Image

ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ നേരിയ ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേഫലം

ഏബ്രഹാം തോമസ് Published on 20 August, 2018
ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ നേരിയ ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേഫലം
വാഷിംഗ്ടണ്‍: നവംബറില്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും ഭൂരിപക്ഷം എന്നറിയുവാന്‍ വിവിധ സര്‍വ്വേകള്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധി സഭയിലെ എല്ലാ 435 കോണ്‍ഗ്രഷ്‌നല്‍ ഡിസ്ട്രിക്ടുകളും 100 സെനറ്റ് സീറ്റുകളില്‍ 33 എണ്ണവുമാണ് ജനവിധി തേടുന്നത്.

2011 മുതല്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. 2016 ലെ തിരഞ്ഞെടുപ്പില്‍ അഞ്ചും ഒരു സ്‌പെഷ്യല്‍ ഇലക്ഷനില്‍ ഒന്നും സീറ്റുകള്‍ നഷ്ടപ്പെട്ടു എങ്കിലും ഇപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് ഭൂരിപക്ഷം. എന്നാല്‍ നവംബര്‍ 6-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി മാറുമെന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു സര്‍വേഫലം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 222 സീറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 216 സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്. മൊത്തം കൂട്ടിയാല്‍ 438 വരും. എന്നാല്‍ പ്രവചനത്തില്‍ ഏറ്റക്കുറച്ചിലുണ്ടായാല്‍ ഇത് യാഥാര്‍ത്ഥ്യമാവില്ല. മാത്രമല്ല ഈ സര്‍വേ ഫലത്തില്‍ 11 സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാമെന്നും മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.

സെനറ്റ് മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആറു വര്‍ഷം- ജനുവരി 3, 2019 മുതല്‍ ജനുവരി 3, 2025 വരെ സെനറ്റര്‍മാരായി തുടരാം. ഡെമോക്രാറ്റുകളുടെ കൈവശമുള്ള 24 സീറ്റുകളുടെയും(രണ്ട് സ്വതന്ത്രര്‍ അവരുടെ കോക്കസില്‍ ഉള്ളവര്‍ ഉള്‍പ്പെടെ) 9 റിപ്പബ്ലിക്കന്‍ സീറ്റുകളുടെയും വിധിയെഴുത്താണ് നടക്കുക. 2012 ലാണ് ഇതിന് മുമ്പ് ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഒഴിവ് വന്നപ്പോള്‍ മിനിസോട്ടയിലും മിസ്സിസ്സിപ്പിയിലും സ്‌പെഷ്യല്‍ ഇല്കഷനുകള്‍ നടന്നു. 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അധികാരികള്‍ ഈ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടിംഗ് സംവിധാനം മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു.

39 ഗവര്‍ണ്ണര്‍മാരുടെയും ചില സംസ്ഥാന, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ നവംബര്‍ 6ന് നടക്കും. റിപ്പബ്ലിക്കനുകള്‍ക്ക് ഇപ്പോള്‍ ഉള്ളതില്‍ ഒരു സെനറ്റ് സീറ്റ് മാത്രമേ നഷ്ടപ്പെടുത്തുവാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ നഷ്ടപ്പെട്ടാല്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ട് ലഭ്യമാവുകയില്ല. ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം നിലവില്‍വരും. ഒരു സീറ്റാണ് നഷ്ടമാവുന്നതെങ്കില്‍ ബലാബലം, 50-50 ആയിരിക്കും. അപ്പോള്‍ വൈസ് പ്രസിഡന്റിന്റെ വോട്ട് സഹായത്തിനെത്തും. റിപ്പബ്ലിക്കനുകളുടെ മൂന്ന് സീറ്റുകള്‍ ടെന്നിസ്സി, യുട്ട, അരിസോണ റിട്ടയര്‍മെന്റും പ്രഖ്യാപിച്ചവയാണ്. നിലവിലെ സെനറ്റര്‍മാര്‍ പിന്മാറുന്നതിനാല്‍ കടുത്ത മത്സരം നിശചയമാണ്.

തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പുതിയ പുതിയ പിഎസികള്‍ രംഗപ്രവേശം ചെയ്യുകയാണ്. സൂപ്പര്‍ പിഎസി(പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി)കള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധാരാളം പണം ഒഴുക്കാം. ദാതാക്കളുടെ പേര് വിവരം വെളിപ്പെടുത്തേണ്ടതില്ല.

മുന്‍ വൈറ്റ് ഹൗസ് മുഖ്യനയതന്ത്രജ്ഞന്‍ സ്റ്റീവ് ബാനന്‍ 25 പേരടങ്ങുന്ന ഒരു പ്രോ ട്രമ്പ് റാപ്പിഡ് റെസ് പോണ്‍സ് ആന്റ് പോളിംഗ് ഓപ്പറേഷന്‍ ആരംഭിച്ചു. സിറ്റിസണ്‍സ് ഫോര്‍ അമേരിക്കന്‍ റിപ്പബ്ലിക്കാണ് ബാനന്റെ പിഎസി. വാദ സംവാദങ്ങള്‍, ടിവി റേഡിയോ പരസ്യങ്ങള്‍ എന്നിവ നടത്തും. യാഥാസ്ഥിതിക നിലപാട് വ്യക്തമാക്കുന്ന അനവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായ ട്രമ്പ് അറ്റ് വാര്‍ എന്നൊരു ഡോക്യൂമെന്ററി ഉടനെ റിലീസ് ചെയ്യുന്നു. ഹിലരി ക്ലിന്റണ്‍ ട്രമ്പ് അനുയായികളെ ശോചനീയവസ്ഥയിലുള്ളവര്‍ എന്ന് വിശേഷിപ്പിച്ച പ്രസംഗത്തിന്റെ രണ്ടാം വാര്‍ഷികമായ സെപ്തംബറില്‍ തന്നെ റിലീസ് ചെയ്യാനാണ് പദ്ധതി. പ്രസിഡന്റിനെ ഒരു പൊതു സമ്മതനായ നായകനായും തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ രാഷ്ട്രീയ നേതാവായും വിശാലവാദികളായ വിമര്‍ശകരെ നിഷേധിച്ച വ്യക്തിയായും ഈ ലഘുചിത്രത്തില്‍ ചിത്രീകരിക്കുന്നു.

ട്രമ്പിന്റെ ഉപദേശകര്‍ പറയുന്നത് ട്രമ്പ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ തയ്യാറെടുക്കുക സംസ്‌കാരങ്ങളുടെ യുദ്ധം മുന്‍ നിര്‍ത്തി ആയിരിക്കും എന്നാണ്. ഇതിനെക്കുറിച്ച് ചിത്രം പ്രതിപാദിക്കുകയില്ല. എന്നാല്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ക്രിയാത്മക വശത്തിന് പ്രാധാന്യം നല്‍കും. ഇതോടൊപ്പം ട്രമ്പിന്റെ പ്രസിഡന്റ് കാലത്ത് വിശാലവാദികള്‍ ട്രമ്പ് അനുകൂലികളെ പലപ്പോഴും അക്രമപരമായ തെരുവ് യുദ്ധങ്ങളില്‍ നേരിട്ടസംഭവങ്ങളും വിവരിക്കും.

ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ നേരിയ ഭൂരിപക്ഷം നേടുമെന്ന് സര്‍വ്വേഫലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക