Image

ജലനിരപ്പുയരുന്നു; കുട്ടനാട്ടില്‍ നിന്നും ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു

Published on 17 August, 2018
ജലനിരപ്പുയരുന്നു; കുട്ടനാട്ടില്‍ നിന്നും ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു
ശക്തമായ മഴ തുടരുന്നതിനിടയിലും ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കുട്ടനാട്ടിലെ വിവിധ പ്രദേങ്ങളില്‍ നിന്നും ആയിരത്തോളം പേരെ ആലപ്പുഴയിലെത്തിച്ചു. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തി. പലയിടത്തും ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്.
രണ്ട് ദിവസമായി വീടുകളില്‍ ഒറ്റപ്പെട്ടു കിടന്നപ്പോള്‍ ഗതികേടുകൊണ്ട് മാത്രം പോന്നവര്‍. രോഗികളും, വൃദ്ധരും, കൈക്കുഞ്ഞുങ്ങളും, പലര്‍ക്കും ബന്ധുവീടുകള്‍ തന്നെ ആശ്രയം. രാവിലെ 6.30 യോടെ തന്നെ കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കൈനകരി, നെടുമുടി, ചമ്ബക്കുളം, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 1000 ത്തിലധികം പേരെയാണ് ആലപ്പുഴയിലെത്തിച്ചത്.
ഇനിയും 200 ഓളം കുടുംബങ്ങളെ മാറ്റാനുണ്ട്. ഇന്നലെയും ഇന്നുമായി നെടുമുടിയില്‍ മൂന്നിത്ത് മട വീണു. നെടുമുടി കൊട്ടാരം സ്‌കൂളിലെ ക്യാമ്ബില്‍ വെള്ളം കയറി. ദുരന്ത നിവാരണ സേനയുടെ അഞ്ചുസംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിച്ചു. രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്നം ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. വേമ്ബനാട്ടു കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.
തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയതിനാല്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭനമുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ 500 ഓളം കുടുംബങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ജലനിരപ്പുയരുന്നതിനാല്‍ കുട്ടനാട്ടില്‍ മടവീഴ്ചയും വ്യാപകമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക