Image

പത്തനംതിട്ടയിലെ പ്രളയബാധിത ദുരന്തഭൂമിയില്‍ നിന്നും ഇ-മലയാളിയുടെ ലേഖകന്‍ ജയമോഹന്‍.എം എഴുതുന്ന നേര്‍ അനുഭവങ്ങള്‍

Published on 19 August, 2018
പത്തനംതിട്ടയിലെ പ്രളയബാധിത ദുരന്തഭൂമിയില്‍ നിന്നും ഇ-മലയാളിയുടെ ലേഖകന്‍ ജയമോഹന്‍.എം എഴുതുന്ന നേര്‍ അനുഭവങ്ങള്‍

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, ആറന്‍മുള പ്രദേശങ്ങളാകെ ദുരന്തഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളമെങ്ങും പ്രളയം ദുരന്തം വിതച്ചപ്പോഴും പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് പമ്പ പ്രക്ഷുബ്ദമായത്. ചൊവ്വ രാത്രിയില്‍ ചിറ്റാര്‍, സീതത്തോട് ഭാഗത്തുണ്ടായ ആറ് ഉരുള്‍പൊട്ടലുകളോടെയാണ് പ്രളയത്തിന്‍റെ തുടക്കം. ഉരുള്‍പൊട്ടലിനൊപ്പം പമ്പ, കക്കി, ആനത്തോട്, മുഴിയാര്‍ സംഭരണികളില്‍ നിന്നുള്ള ജലപ്രവാഹവും കനത്ത മഴയും ചേര്‍ന്നപ്പോള്‍ പമ്പ പ്രളയക്കടലായി മാറുകയായിരുന്നു. 

രാത്രി രണ്ടു മണിയോടെ പലയിടങ്ങളില്‍ നിന്നും ആളുകള്‍ക്ക് വെള്ളപ്പൊക്കത്തിന്‍റെ മെസേജുകള്‍ ലഭിച്ചു തുടങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നതിനാല്‍ ആളുകള്‍ പ്രതികരിക്കാന്‍ വൈകിയത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചു. പ്രളയത്തിന്‍റെ മെസേജുകള്‍ കേട്ട് വ്യാപരസ്ഥാപനങ്ങളിലേക്ക് പലരും കുതിച്ചെത്തി. എന്നാല്‍ വ്യാപരസ്ഥാപനങ്ങളില്‍ കടന്ന് സാധനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കെ വെള്ളം ഉയര്‍ന്ന് വന്ന് കുടങ്ങിപ്പോയവര്‍ നിരവധി. ചിലര്‍ കെട്ടിടങ്ങളുടെ രണ്ടാംനിലയില്‍ അഭയം തേടേണ്ടി വന്നു. ആ നിലയില്‍ രണ്ടു ദിവസം തികയ്ക്കേണ്ടി വന്നവരുമുണ്ട്. 
ബുധന്‍ പുലര്‍ച്ചയായപ്പോഴേക്കും റാന്നിയില്‍ പമ്പയുടെ രണ്ടു കിലോമീറ്റര്‍ ദൂരയുളള സ്ഥലങ്ങളിലെ രണ്ടുനില വീടുകള്‍ പോലും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വള്ളങ്ങളിലാണ് ആളുകളെ രക്ഷപെടുത്തിക്കൊണ്ടിരുന്നത്. 

എന്നാല്‍ പമ്പയുടെ തീരത്തുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഏറെ ദുഷ്കരമായി. പമ്പയില്‍ നിന്നും വെള്ളം തള്ളിക്കയറുന്നത് മൂലം വള്ളം അടുപ്പിക്കാന്‍ കഴിയാത്തതായിരുന്നു കാരണം. ചെറുകോല്‍പ്പുഴ കോഴഞ്ചേരി ആറന്‍മുള ഭാഗങ്ങളില്‍ രണ്ടാം നിലയും വെള്ളത്തിലാകുന്ന നിലയുണ്ടായി.  ഈ പ്രദേശങ്ങളൊന്നാകെ വൈദ്യുതി വിശ്ചേദിക്കപ്പെടുകയും മൊബൈല്‍ ഫോണ്‍ റേഞ്ചുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ചില സര്‍വീസ് പ്രൊവൈഡറുകളില്‍ സ്ിഗ്നല്‍ ലഭ്യമായപ്പോഴൊക്കെ ആളുകള്‍ വാട്ട്സാപ്പിലും ഫേസ്ബുക്കിലുമായി സഹായമര്‍ഭ്യര്‍ഥിച്ച് മെസേജുകള്‍ നല്‍കികൊണ്ടിരുന്നു. 

എന്നാല്‍ ബോട്ടുകളുടെ ലഭ്യതക്കുറവ് കാരണം രക്ഷാ പ്രവര്‍ത്തനം ആദ്യത്തെ ഒരു ദിവസം തീര്‍ത്തും മന്ദഗതിയാലായിരുന്നു. പമ്പയില്‍ വെള്ളം വീണ്ടും തള്ളിക്കയറുന്നതിനാല്‍ നദിക്കരയിലേക്ക് വള്ളം അടുപ്പിക്കാനു കഴിയാത്ത അവസ്ഥ. പത്തനംതിട്ടക്കാര്‍ക്ക് പൊതുവെ അപരിചിതമായിരുന്ന ഹെലികോപ്ടര്‍ ശബ്ദം സദാ ആകാശത്ത് മുഴങ്ങി തുടങ്ങിയത് ബുധനാഴ്ച വൈകുന്നേരത്തോടെയാണ്. ഹെലികോപ്ടറില്‍ വലിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗികളുള്ള വീടുകളില്‍ രണ്ടാം നിലകളില്‍ കുടങ്ങിപ്പോയവരെ ഹെലികോപ്ടറില്‍ രക്ഷപെടുത്തി. 
പാടശേഖരങ്ങള്‍ ഏറെയുള്ള കോഴഞ്ചേരി ആറന്‍മുള മേഖല പൂര്‍ണ്ണമായും വെള്ളത്തിനടയിലായിരുന്നു. എവിടെയൊക്കെയാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത് എന്ന് തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഇതിനൊപ്പം പുറം ജില്ലകളില്‍ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് വരാനുള്ള എല്ലാ റോഡ് മാര്‍ഗങ്ങളും പ്രളയത്തില്‍ മുങ്ങി. ഇത് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വലിയ തടസമായി. 

കോട്ടയത്തേക്ക് പോകാനുള്ള മല്ലപ്പള്ളി, തിരുവല്ല റോഡ് മാര്‍ഗങ്ങള്‍ പൂര്‍ണ്ണായും വെളളത്തിലായി. അവസാനം തിരുവനന്തപുരത്ത് നിന്നും സൈന്യം ബോട്ടുകള്‍ എത്തിച്ചതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലായി. 
ഇതിനൊപ്പം നേരിട്ട ഏറ്റവും വലിയ ദുരിതം ശുദ്ധജലത്തിന്‍റെ ദൗര്‍ലഭ്യമായിരുന്നു. പ്രളയബാധിത പ്രദേശത്തെ നൂറ് ശതമാനം കിണറുകളും നശിച്ച് ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയിലായി. കടകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ഭക്ഷണസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥ.

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോഴും റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ വൈദ്യുതി ലഭ്യമായിട്ടില്ല. ഒരു ഒരാഴ്ചയെങ്കിലും പിന്നിട്ടാലെ വൈദ്യുതി എത്തി തുടങ്ങുകയുള്ളു. ഇതിനിടയില്‍ മരണപ്പെട്ടവരുടെ ശരിയായ വിവരങ്ങള്‍ ഇനിയും ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. വീടുകള്‍ പാടെ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഇതിനേക്കാള്‍ ഗുരുതരമായ അന്യസംസ്ഥാന തൊഴിലാഴികളുടെ സ്ഥിതി. പ്രളയത്തില്‍ ഏറ്റവും കൊടുതി അനുഭവിച്ചത് കെട്ടിടങ്ങളുടെ രണ്ടാം നിലയിലും മറ്റും ഗ്രൂപ്പായി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. അഞ്ച് ദിവസമായി പലയിടത്തും ഭക്ഷണം പോലും എത്തിയിട്ടില്ല. 

പത്തനംതിട്ട ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയത്തിനാണ് പോയ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. പമ്പ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇത്രമേല്‍ ഇരമ്പിയാര്‍ക്കുന്നത്. 
എന്തായാലും പമ്പയിപ്പോള്‍ ശാന്തമാണ്. വെള്ളം പതിയെ പിന്‍വലിഞ്ഞു തുടങ്ങി. ഉള്‍ഗ്രാമങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ ചെന്ന് തുടങ്ങിയിരിക്കുന്നു. 
കേരളത്തിലെ ദുരന്തത്തിന്‍റെ ചെറിയ പതിപ്പാണ് പത്തനംതിട്ടയില്‍ സംഭവിച്ചത്. ഇതിനേക്കാള്‍ ഭീകരമാണ് വടക്കന്‍ കേരളത്തിലെയും ആലപ്പുഴയിലും അവസ്ഥ. 
കേരളം ലോകത്തോട് കനിവ് തേടുയാണിപ്പോള്‍. ആ കനിവ് പകര്‍ന്ന് നല്‍കാന്‍ ലോകം മുന്നിട്ടറങ്ങുന്ന എന്ന ആശ്വാസമാണ് മലയാളികള്‍ക്ക് കരുത്താകുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക