Image

ഒരാഴ്ചത്തെ പേമാരിക്കൊടുവില്‍ ഇതാ, മേഘാവൃതമല്ലാത്ത കേരളം

എം. അബ്ദുള്‍ റഷീദ് Published on 18 August, 2018
ഒരാഴ്ചത്തെ പേമാരിക്കൊടുവില്‍ ഇതാ, മേഘാവൃതമല്ലാത്ത കേരളം
ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനകീയനായ കാലാവസ്ഥാ പ്രവചന വിദഗ്ധനാണ് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോണ്‍.
'കാലാവസ്ഥാ മാന്ത്രികന്‍' എന്നൊക്കെ മാധ്യമങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റേത് മാന്ത്രികവിദ്യയൊന്നും അല്ല. 

ലോകത്തെ വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ ശാസ്ത്രീയമായ ഡാറ്റകള്‍ സംയോജിപ്പിച്ചു പഠിച്ചശേഷം കൃത്യമായ മഴപ്രവചനം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഓര്‍ക്കുക, ഈ രംഗത്ത് ഒരു അക്കാദമിക് യോഗ്യതയും അദ്ദേഹത്തിന് ഇല്ല. മഴമേഘങ്ങളോടുള്ള സ്‌നേഹമല്ലാതെ.
എന്നിട്ടും പതിറ്റാണ്ടിലേറെയായി അദ്ദേഹം ഏറെക്കുറെ കൃത്യമായ പ്രവചനങ്ങള്‍ നടത്തുന്നു.
ഇന്ത്യയിലെ ഒട്ടേറെ പേമാരികളുടെ വരവും ഗതിയും ഒടുക്കവും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 'തമിഴ്നാട് വെതര്‍മാന്‍' എന്ന പേരില്‍ പ്രശസ്തനായ പ്രദീപ് ജോണ്‍ കേരളത്തിലെ ഈ മഹാപേമാരി അവസാനിച്ചതായി പറയുന്നു.
അല്പം മുന്‍പ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയതിന്റെ പരിഭാഷ ചുവടെ:

''ഒരാഴ്ചത്തെ പേമാരിക്കൊടുവില്‍
ഇതാ, മേഘാവൃതമല്ലാത്ത കേരളം
==============================
ശരിയാണ്, കേരളത്തില്‍ ഇനിയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യും, നാളെയും ഒരുപക്ഷേ അതിനു ശേഷവും പെയ്യും. അത് ഈ സീസണില്‍ കേരളത്തില്‍ സാധാരണമാണ്.

എന്നാല്‍, കടുത്ത പേമാരി ഇനിയും ഉണ്ടാവുമെന്ന കിംവദന്തികള്‍ നിങ്ങള്‍ വിശ്വസിക്കരുത്. ഒരാഴ്ചക്കു ശേഷം ഇതാദ്യമായി മഴമേഘങ്ങള്‍ തീരെ കുറഞ്ഞ ആകാശമാണ് കേരളത്തിന് മുകളില്‍ ഇന്നത്തെ റഡാര്‍ ഇമേജുകളില്‍ കാണുന്നത്. അതേ, മഴ കീഴടങ്ങിയിരിക്കുന്നു..!

പുതിയ ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയല്ല

ഒരു പുതിയ ന്യുനമര്‍ദം ഒഡീഷ തീരത്ത് രൂപപ്പെട്ടു വരുന്നുണ്ട്. എന്നാലിത് നേരത്തെയുണ്ടായതുപോലെ കേരളത്തില്‍ മഴക്കാറ്റിന് കാരണമാവില്ല. ദയവായി വ്യാജ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക.
ഈ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ വീണ്ടുമൊരു പേമാരിക്കു കാരണമാവില്ല.
അതേ, 1882 നും 1924 നും 1961 നും ശേഷം കേരളത്തില്‍ ഉണ്ടായ ഏറ്റവും ഭീകരമായ പേമാരിക്കു അന്ത്യമാവുകയാണ്..!''

(പ്രദീപ് ജോണ്‍ പറയുന്നത് നേരാവട്ടെയെന്നു ഓരോ മലയാളിയും ആഗ്രഹിക്കുന്നു, ഞാനും. അതുകൊണ്ടു ഇത് പങ്കുവെയ്ക്കുന്നു.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക