Image

നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്.. സന്നദ്ധപ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി വാസുകി ഐഎസിന്റെ പ്രസംഗം

Published on 20 August, 2018
നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്.. സന്നദ്ധപ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി വാസുകി ഐഎസിന്റെ പ്രസംഗം
രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരെയല്ല മുന്നില്‍ നിന്നു നയിക്കുന്ന യഥാര്‍ത്ഥ നേതാക്കന്മാരെയാണ് വേണ്ടതെന്ന് പ്രളയ മുഖത്തുപെട്ട മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. രക്ഷാദൗത്യത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്ന യുവാക്കളെ മുന്നില്‍ നിന്നു നയിക്കുന്ന കേരളത്തിലെ യുവ ഐഎസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനുദാഹരണം. തിരുവനന്തപുരത്തിന് ഇപ്പോള്‍ എല്ലാം അവരുടെ സ്വന്തം കളക്ടര്‍ വാസുകിയാണ്. ദുരിത മേഖലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഒരുപോലെയെത്തുന്ന കളക്ടര്‍. രാവും പകലുമില്ലാതെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ കളക്ഷന്‍ സെന്ററില്‍ പ്രളയബാധിതരെ സഹായിക്കാന്‍ സാധനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തകര്‍ക്കും പിന്തുണ കളക്ടറാണ്. കഴിഞ്ഞ ദിവസം രാത്രി സെന്ററിലെത്തിയ കളക്ടര്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകരെ വീണ്ടും ആവേശത്തിലാക്കുന്നതായിരുന്നു.

'നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? മനസ്സിലാക്കുന്നുണ്ടോ?. നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. നമ്മള്‍ കേരളത്തിന്, മലയാളികള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കേരളത്തിന് തന്നെ കാണിച്ചു കൊടുക്കുകയാണ്. ഇത്രയും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും വസ്തുക്കളും കേരളത്തില്‍ നിന്നു തന്നെ പോകുന്നെന്ന് പറയുന്നത് അന്താരാഷ്ട്ര വാര്‍ത്തയാവുകയാണ്. എന്റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി എങ്ങനെ പോരാടിയോ അതുപോലെ പട്ടാളക്കാരെപ്പോലെയാണ് നിങ്ങളെല്ലാവരും നില്‍ക്കുന്നത്. അത്ഭുതപ്പെടുത്തുന്നതാണ് നിങ്ങളുടെ പ്രവൃത്തി.

നിങ്ങളുടെ പ്രവൃത്തിമൂലം സര്‍ക്കാരിനു ലഭിച്ച ഗുണമെന്താണെന്നു വെച്ചാല്‍ തൊഴിലാളികള്‍ക്കു നല്‍കേണ്ട പണം ലാഭിച്ചു. എയര്‍പോട്ടില്‍ വരുന്ന സാധനങ്ങള്‍ കയറ്റാനും ഇറക്കാനും 400ഓളം സന്നദ്ധസേവകാരാണുളളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടാനുകോടികളായിരിക്കും ലേബര്‍ ചാര്‍ജ്. അത്രയും സേവനം നിങ്ങള്‍ സര്‍ക്കാരിന് ചെയ്തു നല്‍കുന്നുണ്ട്. ഒരുപാട് സമയം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ കോളേജില്‍ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവെച്ചാല്‍ ഞാന്‍ ഓപ്പോട് എന്നു പറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് എന്നു പറയണം.' പിന്നാലെ കളക്ടര്‍ ഓപ്പോട് പറഞ്ഞു, ക്യാമ്പ് ഏറ്റുവിളിച്ചു.. ഓഹോയ്.... 

തങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റോ കുറവോ ഉണ്ടെങ്കില്‍ ക്ഷമിക്കണം, എന്നു പറഞ്ഞാണ് കളക്ടര്‍ പ്രസംഗം അവസാനിപ്പിച്ചത്. ക്യാമ്പിനെ ആവേശത്തിലാക്കിയ കളക്ടറുടെ പ്രസംഗം ഇപ്പോള്‍ വൈറലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക