Image

സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരണം

Published on 20 August, 2018
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരണം

സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചയാള്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് സൈനികന്‍ രംഗത്ത് വന്നത്.

പത്തനംതിട്ട കടമ്മനിട്ട സ്വദേശി കെ.എസ്.ഉണ്ണിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സൈബര്‍ പൊലീസ് അറിയിക്കുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ഇയാളിപ്പോള്‍ ഡിഫെന്‍സ് സെക്യൂരിറ്റി കോറിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

ആള്‍മാറാട്ടമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും പട്ടാള വേഷത്തിലിരുന്ന് ഇയാള്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൈന്യത്തോട് കേരളസര്‍ക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാത്തതെന്നുമായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും. ആര്‍മി കേരളത്തില്‍ വന്നതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ലെന്നും ആര്‍മി ഭരണം പിടിച്ചെടുക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

തുടര്‍ന്നാണ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായത്. സൈനികവേഷത്തിലായതിനാല്‍ സൈനികനാണോ എന്നതായിരുന്നു ആദ്യം അന്വേഷിച്ചത്. എന്നാല്‍ സൈനികനല്ലെന്നായിരുന്നു കരസേന അറിയിച്ചിരുന്നത്. അതേസമയം ഇത്തരം ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും കരസേന നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈനികനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക