Image

പൊന്നോണപ്പുലരി! (കവിത: ചാക്കോ ഇട്ടിച്ചെറിയ)

Published on 19 August, 2018
പൊന്നോണപ്പുലരി! (കവിത: ചാക്കോ ഇട്ടിച്ചെറിയ)
ഓണമായ്,ഓണമായ്,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ് മാനസ്സേ
വര്‍ഷങ്ങളെത്രയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്ത്തീരുന്നു മാനസ്സം

പൂക്കളിറുത്തതും പൂക്കളംതീര്‍ത്തതും
പൂവിളികേട്ടതുമാര്‍പ്പും കുരവയും
മാവേലിമന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരൊക്കെയും

ആട്ടവും പാട്ടും കുരവയുമായ് ജനം
കൂട്ടമായകൂടുന്നു നാട്ടിലെല്ലാടവും
പുത്തരിച്ചോറും വിഭവങ്ങളൊക്കെയും
ഒത്തുഭുജിച്ചു രമിപ്പൂകൃതാര്‍ത്ഥരായ്

കാളനും,തോരനും,സാമ്പാറു,പപ്പടം
പൂവന്‍പഴവും പരിപ്പുപ്രദമനും
ഇഞ്ചി,നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നുഞാന്‍

അന്നുസ്വയമെന്നൊഴിച്ചുമറ്റൊന്നുമേ
വന്നുകേറീടാത്തൊരെന്‍പാഴ്മനസ്സതില്‍
ഇന്നുവന്നീടുന്നോരുചോദ്യം,ആര്‍ക്കു ഓണം,എന്തു ഓണം?
എന്നേമധിക്കുന്ന ചോദ്യമേ!

കോടികളൊക്കെച്ചിലവിട്ടു പോന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്തീര്‍ത്തിടും
മാമലനാടേകരയുക, കേഴുക
മാവേലി ലജ്ജിതനായ്മടങ്ങീടവേ!

കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കൊക്കെയും
ഓണം,പൊന്നോണം വരുംചിങ്ങമാസത്തില്‍!

മൃഷ്ടാന്നഭോജനമോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്
ലക്ഷോപിലക്ഷങ്ങള്‍ തിങ്ങുന്നമാമല
നാടേയവര്‍ക്കില്ലെ പോന്നോണമോര്‍ക്കുമോ! ?

ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്നഭോജനമെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ചാരത്തു
കുറ്റബോധത്താല്‍ കരംവിലക്കുന്നുഞാന്‍!

സര്‍വര്‍ക്കുമോണമീ നാട്ടില്‍യാഥാര്‍ഥ്യമായ്
തീരുന്നകാലം വരട്ടെയാശിപ്പുഞാന്‍
അല്ലാതെനിങ്കില്ലോരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍!

സര്‍വേശ്വരാ ശക്തിയേകിടൂനാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമൊന്നുപോലാനന്ദപൂര്‍ണ്ണരായ്
മാവേലിനാട്ടിലൊരോണംതിമര്‍ക്കുവാന്‍.!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക