Image

വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത്? (മുരളി തുമ്മാരുകുടി)

Published on 18 August, 2018
വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത്? (മുരളി തുമ്മാരുകുടി)
ഏതാണ്ട് ഒരു വര്‍ഷമായി ഞാന്‍ കേരളനിയമസഭയില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയിട്ട്. ദുരന്ത ലഘൂകരണമാണ് എന്റെ തൊഴില്‍ എന്നും ഒരു ദുരന്തം ഉണ്ടായതിന് ശേഷം അതിന്റെ നിവാരണത്തിന് വേണ്ടി കേരളത്തിലേക്ക് വരേണ്ടി വരുന്നത് വ്യക്തിപരമായി ദുഃഖകരവും പ്രൊഫഷണല്‍ ആയി ഒരു പരാജയവും ആയിരിക്കും എന്ന ആമുഖത്തോടെയാണ് ഞാന്‍ എന്റെ പ്രസംഗം തുടങ്ങിയത്. കേരളത്തില്‍ തൊണ്ണൂറ്റി ഒന്‍പത്തിലെ  (1924) പോലെ ഒരു വെള്ളപ്പൊക്കം ഇനിയും ഉണ്ടാകുമെന്നും അതിന് നാം തയ്യാറെടുക്കണം എന്ന മുന്നറിയിപ്പോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. അതിന് പല നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു, നിര്‍ഭാഗ്യവശാല്‍ അതൊക്കെ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചിരിക്കുകയാണ്. കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. എനിക്കാവുന്നത് പോലെ തന്നെ ഞാനും കേരളസമൂഹത്തെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഔദ്യോഗികമായി ഇന്ത്യ U N സഹായം തേടിയിട്ടില്ല. കേരളത്തിലെ ഔദ്യോഗിക ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഭാഗവുമല്ല ഞാന്‍. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഒരു പങ്കുമില്ല. ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി സഹായിക്കാന്‍ കഴിയുന്നത് നമ്മുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടല്ല, ഒരു സംഘത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ആണ്.

അതേസമയം എനിക്ക് വളരെ നന്നായി ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതാണ് ഒന്ന്. രണ്ടു ദിവസമായി ആ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, ഇന്നിപ്പോള്‍ അതിന്റെ ഫലം കാണുന്നുണ്ട്.

ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് മറ്റൊന്നിനാണ്. വെള്ളം ഇറങ്ങിത്തുടങ്ങി. ഇതുപോലൊരു വെള്ളപ്പൊക്കം കേരളത്തില്‍ ആളുകളോ ഔദ്യോഗിക സംവിധാനങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ട് വെള്ളമിറങ്ങുന്ന കേരളം എന്താണ് ശ്രദ്ധിക്കേണ്ടത് ? രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാലും, ഏറെ ദിവസങ്ങള്‍ ആയി ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനാലും ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് ഇന്നിനപ്പുറം ചിന്തിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നെനിക്കറിയാം. അതുകൊണ്ട് നാളെയെപ്പറ്റി ഇന്ന് തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന സമയത്ത് ഇത്തരം ഉപദേശം അനവസരത്തില്‍ ഉള്ളതായി ചിലര്‍ക്ക് തോന്നാം. ക്ഷമിക്കുമല്ലോ.

മുന്‍പരിചയം ഇല്ലാത്തതിനാല്‍ കേരളത്തില്‍ ആളുകള്‍ ശ്രദ്ധിക്കാനിടയില്ലാത്ത അനവധി കാര്യങ്ങള്‍ ഉണ്ട്

1. വെള്ളം കയറി നശിച്ച ഫര്‍ണിച്ചറും, കിടക്കയും തുടങ്ങി ഉള്ള വസ്തുക്കള്‍ എന്ത് ചെയ്യും. സാധാരണ സമയത്ത് പോലും നല്ല ഒരു മാല്യന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം നമുക്കില്ല. ആലുവ ഒരു പത്തു വര്‍ഷത്തില്‍ ഉണ്ടാക്കുന്ന ഖരമാലിന്യത്തിന്റെ അത്രയും ആയിരിക്കും ഈ കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അത് എങ്ങനെയാണ് വ്യക്തികളും സര്‍ക്കാരും കൈകാര്യം ചെയ്യേണ്ടത് ?

2. വെള്ളത്തില്‍ ആയ സ്‌കൂളുകളിലെ ലബോറട്ടറി, കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലെ വളം/കീടനാശിനി സ്റ്റോറുകള്‍, ഫര്‍മസിയിലെ മരുന്നുകള്‍ ഇവയൊക്കെ ഈ സമയത്തിനുള്ളില്‍ വിഷവസ്തുക്കളുടെ മിശ്രണം ആയി മാറിയിരിക്കും. അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ?

3. ഈ ദുരന്തത്തില്‍ നേരിട്ട് അകപ്പെട്ട ആളുകള്‍ (കുട്ടികള്‍ ഉള്‍പ്പടെ) വന്‍ മാനസിക സംഘര്‍ഷത്തിലാണ്. അവരുടെ ജീവിതകാലം മുഴുവന്‍ അതവരുടെ കൂടെ ഉണ്ടാകും. എങ്ങനെയാണ് ഇതിന്റെ ആഘാതം കുറക്കുന്നത് ?

4. നമ്മുടെ യുവാക്കളെ പൂര്‍ണ്ണമായും ഈ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കാം. അവരുടെ ഭാവിയാണ് നാം പുനര്‍നിമ്മിക്കുന്നത്, അവരുടെ അഭിപ്രായങ്ങള്‍ക്കാണ് ഏറ്റവും വില കല്പിക്കേണ്ടത്.

എന്നിങ്ങനെ പ്രധാനമായ കാര്യങ്ങള്‍ ഉണ്ട്. ഇക്കാര്യത്തിലെ നിര്‍ദേശങ്ങളാണ് ഇന്നും നാളെയും പങ്കുവെക്കാന്‍ പോകുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഞാന്‍ അത് നല്‍കും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പരിചയമില്ലാത്ത ചിലതുണ്ട്.

1. ഇത്തരം വലിയ ഒരു ദുരന്തത്തിന്റെ നാശനഷ്ടക്കണക്ക് എങ്ങനെയാണ് എടുക്കുന്നത് (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസ്സെസ്സ്‌മെന്റ്)?

2. ഈ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ മാത്രം സഹായം കൊണ്ട് തീരില്ല. അപ്പോള്‍ എങ്ങനെയാണ് പണം കണ്ടെത്തേണ്ടത്?

3. പുനര്‍നിര്‍മ്മാണത്തിന് എന്ത് സംവിധാനങ്ങള്‍ ആണ് വേണ്ടത്? പുതിയ ഒരു പുനര്‍നിര്‍മ്മാണ വകുപ്പ്, എല്ലാ വകുപ്പുകളെയും സംയോജിപ്പിക്കാന്‍ ഒരു പുനര്‍നിര്‍മ്മാണ ഏജന്‍സി? പുതിയ ഒരു സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള കമ്പനി ?

ഇതിന് ഓരോന്നിനും നല്ല അന്താരാഷ്ട്ര മാതൃകകള്‍ ഉണ്ട്. അതൊക്കെ ഞാന്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍ പെടുത്താം, അടുത്ത വെള്ളിയാഴ്ചയോടെ.

ഇതിലും പരമപ്രധാനമായ ഒരു കാര്യം കൂടി ഉണ്ട്. വ്യക്തികളുടേയും സമൂഹത്തിന്റെയും ഇപ്പോഴത്തെ ശ്രമം മുഴുവന്‍ അവരുടെ ജീവിതം പഴയ തരത്തിലേക്ക് ഏറ്റവും വേഗത്തില്‍ എത്തിക്കുക എന്നതാണ്. അതേ സമയം പഴയ തരത്തില്‍ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നത് അടുത്ത തലമുറക്ക് ഇതേ അപകട സാധ്യതകള്‍ കൈമാറുന്നതിന് തുല്യമാണ്.

കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ അടുത്ത വലിയ വെള്ളപ്പൊക്കം വരാന്‍ നൂറു വര്‍ഷം നോക്കിയിരിക്കേണ്ട കാര്യമില്ല. അപ്പോള്‍ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ദുരന്ത സാധ്യതയേയും കാലാവസ്ഥ വ്യതിയാനത്തെയും മുന്‍കൂട്ടി മനസ്സിലാക്കി എങ്ങനെയാണ് പുനര്‍നിര്‍മ്മാണം നടത്തേണ്ടത് ? (Build back better and safer). ഇതിനും അനവധി നല്ല അന്താരാഷ്ട്ര മാതൃകകളുണ്ട്, അതും ഞാന്‍ സമൂഹത്തിന്റെ മുന്നില്‍ എത്തിക്കും.

ലോകത്ത് ഒരുലക്ഷത്തില്‍ അധികം പേര്‍ മരിച്ചതുള്‍പ്പടെ അനവധി വന്‍ ദുരന്തങ്ങള്‍ കണ്ട പരിചയത്തില്‍ ഒരു കാര്യം കൂടെ പറയാം. ഈ ദുരന്തത്തില്‍ നിന്നും കേരളം പൂര്‍ണ്ണമായും തിരിച്ചു വരാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. ഈ ലോക മാധ്യമ ശ്രദ്ധ ഒക്കെ ഒരാഴ്ചയേ കാണൂ, നമ്മുടെ മാധ്യമങ്ങള്‍ കുറച്ചു നാള്‍ കൂടി. പക്ഷെ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഇതൊരു ജീവിതകാല വെല്ലുവിളിയാണ്, കേരളത്തിലെ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. എങ്ങനെയാണ് കേരളത്തിലെ സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നത് നൂറു വര്‍ഷം കഴിയുമ്പോള്‍ കേരളം ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന ഒന്നായിരിക്കും. അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യണോ, അതോ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും മുന്നില്‍ കണ്ടു കാര്യങ്ങള്‍ ചെയ്യണോ എന്നതൊക്കെയാണ് സമൂഹം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍. ഇക്കാര്യങ്ങളില്‍ മുപ്പത് വര്‍ഷത്തെ അന്താരാഷ്ട്ര രംഗത്തെ പരിചയവും, വ്യാപകമായ വ്യക്തിബന്ധങ്ങളും, നല്ലൊരു ഭാവികേരളത്തിന് വേണ്ടി ഉപയോഗിക്കാന്‍ ഈ അഞ്ചു വര്‍ഷവും കേരളത്തിലെ സമൂഹത്തിന്റെ കൂടെത്തന്നെ ഉണ്ടാകും ഞാന്‍. എനിക്കറിയാവുന്നതെല്ലാം ഞാന്‍ എല്ലാവരോടും പങ്കുവെക്കും, എനിക്ക് ഏതെങ്കിലും തരത്തില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ പറ്റും എന്ന് തോന്നുന്നിടത്തൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ച് ഇടപെടുകയും ചെയ്യും.

കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കണ്ണും മനസ്സും കേരളത്തില്‍ തന്നെയാണ്, ടിക്കറ്റ് കിട്ടിയാല്‍ ഉടന്‍ 'ഫുള്‍ ഫിഗറും' കേരളത്തില്‍ ഉണ്ടാകും.

എന്റെ വായനക്കാര്‍ എന്താണ് ചെയ്യേണ്ടത് ?
കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ ദുരന്തങ്ങളെ പറ്റി എഴുതി തുടങ്ങിയിട്ട്. ആദ്യകാലത്ത് ഈ വിഷയത്തിന് ഒരു ജനശ്രദ്ധയും ഇല്ലായിരുന്നു. ഹാസ്യം മേമ്പൊടിയിട്ടും ഹാസ്യത്തില്‍ പൊതിഞ്ഞുമാണ് ഞാന്‍ ഈ വിഷയം കേരളസമൂഹത്തില്‍ ചര്‍ച്ചാ വിഷയം ആക്കിയത്. കേരളത്തില്‍ തൊണ്ണൂറ്റി ഒന്പതിലേ പോലൊരു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഞാന്‍ കാര്യകാരണ സഹിതം പറഞ്ഞു തുടങ്ങിയിട്ട് ആറു വര്‍ഷമായി. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഈ പെരുമഴക്കാലത്ത് അണക്കെട്ടുകള്‍ തുറക്കണം എന്ന് പറഞ്ഞിരുന്നു. ഈ ജൂലൈ മുതല്‍ എങ്ങനെയാണ് സര്‍ക്കാര്‍ 'ജാഗ്രത' എന്ന് പറയുമ്പോള്‍ നമ്മള്‍ വ്യക്തിപരമായി തയ്യാറെടുക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ ഒരു ശതമാനം ആളുകള്‍ പോലും ഇന്നെന്നെ വായിക്കുന്നില്ല. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും ഒരു പരിധി വരെ സര്‍ക്കാര്‍ സംവിധാങ്ങളും എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ എന്റെ നിര്‍ദേശങ്ങള്‍ കൊണ്ട് ഗുണം കിട്ടുമായിരുന്ന, ഇനിയും ഗുണം കിട്ടാവുന്ന ബഹുഭൂരിപക്ഷത്തിന്റ്‌റെ മുന്നിലും എന്റെ നിര്‍ദ്ദേശങ്ങള്‍ എത്തുന്നില്ല. അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് രണ്ടു കാര്യങ്ങള്‍ ആണ്.

1. ഞാന്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ വ്യക്തിപരമായി പാലിക്കാന്‍ നോക്കണം.

2. നിങ്ങള്‍ക്ക് ശരിയായി തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി ആളുകളില്‍ എത്തിക്കാന്‍ സഹായിക്കണം.

സുരക്ഷിതരായിരിക്കുക, സമാധാനത്തോടെ ഇരിക്കുക. ഇതൊരു നൂറു മീറ്റര്‍ ഓട്ടമല്ല, മാരത്തണ്‍ ആണ്. പരസ്പരം കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കാതെ പരസ്പരം താങ്ങായിനിന്ന് ഒറ്റക്കെട്ടായി കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക