറയും ഇന്നത്തേതു പോലെയൊന്നുമായിരുന്നില്ല. എല്ലാം പാടശേഖരങ്ങള്‍ മാത്രം. കണ്ണെത്താദൂരത്തോളം പാടങ്ങള്‍. ആ പാടങ്ങള്‍ കായലുകളെ തോല്‍പ്പിച്ചു, പലപ്പോഴും കായലേത്, പാടമേത് എന്നു പോലും അറിയാനാകാത്ത കാലത്ത് ഒരു തുരുത്തായിരുന്നു ഓണംതുരുത്ത്. ഇന്നിപ്പോ, അവിടെ തുരുത്തുമില്ല, പാടവുമില്ല. എല്ലായിടവും ജനവാസ കേന്ദ്രങ്ങള്‍. അങ്ങനെ, പാടവും വെള്ളവുമൊക്കെയുണ്ടായിരുന്ന കാലത്തെ കഥയാണ് മീശ എന്ന നോവലില്‍ ഉള്ളത്. എന്നാപ്പിനെ അതൊന്നു വായിച്ചു കളയാം എന്നു വിചാരിച്ചു പത്തു ഡോളര്‍ കൂടുതല്‍ കൊടുത്താണ് മീശ വരുത്തിച്ചത്.

വിചാരിച്ചതു പോലെയൊന്നുമല്ല, എഴുതുമ്പോള്‍ ഇങ്ങനയൊക്കെ എഴുതാമോ എന്നും അറിയില്ല. എന്തായാലും ഇച്ചിര അധികം ഇച്ചീച്ചി ഇതില്‍ ഉണ്ട്. അപ്പോള്‍ പിന്നെ നാട്ടില്‍ വിവരമുള്ളവര് ഇത് വായിച്ച് കത്തിക്കും വലിച്ചു കീറും കൂതറ എന്നൊക്കെ പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. മീശ വായിച്ചിട്ട് സുഹൃത്തുക്കുള്‍ക്ക് വേണമെങ്കില്‍ ശുപാര്‍ശ ചെയ്യും. വീട്ടില്‍ കൊണ്ടു പോകണമെങ്കില്‍ ഇച്ചിര പുളിക്കും. കാരണം, വീട്ടിലുള്ളവര്‍ ആരെങ്കിലും നമ്മളില്ലാത്തപ്പോ എടുത്തു വായിച്ചിട്ട്, ശേ- ഇവനൊക്കെ ഇതാണല്ലോ വലിയ വിവരമുള്ളവനാണെന്നു നടിച്ച് വായിക്കുന്നതെന്നു വിചാരിച്ച് നമുക്ക് മാര്‍ക്കിട്ടാല്‍ പിന്നെ തീര്‍ന്നു, ജീവിതം. ബൈബിളു പോലും ശരിയായി വായിക്കാന്‍ പറഞ്ഞാല്‍, എന്തൊരു വയറു വേദന എന്ന മട്ടില്‍ മുങ്ങുന്നവരാണ് ഒറ്റയിരുപ്പില്‍ മീശ വായിച്ചു തീര്‍ക്കുന്നത്.

എന്തായാലും ഒരു കാര്യമുണ്ട്. ഇതിലെ ചീത്ത പരാമാര്‍ശങ്ങള്‍ ഒക്കെ അവിടെ നിക്കട്ടെ, സത്യതസന്ധമായി പറഞ്ഞാല്‍ ഇത് ഏതൊരു പാലക്കാരനും നീണ്ടുകാരനും നെഞ്ചോടു ചേര്‍ത്തു വെക്കും. പ്രത്യേകിച്ച് അമേരിക്കയിലുള്ള ഈ ഭാഗത്തെ മലയാളികള്‍. കാരണം, അവര്‍ക്ക് ഇതൊരു ഗൃഹാതുരത്വം തന്നെയാണ്. അവര്‍ കണ്ട കാഴ്ചകള്‍ ഇങ്ങനെയായിരുന്നു. ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ ഇങ്ങനെയായിരുന്നു. അവര്‍ പൊതുസമൂഹത്തോട് ഇടപെട്ടത് ഇങ്ങനെയായിരുന്നു. അവര്‍ക്ക് ഇങ്ങനെയൊക്കെ പെരുമാറാനെ അറിയാമായിരുന്നുള്ളു. ആ നിലയ്ക്ക് മീശ വായിക്കുമ്പോള്‍ അതിലെ പരാമര്‍ശങ്ങളും ഡയലോഗുകളുമൊക്കെയും നമുക്ക് ഒഴിവാക്കാനാവുമായിരുന്നില്ലെന്നും മനസിലാക്കാം.

സത്യത്തില്‍, ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ല. കഥയല്ലേ, നോവല്‍ അല്ലേ, അല്ലാതെ ജീവചരിത്രമൊന്നുമല്ലല്ലോ. നമ്മുടെ അപ്പനും അപ്പൂപ്പനും ഇങ്ങനെയായിരുന്നു എന്നല്ലല്ലോ എഴുതി വച്ചിരിക്കുന്നത്. ചിലര്‍ ഭാവനയില്‍ നിന്ന് എഴുതുന്നു, അതിനെ ആ വിധത്തില്‍ കണ്ടാല്‍ പോരെ. നീണ്ടൂര്‍ എന്ന ദേശചരിത്രം കൃത്യമായ കണക്കില്‍ എഴുതിയിരിക്കുന്നുവെന്നാണ് മീശയുടെ വിജയമായി എനിക്കു തോന്നുന്നത്. 
എന്നാല്‍, നാട്ടിലുള്ളവര്‍ ഇതു വായിച്ചു കഴിഞ്ഞാല്‍ പിന്നെ വിവാദത്തിന്റെ പിന്നാലെയൊന്നും പോകില്ലെന്നും വാവച്ചനെയും ഇട്ടിച്ചനും അവറാച്ചനും കുഞ്ഞച്ചനുമായുള്ള ആ ലോകത്ത് അങ്ങ് വാഴുമെന്നും അറിയാം. ആ ഷാപ്പിലെ അന്തിക്കള്ളും തൊട്ടുനക്കാനുള്ള മീന്‍ കറിയുമൊക്കെയും അവിടേക്ക് ഇപ്പോ തന്നെ വിമാനം കയറിപ്പോയാലോ എന്ന മട്ടില്‍ ഭ്രമിപ്പിക്കുന്നു.

സാഹിത്യകൃതികള്‍ അധികം വായിക്കാത്ത ഒരു ശരാശരി മലയാളി എന്ന നിലയ്ക്ക്, ഇപ്പോള്‍ മീശ ചെയ്തു തന്ന ഒരു കാര്യമുണ്ട്. വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മീശ വായിച്ചു, ഇനിയും മറ്റു പലതും വായിക്കണമെന്ന അടങ്ങാത്ത തോന്നല്‍. അതിന് ഈ വിവാദങ്ങള്‍ തുണച്ചു. ഈ വിവാദമില്ലായിരുന്നുവെങ്കില്‍ ഒരിക്കലും മീശ വായിക്കില്ലായിരുന്നല്ലോ... ആ നിലയ്ക്ക് മീശ എഴുതിയ എസ്. ഹരീഷ് താങ്കള്‍ക്ക് നമോവാകം.


നീണ്ടൂരിലെ മീശ (സിബി കളരിക്കാട്ട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക