Image

വാജ്‌പേയിയുടെ സംസ്‌കാരം നാളെ ഒന്നരയ്ക്ക് സ്മൃതി സ്ഥലില്‍; ഏഴ് ദിവസത്തെ ദുഃഖാചരണം

Published on 16 August, 2018
 വാജ്‌പേയിയുടെ സംസ്‌കാരം നാളെ ഒന്നരയ്ക്ക് സ്മൃതി സ്ഥലില്‍; ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 16 മുതല്‍ ഈ മാസം 22 വരെയായിരിക്കും ഔദ്യോഗിക ദുഃഖാചരണം. ഇക്കാലയളവില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ പരിപാടികളെല്ലാം റദ്ദാക്കി. മുതിര്‍ന്ന നേതാവിനോടുള്ള ആദരസൂചകമായി ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗവും മാറ്റിവച്ചു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

രണ്ട് മാസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന എ.ബി വാജ്‌പേയി വൈകുന്നേരം അഞ്ച് മണിയോടെയാണ് അന്തരിച്ചത്. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതും ന്യുമോണിയ ബാധയുമാണ് മരണകാരണം. ഡല്‍ഹിയ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം നടപടികള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കൃഷ്ണ മേനോന്‍ മാര്‍ഗിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകിട്ട് കൃഷ്ണ മേനോന്‍ മാര്‍ഗിലെ വസതിയിലായിരിക്കും പൊതുദര്‍ശനം.

നാളെ രാവിലെ ഒന്‍പത് മണിയോടെ ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തില്‍ വാജ്‌പേയിയുടെ ഭൗതിക ശരീരം എത്തിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് രാജ്ഘട്ടിലെ സ്മൃതി സ്ഥലില്‍ സംസ്‌കാരം നടക്കും. മുന്‍ രാഷ്ട്രപതിമാരും മുന്‍ ഉപരാഷ്ട്രപതിമാരും മുന്‍ പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി സ്ഥലില്‍ വാജ്‌പേയിയുടെ സംസ്‌കാരത്തിനായി ഒന്നര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചു.

 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരും, കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക