Image

ഈ ദുരിതത്തിനിടയിലും ഇങ്ങനെ ദ്രോഹിക്കരുത്: വ്യാജ ഫോണ്‍ വിളിയില്‍ പാഴായത് ക്യാമ്പിലെത്തിച്ച രണ്ട് അണ്ടാവ് നിറയെ ഭക്ഷണം

Published on 19 August, 2018
ഈ ദുരിതത്തിനിടയിലും ഇങ്ങനെ ദ്രോഹിക്കരുത്: വ്യാജ ഫോണ്‍ വിളിയില്‍ പാഴായത് ക്യാമ്പിലെത്തിച്ച രണ്ട് അണ്ടാവ് നിറയെ ഭക്ഷണം
പ്രളയക്കെടുതിയില്‍ തകര്‍ന്നു നില്‍ക്കുന്ന കേരളത്തിനായി എല്ലാവരും ഒരേ മനസ്സോടെ കൈകോര്‍ക്കുമ്പോള്‍ ഇതിനിടയിലും ചില ദുഷ്ട കളകള്‍ തലപൊക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വ്യക്തമാകുന്നു. ഇത്തരത്തിലുള്ളവരുടെ പ്രവര്‍ത്തി മൂലം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരും സഹായ മനസ്സുമായെത്തുന്ന സാധാരണക്കാരും വലയുന്നത് ഈ ദിവസങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ വിളിച്ചിറക്കി സെല്‍ഫിയെടുത്ത് മടക്കിയയച്ചതും, നാപ്കിനുള്‍പ്പെടെയുളള സാധനങ്ങളാവശ്യപ്പെട്ടവരെ അപമാനിച്ചതും, കേരളത്തെ അപമാനിക്കുന്ന കമന്റുകളിട്ടതുമൊക്കെ ഉദാഹരണം. ഇതിനെല്ലാം പുറമേ ക്യാമ്പിലകപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിച്ച യുവാക്കള്‍ക്കും ദുരനുഭവം.

ഫെയ്‌സ്ബുക്കിലെ കുറേ തൊഴിലാളികള്‍ ചെയ്യുന്ന ദ്രോഹം കാരണം രണ്ട് വലിയ അണ്ടാവ് നിറയെ ഭക്ഷണം പാഴായിപ്പോയ സങ്കടമാണ് വീഡിയോയിലൂടെ യുവാവ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്ന യുവാക്കളാണ് കബളിപ്പിക്കപ്പെട്ടത്. 'ഒരു മണിതൊട്ട് മുഹമ്മ കാര്‍മ്മലിലേയ്ക്ക് ഫുഡ് വേണം എന്ന് ആവശ്യപ്പെട്ടു വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം ഉണ്ടാക്കിയത്. ഒരു സ്ത്രീയാണ് പല തവണയായി വിളിച്ച് വിവരങ്ങള്‍ നല്‍കിയതും ഭക്ഷണം വേണമെന്ന് പറഞ്ഞതും. വെള്ളവും കരണ്ടും ഇല്ലാത്തതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഏറെ നേരം പണിപെട്ട് ഇത്രയേറെ ഭക്ഷണം ഉണ്ടാക്കിയത്. ഇത് വണ്ടിയിലാക്കി പതിനൊന്ന് സ്ഥലത്തെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഭക്ഷണം മുഴുവന്‍ പാഴായിരിക്കുകയാണ്' യുവാവ് പറഞ്ഞു. 

 ക്യാമ്പിലുള്ളവരെ വിളിച്ച് വിവരത്തിന്റെ നിജസ്ഥിതി അറിഞ്ഞശേഷം മാത്രം വേണം വിവരങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍. ഭക്ഷണം ആവശ്യം വന്നാല്‍ ക്യാമ്പിലുള്ളവര്‍ വിളിച്ചു പറഞ്ഞാല്‍ മതി. മറ്റ് അസൗകര്യങ്ങളും ഉറക്കവും കളഞ്ഞാണ് ഇത്രയേറെ ഭക്ഷണം ഉണ്ടാക്കുന്നത്. ചില ക്യാമ്പുകളില്‍ ഭക്ഷണം അധികമായെത്തുന്ന അവസ്ഥയുണ്ട്. ക്യാമ്പിലെ ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുക' എന്നും യുവാവ് ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക