Image

ഭയപ്പെട്ടിരിക്കുകയല്ല വേണ്ടത്, പകരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുക

Published on 16 August, 2018
ഭയപ്പെട്ടിരിക്കുകയല്ല വേണ്ടത്, പകരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുക

പ്രളയബാധയുടെ കനത്തപ്രഹരമേറ്റു നില്‍ക്കുകയാണ് കേരളം. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. എന്നാല്‍ ഈ സമയം ഭയപ്പെട്ടിരിക്കുകയല്ല വേണ്ടത്. പകരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

പേടിച്ചിരിക്കുന്ന കേരളത്തോട് ചില നിര്‍ദ്ദേശങ്ങള്‍

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളം അതീവ ഗുരുതരമായ ഒരു സാഹചര്യത്തെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്നലെവരെ ആളുകള്‍ പൊതുവെ ധൈര്യത്തില്‍ ആയിരുന്നുവെങ്കിലും രാത്രിയോടെ പത്തനംതിട്ടയിലും ആലുവയ്ക്കടുത്തും ആളുകള്‍ വീട്ടില്‍ കുടുങ്ങിയ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. ദുരന്തകാലത്ത് ജനങ്ങള്‍ക്കും സര്‍ക്കാരിനും ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ലോകത്തെ ഏറെ വെള്ളപ്പൊക്കങ്ങളും മറ്റു ദുരിതങ്ങളും കൈകാര്യം ചെയ്ത പരിചയത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗര്‍ബല്യമല്ല: ഇന്ത്യയിലെ ദുരന്തനിവാരണ സംവിധാനം ഏറെ വിഭവങ്ങളുള്ളതാണ്. ആര്‍മിയും നേവിയും എയര്‍ഫോഴ്‌സും ഉള്‍പ്പെട്ട സൈന്യം, ദുരന്തനിവാരണ സേന ഇവയെല്ലാം നമ്മുടെ വിളിപ്പുറത്തുണ്ട്. ഇവരുടെ എല്ലാം പരമാവധി സഹായം തേടുന്നതില്‍ ഒരു മടിയും വേണ്ട. 'First deploy and then withdraw if not needed' എന്ന തത്വമാണ് ഇപ്പോള്‍ ലോകത്ത് ദുരന്തനിവാരണ രംഗത്ത് ബെസ്റ്റ് പ്രാക്ടീസ് ആയി കരുതപ്പെടുന്നത്. പണ്ടൊക്കെ അത്യാവശ്യം വന്നാല്‍ മാത്രമേ മറ്റു സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാറുള്ളു. ഇപ്പോള്‍ അങ്ങനെയല്ല.

വ്യക്തിപരമായും ഇത് തന്നെയാണ് നിര്‍ദ്ദേശം. ബഹുഭൂരിപക്ഷം മലയാളികളും ദുരന്തങ്ങള്‍ ടി വിയില്‍ കണ്ട പരിചയം മാത്രം ഉള്ളവര്‍ ആണ്. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിച്ചാണ് നമുക്ക് ശീലം, സഹായം അഭ്യര്‍ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ദുരിതാശ്വാസ ക്യാംപിലേക്ക് പോകാനും ആളുകള്‍ക്ക് പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിന് മുകളില്‍ ഉള്ളവര്‍ക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരു പോലെ ആണ്. ദുരിതാശ്വാസം എന്നത് ആരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്.

2. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്: കേരളസമൂഹ മാധ്യമത്തിന്റെ ശാക്തീകരണത്താല്‍ കേരളത്തില്‍ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തില്‍ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ കണക്കു വച്ച്‌ നോക്കിയാല്‍ തന്നെ കേരളത്തിലെ ഒരു ശതമാനം ആളുകള്‍ പോലും ദുരിതാശ്വാസ ക്യാമ്ബുകളില്‍ ഇല്ല. ബന്ധുവീടുകളിലേക്ക് മാറിയിരിക്കുന്നവരുടെ എണ്ണം കൂട്ടിയാലും പത്തു ശതമാനത്തില്‍ കൂടില്ല. പത്തില്‍ ഒമ്ബത് മലയാളികളും ഇപ്പോഴും സഹായം നല്‍കാന്‍ കെല്‍പും താല്പര്യവും ഉള്ള സാഹചര്യത്തില്‍ ആണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംയോജിപ്പിച്ച്‌ ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാല്‍ മാത്രം മതി. നമ്മുടെ ഓരോ റെസിഡന്റ് അസോസിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ എന്താവശ്യപ്പെട്ടാലും അവര്‍ ചെയ്യാന്‍ സന്നദ്ധരാണ്. ദുരന്തകാലത്ത് എല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിവുണ്ടെങ്കില്‍ പോലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്. അതേ സമയം സഹായവുമായി മുന്നോട്ടു വരുന്നവരെ സര്‍ക്കാര്‍ അംഗീകാരം വേണം എന്നൊക്കെ പറഞ്ഞു കണ്‍ഫ്യൂഷനില്‍ ആക്കരുത്. ഈ ദുരന്തം സര്‍ക്കാരിന് മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്നതല്ല, സന്നദ്ധ സംഘടനകള്‍ക്ക് വലിയ പങ്കുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം പഴയ നിലയില്‍ ആകുമ്ബോള്‍ ഉറപ്പായും ഈ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംയോജിപ്പിക്കണം.

3. ജനങ്ങളോട് സംവദിക്കണം: വലിയ ദുരന്തസമയത്ത് എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പങ്കുവെക്കുന്നില്ലെന്ന ഭീതിയാണ് പലപ്പോഴും പരിഭ്രാന്തിയുണ്ടാക്കുന്നത്. എല്ലാ ദിവസവും രാവിലെ ദുരന്തനിവാരണ അതോറിറ്റിയുടെ മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ പതിനഞ്ചു മിനുട്ടെങ്കിലും കാണുക എന്നൊരു പതിവുണ്ടാക്കിയാല്‍ ഈ പ്രശ്‌നം പകുതി മാറും. 2015 ലെ ചെന്നൈ വെള്ളപ്പൊക്കം വഷളാകാന്‍ ഒരു കാരണം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജനങ്ങളില്‍ നിന്നും മാറിനിന്നതാണ്. ആവശ്യം വന്നാല്‍ ആകാശവാണിയും ദൂരദര്‍ശനും സമൂഹമാധ്യമങ്ങളും വഴി ജനങ്ങളോട് സംസാരിക്കണം.

4. ശരിയായ വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കണം: ദുരന്തസമയത്ത് ഓരോ നാലു മണിക്കൂറിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സിറ്റുവേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങള്‍ ദുരിത ബാധിതം ആണ്, എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു, മിസ്സിങ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്, എത്ര മാത്രം സൈന്യവും മറ്റുള്ള സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങള്‍ കൃത്യമായ ഇടവേളയില്‍ വരുമ്ബോള്‍ തട്ടിപ്പുകളും കിംവദന്തികളും ഇല്ലാതാകും. മാധ്യമങ്ങള്‍ക്ക് മാത്രമായി ഒരു ഹെല്‍പ് ഡെസ്‌ക് ഉണ്ടാക്കുന്നതും, ഓരോ ദിവസവും മാധ്യമങ്ങള്‍ക്ക് സാങ്കേതിക വിദഗ്ദ്ധര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതും നല്ല പ്രാക്ടീസ് ആണ്.

5. മറുനാട്ടുകാര്‍ക്ക് വിവരങ്ങളും സഹായവും: തല്‍കാലം കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വര്‍ത്തകളൊക്കെയും മലയാളത്തിലും ഇംഗ്ലീഷിലുമാണ്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മള്‍ നല്‍കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ ബംഗാളിയോ ഒറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകള്‍ അറിയാവുന്നവരുടെ ഒരു സന്നദ്ധസേന രൂപീകരിക്കണം. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കൂടി സഹായം നല്‍കാന്‍ കഴിവുള്ളവരെ കണ്ടുപിടിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക