Image

ചെറിയ മുന്‍കരുതലെങ്കിലും നമുക്കും ചെയ്യാന്‍ സാധിക്കും

Published on 16 August, 2018
ചെറിയ മുന്‍കരുതലെങ്കിലും നമുക്കും ചെയ്യാന്‍ സാധിക്കും

Sabir Engattil-FB
പ്രളയ ദുരന്തമുഖത്ത് വീടുപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയെ മുഖാമുഖം കാണുകയാണ് ഇന്ന് നമ്മില്‍ പലരും...

ഇത് നമ്മള്‍ കടല്‍ ജോലിക്കാര്‍ അഭീമുഖീകരിക്കാറുള്ള അബാന്‍ഡന്‍ ഷിപ് സാഹചര്യത്തോട് ഏതാണ്ട് സാമ്യമുള്ള അവസ്ഥയാണ്. അവിടെ സര്‍വ്വസജജമായ ലൈഫ് ബോട്ട്, ലൈഫ് റാഫ്റ്റ്, ലൈഫ് ജാക്കറ്റ്, ഫുഡ്, റേഷന്‍ അടക്കം കിറ്റുകളും എസ്‌കേപ് ടൂളുകളും പരിചയസമ്പന്നരായ ആളുകളും ലഭ്യമായിരിക്കും എന്നതാണ് വ്യത്യാസം.

എങ്കിലും വീടുപേക്ഷിക്കേണ്ടി വരുന്ന ഈ അവസരത്തില്‍ സാധ്യമായ ചെറിയ മുന്‍കരുതലെങ്കിലും നമുക്കും ചെയ്യാന്‍ സാധിക്കും. വീടിന്റെ മുകള്‍ നിലയിലേക്കോ മേല്‍ക്കൂരയിലേക്കോ കയറുന്നതിന് മുമ്പ്... അത്യാവശ്യം സാധനങ്ങളും കൂടെ കരുതാന്‍ മറക്കാതിരിക്കുക. ബോട്ട് / ഹെലി ലിഫ്റ്റ് സഹായങ്ങള്‍ എത്താന്‍ എത്ര സമയം എടുക്കും എന്നറിയില്ലല്ലോ. അതു കൊണ്ട് ഒന്നോ രണ്ടോ ക്യാന്‍ കുടി വെള്ളം ബിസ്‌കറ്റ്, അവില്‍, ബ്രെഡ് പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ടെങ്കില്‍ അവ...

മറ്റൊരു കാര്യം പ്രധാനമായും ശ്രദ്ധിക്കേണ്ടത്... വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ സെറ്റുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ധരിക്കുക എന്നതാണ്. കുട്ടികളെയും ഇങ്ങനെ ധരിപ്പിക്കാന്‍ ശ്രമിക്കുക. ഇത് തണുപ്പില്‍ നിന്നും വെള്ളത്തില്‍ ഒഴുകിവരുന്ന ജലജീവികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. കൂടാതെ അത്യാവശ്യം ഉറപ്പും നീളവുമുള്ള ഒരു കയര്‍, ഒരു കത്തി, അത്യാവശ്യം നീളമുള്ള ഒരു കമ്പ്/ വടി. സാധിക്കുമെങ്കില്‍ ഫ്‌ലോട്ട് ആയി ഉപയോഗിക്കാന്‍ പറ്റുന്ന ഒഴിഞ്ഞ കന്നാസുകള്‍ ഇവയൊക്കെ താഴെ നിലയില്‍ വെള്ളം ഉയരുന്നതിന് മുമ്പേ തന്നെ മുകളില്‍ എത്തിക്കുക. എമര്‍ജന്‍സി / ടോര്‍ച്ച് (ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോളാര്‍ ടൈപ്പൊക്കെയാണെങ്കില്‍ ഉത്തമം) മൊബെയില്‍ ഫോണുകള്‍ ഇവയൊക്കെയാണ് അത്യാവശ്യം കരുതേണ്ടത്. ബാന്‍ഡേജ് പോലുള്ള ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍ ഉണ്ടെങ്കില്‍ അവയും. വെള്ളം നനയാതെ മരുന്നുകളും മറ്റും സൂക്ഷിക്കാന്‍ പറ്റിയ പ്ലാസ്റ്റിക് കവറുകളും കരുതുക.

വീടിനു മുകളില്‍ എത്തി വീട് വിടേണ്ടി വരും എന്ന് ഏതാണ്ട് തീരുമാനമായാല്‍ ഹെല്‍പ്പ് നമ്പറുകളില്‍ വിളിക്കാന്‍ മടിക്കരുത്. അതോടൊപ്പം തന്നെ ഫോണ്‍ ബാറ്ററി തീരുന്നതിന് മുമ്പേ തന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം നമ്മുടെ പൊസിഷന്‍ / ലൊക്കേഷന്‍ മറ്റുള്ളവരെ അറിയിക്കുക എന്നതാണ്... അതിന് സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ GPS ഓണ്‍ ചെയ്ത് ഗൂഗിള്‍ മാപ്പില്‍ നിന്ന് സ്വന്തം പൊസിഷന്‍ കോപ്പി ചെയ്ത് തങ്ങളുടെ ബന്ധുക്കള്‍ക്കും വാട്ട്‌സാപ് / ഫേസ്ബുക് കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കും അയച്ചിടുക. കൂടെ ലാന്‍ഡ്മാര്‍ക്കുകളും അവസ്ഥയും ചുരുക്കി വിവരിച്ച് കൊണ്ട് സമയസഹിതം ഒരു വോയ്‌സ് ക്ലിപ്പും.

ഇനി സഹായം എത്താന്‍ വൈകുകയും വെള്ളം റൂഫും കവിഞ്ഞ് വീടുപേക്ഷിക്കേണ്ടി വരികയുമാണെങ്കില്‍ ഒരിക്കലും വെള്ളത്തിലേക്ക് ഒറ്റക്കൊറ്റയ്ക്ക് എടുത്ത് ചാടി നീന്താന്‍ ശ്രമിക്കരുത്. നേരത്തെ പറഞ്ഞ ഒഴിഞ്ഞ കന്നാസുകള്‍ ഫ്‌ലോട്ട് ആക്കി നിന്തല്‍ അറിയാത്ത കുട്ടികളെയൊക്കെ കൂട്ടിപ്പിടിച്ച് ശരീരതാപം നഷ്ടപ്പെടാതെ കൂട്ടം തെറ്റാതെ വേണം ഏറ്റവും അടുത്ത സുരക്ഷിത സ്ഥലം ലക്ഷ്യമാക്കാന്‍. ഊര്‍ജ നഷ്ടം, ശരീരതാപം എന്നിവ നഷ്ടപ്പെടുന്ന വിധത്തില്‍ നീന്തിക്കയറാന്‍ ഒരിക്കലും ശ്രമിക്കരുത്.... കിട്ടുന്ന തടിക്കഷ്ണമോ മറ്റെന്തെങ്കിലും ഫ്‌ലോട്ടുകളോ ഉപയോഗിക്കാന്‍ ബുദ്ധിപൂര്‍വ്വം ശ്രമിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച് ഒരിക്കലും പാനിക് ആകാതെ സാഹചര്യം പഠിച്ച് ഗ്രൂപ്പില്‍ ഒരാള്‍ സ്വയം നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക