Image

പ്രളയമെടുത്തത് 200 ജീവനുകള്‍, വീടുവിട്ടവര്‍ മൂന്നു ലക്ഷം, ദുരിതം നേരിടുന്നത് 25 ലക്ഷം പേര്‍ (അജീഷ് ചന്ദ്രന്‍)

Published on 17 August, 2018
പ്രളയമെടുത്തത് 200 ജീവനുകള്‍, വീടുവിട്ടവര്‍ മൂന്നു ലക്ഷം, ദുരിതം നേരിടുന്നത് 25 ലക്ഷം പേര്‍ (അജീഷ് ചന്ദ്രന്‍)
സമീപകാലത്ത് ലോകത്തൊരിടത്തു നിന്നും കേള്‍ക്കാത്ത പ്രളയവാര്‍ത്തകള്‍ക്കാണ് കേരളം ഇന്നു സാക്ഷിയാവുന്നത്. ഒരിടത്തു വെള്ളമിറങ്ങുമ്പോള്‍ മറ്റൊരിടം മുങ്ങുന്നു. എവിടെയും വാവിട്ട നിലവിളികളും ദുരിതകഥകളും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതം മാത്രം. 

മൂന്നു ലക്ഷത്തോളം പേര്‍ വിവിധയിടങ്ങളില്‍ ഒരുമിച്ച് കിടക്കുന്നു. മൂന്നു നേരം കഴിക്കാനുള്ളത് കിട്ടുന്നുവെന്നതു സത്യം. മൂത്രമൊഴിക്കാന്‍ പോലും മതിയായ സൗകര്യങ്ങളില്ലാതെ, എല്ലാ സ്വകാര്യതകളും നഷ്ടപ്പെട്ട് സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ ആണും പെണ്ണുമൊക്കെ വൃത്തിയുണ്ടെന്നു പറയാമെന്ന വെറും നിലത്ത് കിടക്കുന്നു. തണുത്തു വിറങ്ങലിച്ചു രോഗികളും പ്രായമായവരും ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും കിടക്കുന്നതു കാണുമ്പോള്‍ ഹൃദയം പിടയുന്നു. രാത്രിയിലെ തണുപ്പില്‍, മാറാ രോഗങ്ങളുടെ പേടിയില്‍, ഉള്ളതെല്ലാം നഷ്ടപ്പെട്ട് കേരളത്തിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ കിടപ്പ്. എല്ലാം മൊബൈല്‍ ഫോണാണ് എന്ന ധാരണയോടെ കഴിഞ്ഞവര്‍ക്ക് അതിന്ന് പ്രയോജനരഹിതമായ ഉപകരണമായിരിക്കുന്നു. 

നെറ്റ്വര്‍ക്ക് ഇല്ല, ഫോണ്‍ ബാലന്‍സില്ല, കോള്‍ വിളിക്കാനാവുന്നില്ല, വിളിച്ചാല്‍ കിട്ടുന്നില്ല. ഉറ്റവരും ഉടയവരും എവിടെയെന്നും ആര്‍ക്കും അറിയാനാവുന്നില്ല. കേരളത്തില്‍ പ്രളയത്തില്‍ നനയാത്തവരായി ചുരുക്കം ചിലര്‍ മാത്രം. എന്നാല്‍ അവരുടെ ഹൃദയവും കണ്ണുകളും നനഞ്ഞു പോകുന്നു. ഇതുവരെ മരിച്ചത് 200 പേരാണ്, കാണാതായവര്‍ 100 നു മുകളില്‍ വരും. 

അതിഭീകരമാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മഴ മാറുന്നതിന്റെ സൂചനകളുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഉരുള്‍പൊട്ടാമെന്ന അവസ്ഥ. രാത്രിയില്‍ സ്വസ്ഥതയോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ. സഹായിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍, മൂന്നു ദിവസം തുടര്‍ച്ചയായി പെയ്താല്‍ തീരാവുന്നതേയുള്ളു കെട്ടിപ്പൊക്കിയിരിക്കുന്ന എല്ലാ മണിസൗധങ്ങളും എന്നു തിരിച്ചറിഞ്ഞതോടെ, നിസഹായതോടെ കരിമ്പടത്തിനുള്ളിലാണ് മലയാളികള്‍ ഇപ്പോള്‍. എവിടേക്കു പോകണമെന്നും എന്തു ചെയ്യണമെന്നുമറിയാത്ത അവസ്ഥ.

ഒരു നില മാത്രമുള്ളവരുടെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ രണ്ടാം നിലയുടെ മുകളില്‍ നിന്ന് അതു കണ്ട് ആസ്വദിച്ചവര്‍, രണ്ടാം ദിവസം നേവിയുടെ ഹെലികോപ്റ്ററിനു വേണ്ടി വാവിട്ടു നിലവിളിക്കുന്ന കാഴ്ച മനുഷ്യന്റെ തിരിച്ചറിവിനു നിദാനമായി. രണ്ടു ദിവസം പട്ടിണി കിടന്നതോടെ, വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും മനസ്സിലായി.

ഇനി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയാലും മുങ്ങിയ വീട് എന്നത് വീടാക്കി മാറ്റാന്‍ എത്ര ദിവസം കഷ്ടപ്പെടേണ്ടി വരുമെന്ന വേവലാതിയിലാണ് ഓരോരുത്തരും. പ്രാര്‍ത്ഥകനകള്‍ക്കു നടുവില്‍, എല്ലാ മനുഷ്യരും ഒന്നു തന്നെയെന്ന് ഇപ്പോള്‍ ദുരിതപ്രളയത്തില്‍ മലയാളിക്ക് മനസ്സിലായി. അവിടെ ആണും പെണ്ണുമില്ല, ജാതിയും മതവുമില്ല, കറുത്തവനും വെളുത്തവനുമില്ല, കാശുള്ളവനും ഇല്ലാത്തവനുമില്ല. എല്ലാവരും ഒന്ന്, മരണത്തിനു മുന്നിലും ആര്‍ത്തലച്ചു വരുന്ന പ്രളയത്തിനു മുന്നിലും...
പ്രളയമെടുത്തത് 200 ജീവനുകള്‍, വീടുവിട്ടവര്‍ മൂന്നു ലക്ഷം, ദുരിതം നേരിടുന്നത് 25 ലക്ഷം പേര്‍ (അജീഷ് ചന്ദ്രന്‍)പ്രളയമെടുത്തത് 200 ജീവനുകള്‍, വീടുവിട്ടവര്‍ മൂന്നു ലക്ഷം, ദുരിതം നേരിടുന്നത് 25 ലക്ഷം പേര്‍ (അജീഷ് ചന്ദ്രന്‍)പ്രളയമെടുത്തത് 200 ജീവനുകള്‍, വീടുവിട്ടവര്‍ മൂന്നു ലക്ഷം, ദുരിതം നേരിടുന്നത് 25 ലക്ഷം പേര്‍ (അജീഷ് ചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക