Image

ഞാന്‍ ഇപ്പോഴും പരിഭ്രാന്തന്‍ അല്ല:കാരണമുണ്ട് (മുരളി തുമ്മാരുകുടി)

Published on 17 August, 2018
ഞാന്‍ ഇപ്പോഴും പരിഭ്രാന്തന്‍ അല്ല:കാരണമുണ്ട് (മുരളി തുമ്മാരുകുടി)
കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തില്‍ സുപ്രധാനമായ ഒരു ദിവസമാണ് നാളെ. വെള്ളം ഇനിയും ഇറങ്ങി തുടങ്ങിയിട്ടില്ല, മൂന്നു ദിവസമായി ഔദ്യോഗിക സംവിധാനങ്ങളില്‍ ഉള്ളവര്‍ പകലും രാത്രിയും വിശ്രമമില്ലാതെ ജോലിയെടുക്കുകയാണ്. നേവിയും എയര്‍ ഫോഴ്‌സും ദുരന്ത നിവാരണ സേനയും കൂടുതല്‍ വിഭവങ്ങള്‍ എത്തിച്ചുവെങ്കിലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തില്‍ ആയിട്ടില്ല. രണ്ടാമത്തെ രാത്രി ആയിട്ടും രക്ഷപെടുത്താത്തവരും, ഒരിക്കല്‍ രക്ഷാകാമ്പിലേക്ക് മാറിയിയതിന് ശേഷം വീണ്ടും മാറേണ്ടി വരുന്നവര്‍ക്കും പരിഭ്രാന്തി കൂടുകയാണ്. ആര്‍മിയെ വിളിക്കണം എന്ന ആവശ്യം ഉയരുന്നു. ദുരന്തനിവാരണത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന ഒത്തൊരുമ കുറയുന്നു, വീടുകളിലും കടകളിലും സാധനങ്ങള്‍ കുറയുന്നു, അല്ലെങ്കില്‍ തീരുന്നു, കക്കൂസുകള്‍ നിറഞ്ഞു കവിയുന്നു അല്ലെങ്കില്‍ കക്കൂസുകള്‍ ഇല്ലാത്ത അവസ്ഥ, കറണ്ട് പോകുന്നു, മൊബൈലില്‍ ചാര്‍ജ്ജ് തീരുന്നു, വെള്ളമാണെങ്കില്‍ ഇറങ്ങുന്നില്ല എന്ന് മാത്രമല്ല ചിലയിടത്തെങ്കിലും കയറുകയുമാണ്. എങ്ങനെ നോക്കിയാലും ചീത്ത വാര്‍ത്തകള്‍ തന്നെയാണ് വരുന്നത്.

ഈ പ്രശ്‌നങ്ങളുടെ ഒക്കെ നടക്കും ഞാന്‍ ഇപ്പോഴും പരിഭ്രാന്തന്‍ അല്ല, ശുഭാപ്തി വിശ്വാസം വിട്ടിട്ടുമില്ല. കാരണമുണ്ട്.

1. ലഭ്യമായ പ്രവചനങ്ങള്‍ അനുസരിച്ചു പല ജില്ലകളിലും നാളെ മഴ കുറയണം, ശനിയാഴ്ച ആകുന്നതോടെ എല്ലായിടത്തും മഴ കുറഞ്ഞു വെള്ളമിറങ്ങി തുടങ്ങുന്ന സാഹചര്യം ഉണ്ടാകും.

2. ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം വിടേണ്ടി വരുന്ന സാഹചര്യം ഉണ്ട്. പക്ഷെ പെരിയാര്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ അത് ജലനിരപ്പ് ഏറെ ഉയരില്ല എന്നാണ് എന്റെ കണക്കുകൂട്ടല്‍. . ഓരോ അടി വെള്ളം കൂടുന്തോറും കൂടുതല്‍ ഇടത്തേക്ക് വെള്ളം പരക്കുമല്ലോ.

3. ഫേസ്ബുക്കും വാട്ട്‌സ് ആപ്പും നോക്കിയാല്‍ പതിനായിരക്കണക്കിന് എസ് ഓ എസ് ആണ് വരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുയാണ് എന്ന് തോന്നും. ഇത് ശരിയല്ല, ഓരോ സന്ദേശവും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്, ഇതാണ് കൂടുതല്‍ പരിഭ്രാന്തി ഉണ്ടാക്കുന്നത്. മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ എടുത്തു കാണിക്കുന്നത് ശരിയാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രശ്‌നമുള്ള സ്ഥലങ്ങള്‍ എടുത്തെടുത്ത് കാണിക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. മൂവാറ്റുപുഴ മുങ്ങി എന്ന തലക്കെട്ട് കണ്ടു ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് മുട്ടിനു താഴെ വെള്ളത്തില്‍ നൂറുകണക്കിന് ആളുകള്‍ റോഡിലൂടെ പോകുന്നതാണ്. ഈ അവസരത്തില്‍ എങ്കിലും പത്രക്കാര്‍ നാടകീയത കുറക്കണം, വാസ്തവം കൃത്യമായി മാത്രം റിപ്പോര്‍ട്ട് ചെയ്യണം. അത് നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒരു കാര്യം കൂടെ പറയാം അധികം ടി വി കാണാതിരിക്കുക, കുട്ടികളെ കാണിക്കാതിരിക്കുക. വാട്ട്‌സ് ആപ്പില്‍ വരുന്ന ദുരന്ത സന്ദേശങ്ങള്‍ക്ക് അധികം ചെവി കൊടുക്കരുത്. ഒരാള്‍ കുടുങ്ങിക്കിടന്നു കരയുന്നത് ഒരു ലക്ഷം പേര്‍ കണ്ടു കഴിയുമ്പോള്‍ അവരുടെ എല്ലാം ആത്മവിശ്വാസമാണ് ചോരുന്നത്.

4. പ്രളയം എന്നാല്‍ സുനാമി പോലെയോ ഭൂകമ്പം പോലെയോ ഗ്യാസ് ലീക്ക് പോലെയോ അഗ്‌നി പര്‍വതം പോലെയോ ആളുകളെ മൊത്തമായി കൊന്നൊടുക്കുന്ന ഒന്നല്ല. കെട്ടിടത്തിന്റെ മുകളില്‍ കയറി നില്‍ക്കേണ്ടി വരുന്നതും, ഭക്ഷണം തീര്‍ന്നു പോകുന്നതും, ചുറ്റും വെള്ളം പൊങ്ങുന്നത് കാണുന്നതും ഒക്കെ ഏറെ ഭീതി ഉണ്ടാക്കും. പക്ഷെ അതൊന്നും ആരെയും കൊല്ലില്ല. ജനീവയില്‍ സുഖമായിരുന്നിട്ട് പേടിക്കേണ്ട എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എന്നാലും ഫ്‌ളാറ്റുകളിലോ രണ്ടു നിലക്ക് മുകളില്‍ ഉള്ള കെട്ടിടങ്ങളിലോ ഒക്കെ ഉള്ളവര്‍ ഉടന്‍ ആളുകള്‍ രക്ഷിച്ചില്ലെങ്കിലും മരണമടുത്തു എന്നൊന്നും കരുതരുത്.

5. കേരളത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും പ്രളയബാധിതര്‍ തന്നെയാണ്. പക്ഷെ മഴകൊണ്ട് വീട് വിട്ട് പോകേണ്ടി വന്നവര്‍ ഇപ്പോഴും ജനസംഖ്യയുടെ അഞ്ചു ശതമാനം പോലുമില്ല. അതായത് തൊണ്ണൂറു ശതമാനത്തിലധികം ആളുകളും മറ്റുള്ളവരെ സഹായിക്കാനുള്ള സാധ്യത ഉള്ളവര്‍ ആണ്. ബഹുഭൂരിപക്ഷം വീടുകളും ഇപ്പോഴും വെള്ളം കയറാത്തതും ആണ്.

6. കേരളത്തില്‍ ക്യാംപുകളുടെ എണ്ണം കൂട്ടണമെങ്കില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍, കോളേജുകള്‍, അവയുടെ ഹോസ്റ്റലുകള്‍ എന്നിവയൊക്കെ ഉണ്ട്. പക്ഷെ ബഹുഭൂരിപക്ഷം പ്രളയബാധിതരും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടില്‍ ആണ്, അതാണതിന്റെ ശരിയും.

6. ഭക്ഷണത്തിനും പാലിനും അല്പം ക്ഷാമം ഒന്നോ രണ്ടോ ദിവസം ഉണ്ടായി എന്ന് വരാം. പക്ഷെ കേരളത്തിലേക്ക് ഭക്ഷണവസ്തുക്കള്‍ വരുന്ന സ്ഥലത്തൊന്നും പ്രളയം ബാധിച്ചിട്ടില്ല. അതുകൊണ്ട് മഴ മാറിയാല്‍ രണ്ടു ദിവസത്തിനകം സപ്ലൈ ചെയിന്‍ സാധാരണ രീതിയില്‍ ആകും. ലോകത്ത് ദുരന്തങ്ങള്‍ക്ക് ശേഷം ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുന്നത് ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തത് കൊണ്ടാണ്. കേരളത്തില്‍ പൊതുവെ അതൊരു പ്രശ്‌നമല്ല.

7. എന്റെ ജഡ്ജ്മെന്റ്‌റ് ശനിയാഴ്ചയോടെ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണ വിധേയമാകും എന്നും, ഞായറാഴ്ചയോടെ പരിഭ്രാന്തി ഏറെ കുറയുകയും ചെയ്യുമെന്നാണ്.

8. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലെ ഏറ്റവും നാടകീയമായ കാര്യങ്ങള്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ആണെങ്കിലും ഏറ്റവും പ്രധാനമായ കാര്യങ്ങള്‍ വരാന്‍ തുടങ്ങുന്നതേ ഉള്ളൂ. കേരളത്തിലെ മുഴുവന്‍ യുവതീ യുവാക്കളെയും ഉള്‍പ്പെടുത്തി വേണം കേരളത്തിലെ റിക്കവറി നടത്താന്‍. മറുനാടന്‍ മലയാളികള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. അതിനെ പറ്റി ഞാന്‍ ശനിയാഴ്ച എഴുതാം.

ഒരു കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കണം, നമ്മുടെ ശ്രദ്ധ മുഴുവന്‍ വെള്ളപ്പൊക്കത്തിലാണ്. അവിടെയാണ് എയര്‍ ഫോഴ്‌സും ഹെലികോപ്ടറും ഒക്കെ ഉള്ളത്. അവിടെ നിന്നാണ് പരിഭ്രാന്തമായ സന്ദേശങ്ങള്‍ വരുന്നത്. പക്ഷെ മരണങ്ങള്‍ നടക്കുന്നത് കൂടുതലും മലകളില്‍ ഉരുള്‍ പൊട്ടിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉരുള്‍ പൊട്ടുന്നത്ത്, അതുകൊണ്ടു തന്നെ മുന്‍കൂര്‍ സന്ദേശമില്ല, രക്ഷിക്കാന്‍ ആളുകള്‍ ഓടി എത്തുന്നുമില്ല. ഇത് കൂടി വരാന്‍ പോവുകയാണ്. കുറച്ചു കൂടുതല്‍ മാധ്യമ ശ്രദ്ധ അങ്ങോട്ട് തിരിയണം പ്ലീസ്.

സുരക്ഷിതരായിരിക്കുക, ഭയപ്പെടാതിരിക്കുക. We shall Overcome
Join WhatsApp News
mathew v zacharia, new yorker 2018-08-17 11:50:41
Murali Thumarukuddy: comforting, inspirational and optimistic words of wisdom. Yes as the old folk song " We shall overcome, we Shall overcome, We shall overcome one day. Deep in my heart I do believe , We shall overcome one day.Keep the faith  and prayer as i believe we shall walk by faith not by sight.
Mathew V. Zacharia, New Yorker 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക