Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനത്തിന് ജര്‍മനിയില്‍ തിരി തെളിഞ്ഞു

Published on 18 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനത്തിന് ജര്‍മനിയില്‍ തിരി തെളിഞ്ഞു

ബോണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ (ഡോ.ഇ.ജോര്‍ജ് സുദര്‍ശന്‍ നഗര്‍) ഓഗസ്റ്റ് 17 ന് തിരി തെളിഞ്ഞു.

വൈകുന്നേരം എട്ടിനു നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യാതിഥിയായ കേരള വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കുന്ന ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, എം.എന്‍. കൃഷ്ണമൂര്‍ത്തി (മുന്‍ ഡിജിപി), പി. മോഹന്‍രാജ് (ഡിസിസി പ്രസിഡന്റ്, പത്തനംതിട്ട) എന്നിവര്‍ക്കു പുറമെ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ.പി. എ. ഇബ്രാഹിം ഹാജി, പ്രസിഡന്റ് മാത്യു ജേക്കബ്, ജനറല്‍ കണ്‍വീനര്‍ ഗ്രിഗറി മേടയില്‍, തോമസ് അറന്പന്‍കുടി (ട്രഷറര്‍), ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍, പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍, ജോണ്‍ കൊച്ചുകണ്ടത്തില്‍, ഗോപാലപിള്ള, ജോസഫ് കില്ലിയാന്‍, ജോര്‍ജ് കാക്കനാട്ട്, ജോണ്‍ മത്തായി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കൗണ്‍സിലിന്റെ മുന്‍ നേതാക്കളായ മണ്‍മറഞ്ഞുപോയ ഡോ. ഇ.ജോര്‍ജ് സുദര്‍ശന്‍, സാം മാത്യു, ഡോ.പോളി അറന്പന്‍കുടി, ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കല്‍, സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കും കേരളത്തിലെ മഹാപ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചാണ് സമ്മേളനത്തിന് തുടക്കമിട്ടത്.

പ്രളയക്കെടുതിക്കിടെ കേരളത്തില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെത്തി വിവാദത്തില്‍പ്പെട്ട മന്ത്രി കെ രാജു, തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കി എത്രയും വേഗം കേരളത്തിലേയ്ക്ക് തിരിച്ചുപോകുമെന്ന് പ്രസംഗത്തില്‍ അറിയിച്ചു.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്കു വേള്‍ഡ് മലയാളി കൗണ്‍സിലിെന്റെ സഹായം മന്ത്രി അഭ്യര്‍ഥിച്ചു. ജനറല്‍ കണ്‍വീനര്‍ ഗ്രിഗറി മേടയില്‍ സ്വാഗതവും പരിപാടികളുടെ അവതാരകനായ യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് അരങ്ങേറിയ കലാപരിപാടികള്‍ പി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍, കവിതാലാപനം (ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ്, സാബു ജേക്കബ്), ജോസഫ് വെള്ളാപ്പള്ളില്‍, ബാബു ചെന്പകത്തിനാല്‍ തുടങ്ങിയവരുടെ ഗാനാനാലാപനം കലാസന്ധ്യയെ കൊഴുപ്പുള്ളതാക്കി. പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ സാഗതവും ഗ്ലോബല്‍ ട്രഷറര്‍ തോസ് അറന്പന്‍കുടി നന്ദിയും പറഞ്ഞു. മേഴ്‌സി തടത്തില്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുറിച്ചിയേല്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായി.

ആഗോള തലത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 200 ഓളം പ്രതിനിധികള്‍ മൂന്നുദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജര്‍മന്‍ പ്രൊവിന്‍സ് ആതിഥേയത്വം നല്‍കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. 

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക