Image

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 31 March, 2012
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: ഫോര്‍ സ്റ്റാര്‍ പദവിയില്‍ കുറഞ്ഞ ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായിയാണ് രംഗത്ത് വന്നിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രാലയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്തയച്ചു.

ഇപ്പോഴത്തെ മദ്യനയം ടൂറിസം, ഹോട്ടല്‍ വ്യവസായങ്ങളെ തളര്‍ത്തുമെന്നും കേന്ദ്രമന്ത്രി കത്തില്‍ കുറ്റപ്പെടുത്തി. ഫോര്‍ സ്റ്റാറോ അതിലും ഉയര്‍ന്ന പദവിയോ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം. മദ്യ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു തീരുമാനം. എന്നാല്‍ ഇത് കേന്ദ്ര ടൂറിസം മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി സുബോദ് കാന്ത് സഹായ് ചൂണ്ടിക്കാട്ടുന്നു. എല്ലാത്തരം സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കണമെന്നാണ് ടൂറിസം മാര്‍ഗരേഖ. ഇതാണ് കേരളത്തിലും നടപ്പാക്കേണ്ടത്. ഇല്ലെങ്കില്‍ ടൂറിസം ഹോട്ടല്‍ മേഖലകള്‍ തകരുമെന്നും ഈ മാസം 25ന് മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നു.

മദ്യനയം മാറ്റണമെന്നവശ്യപ്പെട്ട് കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറലും ടൂറിസം സെക്രട്ടറിയും മൂന്നു കത്തുകള്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ചിരുന്നു. ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ടൂറിസം മന്ത്രി നേരിട്ട് കത്തയച്ചത്. കഴിഞ്ഞ ദിവസമാണ് 4 സ്റ്റാറില്‍ കുറഞ്ഞ ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക