Image

പ്രതിരോധമില്ലാതെ പ്രതിരോധമന്ത്രി

ജി.കെ Published on 30 March, 2012
പ്രതിരോധമില്ലാതെ പ്രതിരോധമന്ത്രി
മിതഭാഷിയും സൗമ്യശീലനും ശാന്തസ്വഭാവിയും സര്‍വോപരി ആദര്‍ശധീരനുമായ അറയ്‌ക്കല്‍ പറമ്പില്‍ കുര്യന്‍ ആന്റണി എന്ന എ.കെ.ആന്റണിയെ രാജ്യത്തിന്റെ പ്രതിരോധച്ചുമതല ഏല്‍പ്പിക്കുമ്പോള്‍ പുരികം ചുളിച്ചവര്‍ പലരായിരുന്നു. അഴിമതിയുടെയും കമ്മീഷന്റെയും കോഴയുടെയും കൂത്തരങ്ങായ പ്രതിരോധവകുപ്പെന്ന മുള്‍ക്കിരീടം ആന്റണിക്ക്‌ എത്രമാത്രം ചേരുമെന്ന കാര്യത്തിലായിരുന്നു ഉത്തരേന്ത്യക്കാര്‍ക്കെന്നപോലെ മലയാളികള്‍ക്കും ആശങ്ക. പണ്‌ട്‌ പഞ്ചസാര കുംഭകോണമെന്ന്‌ കേട്ടപ്പോഴെ രാജിവെച്ചുപോയ മന്ത്രിയെന്ന നിലയില്‍ സ്വതേ ദുര്‍ബലനായ ആന്റണിയെ രാജ്യത്തിന്റെ സുപ്രധാന വിഷയമായ പ്രതിരോധം ഏല്‍പ്പിക്കുമ്പോള്‍ ആ ആശങ്കയ്‌ക്ക്‌ അടിസ്ഥാനമുണ്‌ടായിരുന്നു.

എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താക്കിയായിരുന്നു ആന്റണി പ്രതിരോധവകുപ്പിലും ആദര്‍ശത്തിന്റെ ആയുധക്കച്ചവടം ആരംഭിച്ചത്‌. സൈന്യത്തെ ആധുനികവല്‍ക്കരിക്കാനും കാര്‍ഗിലിലെയും ലഡാക്കിലെയുമെല്ലാം സൈനിക ചെക്‌പോസ്റ്റുകളില്‍ നേരിട്ടെത്തി സൈനികര്‍ക്ക്‌ ആത്മവിശ്വാസം നല്‍കിയുമുള്ള ആന്റണിയുടെ നടപടികള്‍ സൈന്യത്തിലെന്നപോലെ രാജ്യത്തും മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മൂല്യമുയര്‍ത്തി. സൈനിക ഇടപാടുകള്‍ ആരോപണം ഉയര്‍ന്നാലുടനെ റദ്ദാക്കുന്ന സമ്പ്രദായം കൂടി നടപ്പാക്കി സുതാര്യമാക്കിയതോടെ ആന്റണി പ്രതിരോധ വകുപ്പിലെയും മുന്നേറ്റക്കാരനായി.

എന്നാല്‍ ഇതെല്ലാം ഇന്നലെവരെയുള്ള കഥ. ചന്ദനം ചാരിയാല്‍ ചന്ദനവും ചാണകം ചാരിയാല്‍ ചാണകവും മണക്കുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന സംഭവവികാസങ്ങളാണ്‌ ഓരോദിവസവും പ്രതിരോധ വകുപ്പില്‍ നിന്നും കേന്ദ്ര മന്ത്രിസഭയില്‍ നന്നും പുറത്തുവരുന്നത്‌. എ.രാജയെപോലുള്ള മന്ത്രിമാര്‍ ഉണ്‌ടായിരുന്നതുകൊണ്‌ട്‌ അഴിമതക്കഥകള്‍ക്ക്‌ പഞ്ഞമില്ലാതിരുന്നൊരു മന്ത്രിസഭയില്‍ ഇപ്പോള്‍ കേരളത്തിന്റെ ആദര്‍ശധീരന്‍ നയിക്കുന്ന പ്രതിരോധവകുപ്പും ആ ഗണത്തിലേക്ക്‌ എടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നു.

സൈനിക വാഹനങ്ങള്‍ വാങ്ങിയതിന്‌ കൈക്കൂലി വാഗ്‌ദാനം ലഭിച്ചുവെന്നും ഇക്കാര്യം അന്നു തന്നെ പ്രതിരോധമന്ത്രിയെ അറിയിച്ചിരുന്നുവെന്നുമുള്ള കരസേനാ മേധാവി വി.കെ.സിംഗിന്റെ ആദ്യ വെടി ആന്റണിയുടെ കടുത്ത നിലപാടുമൂലം നേരത്തെ വിരമിക്കേണ്‌ടിവന്നതിലെ കൊതിക്കെറുവുമാത്രമായി തള്ളിക്കളയാമെന്ന്‌ കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ്‌ പ്രതിരോധമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഓരോദിവസവും പുറത്തുവരുന്നത്‌. ഇതോടെ കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും ആദര്‍ശ മുഖ(മൂടി)കളില്‍ ഒന്നായ എ.കെ.ആന്റണിയുടെ ആദര്‍ശക്കുപ്പായത്തിലും ചെളി തെറിച്ചിരിക്കുന്നു. അത്‌ കഴുകി കളയേണ്‌ട ബാധ്യത അദ്ദേഹത്തിന്‌ തന്നെയാണുതാനും.

്‌14 കോടി രൂപയുടെ കൈക്കൂലി വാഗ്‌ദാനത്തെക്കുറിച്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുകയും രാജ്യസഭില്‍ കരച്ചിലിന്റെ വക്കോളമെത്തിയ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തെപ്പോലും വികാരധീനരാക്കുകയും ചെയ്‌തതിലൂടെ എളുപ്പം മറികടക്കാമെന്നു കരുതിയ പ്രതിസന്ധിയാണ്‌ ഇപ്പോള്‍ പുകഞ്ഞു കത്തുന്നത്‌. 2009 ഒക്ടോബര്‍ അഞ്ചിന്‌ ട്രക്കുകള്‍ വാങ്ങുന്നതിലെ അഴിമതി സംബന്ധിച്ച്‌ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്‌ ആന്റണിയ്‌ക്ക്‌ കത്തയച്ചിരുന്നുവെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ഹനുമന്തപ്പയുടെ കത്തിനെ തുടര്‍ന്ന്‌ സോണിയാഗാന്ധി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി അത്‌ ചെയ്‌തില്ലെന്ന വാര്‍ത്തയാണ്‌ കെട്ടടങ്ങിയ വിവാദ കൊടുങ്കാറ്റിനെ വീണ്‌ടും ആളിക്കത്തിച്ചിരിക്കുന്നത്‌.

സൈനിക മേധാവിയുടെ കൈക്കൂലി വിവാദത്തില്‍ എ.കെ. ആന്റണിയെ വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കുകയും എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌ത ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍പോലും പുതിയ വെളിപ്പെടുത്തലുകള്‍ക്ക്‌ ആന്റണി നേരിട്ടുതന്നെ മറുപടി പറയണമെന്നും അല്ലാത്തപക്ഷം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടതോടെ ആദര്‍ശധീരന്റെ പ്രതിച്ഛായയിലും മങ്ങലേറ്റുതുടങ്ങി.

സൈനികമേധാവി കൈക്കൂലി വാഗ്‌ദാനം ലഭിച്ചുവെന്ന്‌ അറിയിച്ചപ്പോള്‍ തലയില്‍ കൈവെച്ച്‌ ഇരുന്നുപോയെന്ന്‌ പറഞ്ഞ ആന്റണി ശരിക്കും തലയില്‍ കൈവെച്ച്‌ ഇരുന്ന്‌ പോയത്‌ പുതിയ വെളിപ്പെടുത്തലോടെയാണെന്ന്‌ മാത്രം. കാരണം രാജ്യസുരക്ഷയെന്നും അതീവരഹസ്യമെന്നും പറഞ്ഞ്‌ ഒളിച്ചുവെക്കാന്‍ കഴിയാത്ത ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം ഇനി ഉത്തരം പറയേണ്‌ടതുണ്‌ട്‌. രണ്‌ടുവര്‍ഷം മുമ്പ്‌ സൈനിക മേധാവി കോഴ വാഗ്‌ദാനം അറിയിക്കുകയും എന്നാല്‍ അദ്ദേഹം അന്വേഷണത്തിന്‌ താല്‍പര്യം പ്രകടിപ്പിക്കാത്തതുകൊണ്‌ട്‌ അന്വേഷണം നടത്തിയില്ലെന്നും പറയുന്ന ആന്റണി പിന്നെ ഇപ്പോള്‍ സിബിഐ അന്വേഷണം നടത്തുന്നതെന്തിനെന്ന ചോദ്യമാണ്‌ അതില്‍ പ്രധാനം. സൈനിക മേധാവി താല്‍പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍ പോലും മന്ത്രിയെന്ന നിലയില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനും നടപടിയെടുക്കാനും അദ്ദേഹത്തിന്‌ ഉത്തരവാദിത്തമില്ലേ.

ശതകോടികളുടെ ആയുധകച്ചവടം നടക്കുന്ന പ്രതിരോധവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നതെങ്കിലും ആന്റണി കൈക്കൂലിക്കാരനാണെന്നോ കോഴ വാങ്ങിയെന്നോ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല. അതിപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും പറയില്ല.അതുകൊണ്‌ടുമാത്രം കാര്യമാകുന്നില്ല. കാരണം സത്യസന്ധത മാത്രമല്ല മന്ത്രിയോ പു#്‌രധാനമന്ത്രിയോ ആയിരിക്കാനുള്ള കൈമുതല്‍. കാര്യക്ഷമതകൂടിയാണ്‌.

സര്‍ക്കാരിന്റെ ടെലികോംനയത്തെ തന്നെ ഹൈജാക്‌ ചെയ്‌ത്‌ എ.രാജ അഴിമതയുടെ സ്‌പെക്‌ട്രം വിതരണം ചെയ്യുന്നുവെന്ന്‌ അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഒരു പ്രധാനമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്രയൊക്കെ കാര്യക്ഷമത മതിയെന്നാണ്‌ ആന്റണി കരുതുന്നതെങ്കില്‍ ഏത്‌ ആദര്‍ശത്തിനും അദ്ദേഹത്തെ രക്ഷിക്കാനാവില്ല. സൈനികമേധാവിയുടെ വയസു സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനമെടുക്കാതെ ദീര്‍ഘിപ്പിച്ചതാണ്‌ പ്രശ്‌നം സുപ്രീംകോടതിയില്‍ എത്തുന്നതുവരെ വഷളാക്കിയത്‌.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും മറ്റൊന്നുമല്ല. രണ്‌ടുവര്‍ഷം മുമ്പറിഞ്ഞൊരു കാര്യത്തില്‍ കാര്യക്ഷമമായ നടപടികളുണ്‌ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാവില്ലായിരുന്നുവെന്നത്‌ രണ്‌ടുതരം. അതുകൊണ്‌ട്‌ ഇപ്പോഴുണ്‌ടായിരിക്കുന്ന ആരോപണങ്ങളുടെ ചെളിവാരിയേറില്‍ നിന്ന്‌ സ്വയം രക്ഷിക്കുന്നതിനൊപ്പം പ്രതിരോധവകുപ്പിനെയും രക്ഷിക്കേണ്‌ടത്‌ ആന്റണിയുടെ മാത്രം കടമയാണ്‌. അത്‌ അദ്ദേഹം കാര്യക്ഷമമായി നിര്‍വഹിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക