Image

നിസ്വാര്‍ത്ഥരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍ (ക്രിസ്‌റ്റോ ചിറമുഖത്ത്)

Published on 18 August, 2018
നിസ്വാര്‍ത്ഥരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍ (ക്രിസ്‌റ്റോ ചിറമുഖത്ത്)
മുന്‍ മിലിട്ടറി ഉദ്യോഗസ്ഥനും സിനിമാക്കാരനും സംഘപരിവാര്‍ പ്രവര്‍ത്തകനുമൊക്കെയായ മേജര്‍ രവിയില്‍ നിന്നും അല്‍പ്പം മുന്‍പ് അപൂര്‍വ്വമായി ഒരു സത്യം പറഞ്ഞു കേട്ടു.. "ദുരന്തനിവാരണത്തില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ. പക്ഷേ, ഏറ്റവും ശ്ലാഘനീയം പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടേതാണ്..."

സിനിമാനടനായ സലീം കുമാറും ഇതുപോലെ ഒരു അഭിപ്രായം പറഞ്ഞു. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്ന് രക്ഷപെട്ട പല ജീവനുകളും ഇത് പറഞ്ഞു.

ഒന്നോര്‍ത്താല്‍ ശരിയല്ലേ..?

സൈനികര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി പോകുമ്പോള്‍, ഒന്നാം തീയതി കൃത്യമായി
അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശമ്പളം നല്‍കും. ദുരിതാശ്വാസ ശ്രമങ്ങളില്‍ അപകടമോ മറ്റോ പററിയാല്‍ കുടുംബത്തിന് വേണ്ട സംരക്ഷണവും ആനുകൂല്യങ്ങളുമെല്ലാം നല്‍കും.
പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന സൗജന്യസേവനത്തിന് വന്ന സാധുക്കളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആരും ഒരു ഒരു നയാപൈസാപോലും പ്രതിഫലം കൊടുക്കില്ല...! ഒരു ആനുകൂല്യവും ലഭിക്കില്ല..! പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പോലും അവര്‍ക്ക് ലഭിക്കില്ല എന്നതാണ് വിചിത്രം..! (കാരണം, അവര്‍ ദുരന്തത്തില്‍ പെട്ടവരല്ലല്ലോ, ദുരിതാശ്വാസകരല്ലേ...!).|

പക്ഷേ, കടലില്‍ പോകാതെ ജീവന്‍രക്ഷയക്കു വന്ന അവര്‍, ഒരു ദിവസം കടലില്‍ പോയില്ലെങ്കില്‍ അവരുടെ വീട്ടില്‍ തീയ് പുകയാനും പ്രയാസം.

ഇത്രയും നന്മകള്‍ മനസ്സിലുള്ളതുകൊണ്ടാകുമോ, കര്‍ത്താവ് തന്റെ ശിഷ്യഗണത്തില്‍ ഭൂരിപക്ഷവും മല്‍സ്യത്തൊഴിലാളികളെ തന്നെ തിരഞ്ഞെടുത്തത്...!

കടല്‍പോലെ, കരകാണാതെ പരന്ന് കിടക്കുന്ന അഗാധമായ പ്രളയ വെള്ളത്തില്‍, സുരക്ഷാ പ്രവര്‍ത്തം നടത്താന്‍, കടലില്‍ ജീവിക്കുന്ന മല്‍സ്യത്തൊഴിലാളികളോളം പാടവം ആര്‍ക്കും ഇല്ലെന്നതാണ് മറ്റൊരു സത്യം (ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ).
.
അതുകൊണ്ട് മേജര്‍ രവിയും സലീംകുമാറും മാത്രമല്ല, മൊത്തം കേരളസമൂഹത്തോടൊപ്പം, രക്ഷപെട്ട ജീവനുകളോടു ചേര്‍ന്ന് നിസ്വാര്‍ത്ഥരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് എന്റെയും അഭിവാദ്യങ്ങള്‍.
നിസ്വാര്‍ത്ഥരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍ (ക്രിസ്‌റ്റോ ചിറമുഖത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക