Image

പ്രളയത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനിടമില്ല; ജാതിമത ഭേദമന്യേ ശവസംസ്‌കാരത്തിന് സ്വന്തം ഭൂമി വിട്ടു നല്‍കി വൈദീകന്‍

Published on 19 August, 2018
പ്രളയത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനിടമില്ല; ജാതിമത ഭേദമന്യേ ശവസംസ്‌കാരത്തിന് സ്വന്തം ഭൂമി വിട്ടു നല്‍കി വൈദീകന്‍

അടൂര്‍: ഏതൊക്കെ പ്രളയമടിച്ചാലും കേരളം ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ്. എല്ലാ വ്യത്യാസങ്ങളും മറന്ന് സ്വന്തം സഹോദരങ്ങളെ രക്ഷിക്കാനും ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടു വരാനും എല്ലാ വ്യത്യാസങ്ങളും മറന്ന് ഓടി നടക്കുന്ന കേരള ജനതാ. ജാതിമത ഭേദമന്യേ ദുരിതാശ്വാസത്തിനായി തുറന്നു കൊടുക്കുന്ന ആരാധനാലയങ്ങള്‍, ക്യാമ്പില്‍ മരിച്ച ഹിന്ദു സഹോദരനെ സംസ്‌കരിക്കാന്‍ തുറന്നു കൊടുത്ത പള്ളി സെമിത്തേരി അങ്ങനെ കണ്ണീരിനിടയിലും തെളിഞ്ഞു നില്‍ക്കുന്ന നന്മവെളിച്ചങ്ങള്‍. ഈ നന്മവഴികളില്‍ ഉദാഹരണമായി 49കാരനായ വൈദീകന്‍ കുരുവിള കുലഞ്ചിക്കോമ്പില്‍ സാമുവല്‍.

നമ്മള്‍ ഈ ലോകത്തേയ്ക്ക് വരുമ്പോള്‍ ഒന്നും തന്നെ കൊണ്ടും വരുന്നില്ല. തിരിച്ചു പോകുമ്പോഴും ഒന്നും കൊണ്ടു പോകാന്‍ സാധ്യമല്ല അതാണ് സത്യം' എന്നു പറയുന്നഅച്ഛന്‍ പത്തനംതിട്ട അടൂരില്‍ തന്റെ പേരിലുള്ള 25 സെന്റ് സ്ഥലം പ്രളയത്തിലും, ക്യാമ്പുകളിലും മരണപ്പെട്ടിട്ടും സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നവര്‍ക്കായി വിട്ടു നല്‍കി. അടൂര്‍ പ്രദേശത്ത് സെമിത്തേരികളും ഖബറിടങ്ങളും ശ്മശാനങ്ങളുമെല്ലാം വെള്ളം കയറിപ്പോയ സാഹചര്യത്തില്‍ മരണമടഞ്ഞവരുടെ ശരീരങ്ങള്‍ മറവു ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ സഹായമാകും തീരുമാനം

പല വര്‍ഷങ്ങളായി ഡല്‍ഹില്‍ വൈദികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സാമുവേല്‍. ബന്ധുക്കള്‍ അടൂരില്‍ താമസമുണ്ട്. മനുഷ്യ സഹജമായ സമര്‍പ്പണമാണിത്, ദൈവ നിശ്ചയവും, ഡല്‍ഹിയില്‍ നിന്നും  സാമുവേല്‍   പറഞ്ഞു. ആയിരങ്ങളുടെ ജീവനും വീടും എല്ലാം നഷ്ടപ്പെട്ട സാഹചര്യമാണ് ഇങ്ങനൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മരിച്ചവരുടെ ശരീരങ്ങള്‍ എന്ത് ചെയ്യും എന്നുള്ളത്. ഇതിനായി എന്റെ ഭൂമി വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. അടൂര്‍ ടൌണില്‍ വടക്ക് വശത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് ആ സ്ഥലം. ഉയര്‍ന്ന പ്രദേശമായാത് കൊണ്ട് വെള്ളം കയറില്ല. ജാതി, മത, ലിംഗ ഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളെ സഹായത്തിനു വിളിക്കാം, അദ്ദേഹം വ്യക്തമാക്കി.

മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് അടൂര്‍ മുനിസിപല്‍ കോര്‍പറേഷനെ സമീപിക്കണം എന്നും സാമുവേല്‍ ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക