Image

അവസാനത്തെ ആളെയും രക്ഷിച്ച ശേഷമേ സൈനികര്‍ മടങ്ങുകയുള്ളൂവെന്ന് കരസേനാ ദക്ഷിണ മേധാവി ലഫ്.ജനറല്‍ ഡി.ആര്‍ സോണി

Published on 20 August, 2018
അവസാനത്തെ ആളെയും രക്ഷിച്ച ശേഷമേ സൈനികര്‍ മടങ്ങുകയുള്ളൂവെന്ന് കരസേനാ ദക്ഷിണ മേധാവി ലഫ്.ജനറല്‍ ഡി.ആര്‍ സോണി
പ്രളയമേഖലയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷിച്ച ശേഷമേ സൈനികര്‍ മടങ്ങുകയുള്ളൂവെന്ന് കരസേനാ ദക്ഷിണ മേധാവി ലഫ്.ജനറല്‍ ഡി.ആര്‍ സോണി. ഇനി എത്രപേരെ രക്ഷിക്കാനുണ്ടെന്നോ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നതോ സംബന്ധിച്ച്‌ വ്യക്തമായ കണക്കുകളൊന്നുമില്ല. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞാലും അവിടങ്ങളില്‍ കരസേന ഉണ്ടാവും. സംസ്ഥാന ഭരണകൂടം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഏറ്റെടുക്കുന്നതുവരെ കരസേനയുടെ സേവനം ഉണ്ടാകും.

പ്രകൃതി ദുരന്തസമയത്ത് ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഒരുക്കും. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് 27 ബോട്ടുകള്‍ ജോധ്പൂരില്‍ നിന്നും 15 ബോട്ടുകള്‍ ഭോപ്പാലില്‍ നിന്നുമാണ് എത്തിച്ചത്.വാര്‍ത്താ വിനിമയ ഉപകരണങ്ങളും ലൈഫ് ജാക്കറ്റുകളും പൂനയില്‍ നിന്നുമെത്തിച്ചു. ഇനിമുതല്‍ മണ്‍സൂണ്‍ കാലത്ത് ഇവ ദക്ഷിണേന്ത്യയില്‍ ഒരിടത്ത് കേന്ദ്രീകരിക്കും. ഇന്‍ഫന്‍ട്രി, എന്‍ജിനീയറിംഗ്, മെഡിക്കല്‍ ഉള്‍പ്പടെ 70 സംഘങ്ങളാണ് കേരളത്തില്‍ രക്ഷാദൗത്യം നടത്തുന്നത്. മെഡിക്കല്‍ ടീം സന്നദ്ധമായി നില്‍ക്കുകയാണ്. സംസ്ഥാന ഭരണകൂടം, കേന്ദ്രസര്‍ക്കാര്‍, മറ്റ് സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്ത നിവാരണസേന തുടങ്ങിയവരുമായി മികച്ച രീതിയിലുള്ള സഹകരണത്തോടെയാണ് രക്ഷാദൗത്യം നടത്തിയത്. 

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണ്. പ്രളയത്തില്‍ തകര്‍ന്ന സ്ഥലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് സൈന്യമല്ല. യുദ്ധകാലത്തും സമാധാന കാലത്തും പ്രകൃതി ദുരന്തങ്ങളിലും ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് സൈന്യത്തിന്റെ ജോലി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. സൈനിക വേഷം ധരിച്ച്‌ ഒരാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ കെട്ടുപോകുന്ന മികവല്ല സൈന്യത്തിന്റേതെന്നും ലഫ്.ജനറല്‍ ഡി.ആര്‍. സോണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക