Image

കൂടംകുളം ആണവനിലയത്തിലെ വൈദ്യുതി പൂര്‍ണമായി തമിഴ്‌നാടിന് നല്‍കണമെന്ന് ജയലളിത

Published on 31 March, 2012
കൂടംകുളം ആണവനിലയത്തിലെ വൈദ്യുതി പൂര്‍ണമായി തമിഴ്‌നാടിന് നല്‍കണമെന്ന് ജയലളിത
ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായി തമിഴ്‌നാടിന് നല്‍കണമെന്ന് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യം ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. കൂടംകുളത്തെ രണ്ട് യൂണിറ്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്നാണ് ജയലളിതയുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം കേന്ദ്രപൂളില്‍ നിന്നും 1000 മെഗാവാട്ട് വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 100 മെഗാവാട്ട് മാത്രമേ നല്‍കിയുള്ളുവെന്നും ഇതാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് കാരണമായതെന്നും അവര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതിക്ഷാമത്തെ തുടര്‍ന്നാണ് ആവശ്യമെന്നും ഇത് തമിഴ്‌നാടിന് അര്‍ഹതപ്പെട്ടതാണെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.
നിലവില്‍ പ്ലാന്റില്‍ നിന്നും 925 മെഗാവാട്ട് വൈദ്യുതി മാത്രമാണ് തമിഴ്‌നാടിന് നല്‍കാന്‍ പദ്ധതിയുള്ളത്.

തമിഴ്‌നാടിന്റെ അഭ്യര്‍ഥന യാഥാര്‍ഥ്യമായാല്‍ കൂടംകുളത്തുനിന്നും കേരളത്തിന് ലഭിക്കുമെന്ന് കരുതുന്ന വൈദ്യുതി വിഹിതവും ഇല്ലാതാകും. 172 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് പ്ലാന്റില്‍ നിന്നും ലഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക