Image

പ്രളയക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 820 കോടി രൂപ

Published on 20 August, 2018
പ്രളയക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 820 കോടി രൂപ
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 820 കോടി രൂപ. 350 കോടി രൂപയുടെ ഉപകരണങ്ങള്‍ തകരാറിലായി. 470 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. 28 സബ് സ്‌റ്റേഷനുകളും 5 ഉല്‍പ്പാദന നിലയങ്ങളും പ്രവര്‍ത്തനം നിലച്ചു. അഞ്ച് ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 1200 ട്രാന്‍സ്‌ഫോമറുകള്‍ വെള്ളത്തിനടിയിലാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

പ്രളയം മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് പതിനായിരം ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കെ കെടുതി മാറിയ പ്രദേശങ്ങളില്‍ 4500ഓളം ട്രാന്‍സ്‌ഫോമറുകള്‍ ചാര്‍ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്‌ഫോമറുകള്‍ വെള്ളത്തിനടിയിലാണ്. അവ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങി. 

വൈദ്യുതി ബന്ധം നിലച്ച പ്രദേശങ്ങളില്‍ അവ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും. നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് മീഷന്‍ റീകണക്ട് എന്ന പേരില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. വിതരണ വിഭാഗം ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും. 

പ്രശ്‌ന ബാധിത സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ചീഫ് എഞ്ചിനീയര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇതിനായി സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരുടേയും സേവനം പ്രയോജനപ്പെടുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക