Image

ജിഎംഎഫ് പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു

Published on 15 August, 2018
ജിഎംഎഫ് പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്‍പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി. ജര്‍മനിയിലെ ഐഫലിലെ ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ഓഗസ്റ്റ് 11 ന് ജിഎംഎഫ് ഗ്‌ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജിഎംഎഫ് ഇക്കണോമിക് ഫോം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍ (ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. 

മാത്യു പാറ്റാനിയുടെ നേതൃത്വത്തിലുള്ള എഴംഗ ഗായകസംഘം പ്രാര്‍ഥനാ ഗാനം ആലപിച്ചു. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. പോള്‍ പ്‌ളാമൂട്ടില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

പ്രവാസികളുടെ നാട്ടിലെ സ്ഥാവരജംഗമ സ്വത്തുക്കളുടെ വ്യവഹാരങ്ങളും അതുമായി സംബന്ധിച്ചുള്ള അനുബന്ധ വിവരങ്ങളും ചേര്‍ത്ത് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ നടത്തിയ സെമിനാറും ചോദ്യോത്തര പംക്തിയും ഏറെ വിജ്ഞാനപ്രദമായി. തോമസ് മാത്യു(ബാബു ഹാംബുര്‍ഗ്) ചര്‍ച്ച നിയന്ത്രിച്ചു. തുടര്‍ന്ന് യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള അരേങ്ങേറി. ജര്‍മനിയിലെ പ്രശസ്ത കലാകാരനായ ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാ പ്രദര്‍ശനവും സംഗമത്തില്‍ ഒരുക്കിയിട്ടുണ്ട്.

അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് സംഗമത്തിന് തിരശീല വീഴും.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക