Image

മസ്‌ക്കറ്റ്‌ കേരളോത്സവം ഏപ്രില്‍ 11, 12, 13 തീയതികളില്‍

സേവ്യര്‍ കാവാലം Published on 31 March, 2012
മസ്‌ക്കറ്റ്‌ കേരളോത്സവം ഏപ്രില്‍ 11, 12, 13 തീയതികളില്‍
മസ്‌ക്കറ്റ്‌ : ഈ വര്‍ഷത്തെ മസ്‌കറ്റ്‌ കേരളോത്സവം ഏപ്രില്‍ 11 മുതല്‍ 13 വരെ തീയതികളില്‍ ക്വാറം നാച്വറല്‍ പാര്‍ക്കില്‍ (മാറാലാന്‍ഡില്‍) നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗമാണ്‌ മസ്‌കറ്റ്‌ കേരളോത്സവം സംഘടിപ്പിക്കുന്നത്‌. ഒന്‍പതു വര്‍ഷം പിന്നിടുന്ന കേരളോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം 5000 വര്‍ഷത്തെ ഇന്തോ-ഒമാന്‍ ബന്ധങ്ങള്‍ എന്നാണ്‌.

പ്രശസ്‌ത കവി കെ. സച്ചിദാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. പദ്‌മശ്രീ പെരുവനം കുട്ടന്‍ മാരാരും സംഘവും നയിക്കുന്ന വാദ്യമേളം എല്ലാ ദിവസങ്ങളിലും അവതരിപ്പിക്കപ്പെടും. ഗോത്ര വര്‍ഗ വിഭാഗങ്ങളുടം പാട്ടുകളും ഡാന്‍സും കനാല്‍ പാട്ടുകള്‍ ടീം അവതരിപ്പിക്കും. ശശി പെരുവണ്ണന്‍ അവതരിപ്പിക്കുന്ന തെയ്യം, ഇരഞ്ഞോലില്‍ മൂസയുടെ മാപ്പിളപാട്ടുകള്‍, കൈരളി ടിവി ഷോ പാട്ടുരുമ്മാള്‍ താരങ്ങളായ സീന, രമേശ്‌, ലിജേഷ്‌ എന്നിവര്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകള്‍ എന്നിവര്‍ക്കു പുറമെ ഒമാനി ഫോള്‍ക്ക്‌ ഡാന്‍സുകള്‍, ഫിലിപ്പിനി, ശ്രീലങ്കന്‍ ഫോള്‍ക്ക്‌ ഡാന്‍സുകള്‍ തുടങ്ങിയവയും കേരളോത്സവത്തിന്‌ മാറ്റു കൂട്ടുമെന്ന്‌ പരിപാടികള്‍ വിശദീകരിച്ച കേരള വിഭാഗം കണ്‍വീനര്‍ രതീഷ്‌ പറഞ്ഞു.

അന്‍പതിനായിരത്തില്‍പരം ആളുകളാണ്‌ മൂന്നു ദിവസത്തെ കേരളോത്സവത്തിന്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. മലയാളികള്‍ക്കു പുറമെ മറ്റ്‌ രാജ്യക്കാരും കഴിഞ്ഞ വര്‍ഷങ്ങളില്‍ പാരിപാടികള്‍ കാണാനെത്തിയിരുന്നു. പരമ്പരാഗത കേരള ഗ്രാമ മാതൃകയില്‍ ഒരുക്കുന്ന ഉത്സവസ്ഥലത്ത്‌ കൈതാരി, കളിമണ്ണ്‌, കരകൗശലം തുടങ്ങിയ സ്റ്റാളുകള്‍ക്കു പുറമെ കേരളത്തിലെ വിവിധതര ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും മസ്‌കറ്റ്‌ നിവാസികള്‍ക്ക്‌ ഗൃഹാതുരുത്വം ഉണര്‍ത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

അനന്തപുരി പ്രസ്‌ ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.എം. ജാബിര്‍, രതീഷ്‌, ബിബി ജേക്കബ്‌, ടോണി അലക്‌സാണ്‌ടര്‍, ഡോ. സതീഷ്‌ നമ്പ്യാര്‍, വിനോദ്‌ എന്നിവരും പങ്കെടുത്തു.
മസ്‌ക്കറ്റ്‌ കേരളോത്സവം ഏപ്രില്‍ 11, 12, 13 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക