Image

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങി; സഹായം ആവശ്യപ്പെട്ട് ക്യാമ്പില്‍ നിന്ന് ജയസൂര്യ

Published on 18 August, 2018
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങി; സഹായം ആവശ്യപ്പെട്ട് ക്യാമ്പില്‍ നിന്ന് ജയസൂര്യ

പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് കൈതാങ്ങായി രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഉദ്യോഗസ്ഥരും സാധാരണക്കാരും. സിനിമാ താരങ്ങളും സഹായങ്ങളുമായി സജീവമാണ്. കൊച്ചി തമ്മനം കേന്ദ്രീകരിച്ച് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നടന്‍ ജയസൂര്യ, ആസിഫ് അലി, നീരജ് മാധവ്, ഷംന കാസിം, അജു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കാളികളായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ താരങ്ങള്‍ കൈമാറി. ദുരിതം അധികം ബാധിച്ചിട്ടില്ലാത്തവരെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് നടന്‍ ജയസൂര്യ അഭ്യര്‍ത്ഥിച്ചു. കുപ്രസിദ്ധ ഗുണ്ട തമ്മനം ഷാജി പോലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ജയസൂര്യ തമാശയായി പറഞ്ഞു.

കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ എത്തുന്നത്. കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും ഇതിനകം ഇവ വിതരണം ചെയ്തു. ഇനിയും കൂടുതല്‍ സാധനങ്ങള്‍ വിതരണത്തിനായി എത്തുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റേയും അന്‍പോട് കൊച്ചിയുടേയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍.

സിനിമാ താരങ്ങളായ പാര്‍വ്വതി, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സരയു എന്നിവരും അന്‍പോടു കൊച്ചിയുടെ ഭാഗമാണ്. ദിലീപ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ബെഡ്ഷീറ്റുകളും വാങ്ങി നല്‍കി. ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. പുതപ്പുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയുമായി അമല തന്നെ ക്യാമ്പുകളില്‍ നേരിട്ടെത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളുമായാണ് നടന്‍ ദിലീപ് എത്തിയത്. എറണാകുളം ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ചത് ദിലീപിന്റെ കൂടി സ്വദേശമായ ആലുവയിലായിരുന്നു. ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക