Image

മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Published on 19 August, 2018
മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ സൈന്യം തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ടെന്നും ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന ബോട്ടുകള്‍ മടക്കി അയയ്ക്കാനുള്ള ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി നിങ്ങള്‍ പൊയ്‌ക്കോ എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ കൈവിടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്‌നേഹത്തെ ആദരവോടെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ മൊത്തം  ക്യാംപുകളുടെ എണ്ണം 5649. ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം 724649 ആണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് മരിച്ചവര്‍ 13 പേരാണ്. രക്ഷപ്പെടുത്തിയത് 22034 പേരെ. ദുരന്തം നേരിടുന്ന കാര്യത്തില്‍ മാതൃകയാവാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി. ഇത്തരം ദുരന്തം ഇനിയും ഉണ്ടായാല്‍ നാമുദ്ദേശിക്കുന്ന രീതിയില്‍ ഇനിയും ഇടപെടാന്‍ സാധിക്കണമെന്നും അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പും മുഖ്യമന്ത്രി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക