Image

ഓണം ഫ്യൂഡല്‍ കാപട്യത്തിന്റെ മറ്റൊരു മുഖം? (ലേഖനം: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 21 August, 2018
ഓണം  ഫ്യൂഡല്‍ കാപട്യത്തിന്റെ മറ്റൊരു മുഖം? (ലേഖനം: ജയന്‍ വര്‍ഗീസ്)
മാവേലി നാട് വാണീടും കാലം, 
മാനുഷരെല്ലാരും ഒന്ന് പോലെ!

എന്തൊരു സുന്ദരമായ അവസ്ഥ? അറബിക്കടലിന്റെ തീരത്തെ ഈ ചുവന്ന മണ്ണില്‍ അങ്ങിനെയൊരവസ്ഥ നില നിന്നിരുന്നുവത്രെ? കാല പ്രവാഹത്തിന്റെ കടും തുടികളില്‍ ബുദ്ധനും, ക്രിസ്തുവും,  നബിയും, കാറല്‍ മാര്‍ക്‌സും മുതല്‍ ഗാന്ധിയും, മാര്‍ട്ടിന്‍ ലൂഥറും, ശ്രീ നാരായണനും വരെയുള്ളവര്‍ കൊട്ടിപ്പാടിയത് ഈയൊരവസ്ഥക്ക് വേണ്ടിയായിരുന്നുവല്ലോ? എന്നിട്ടൊന്നും നടപ്പാവാതിരുന്ന ഈയൊരവസ്ഥ, ദക്ഷിണ ഇന്ത്യയിലെ ഒരു വിസ്തൃത പ്രദേശത്ത് എന്നോ ഒരിക്കല്‍ എങ്ങിനെയോ നില നിന്നിരുന്നുവത്രെ!?...നമുക്കഭിമാനിക്കാം!

സ്മരണകളില്‍ മധുരം കിനിയുന്ന മനോഹരമായ ഈ അവസ്ഥയുടെ ഉപജ്ഞാതാവും, ഉപകര്‍ത്താവുമായ ഒരാളെ, ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരായ ദേവന്മാരുടെ ഒരു പ്രതിനിധി യാതൊരു കാരണവുമില്ലാതെ, ' അഹങ്കാരിയായ അസുരന്‍' എന്ന അപഖ്യാതിയും തലയില്‍ ചാര്‍ത്തി ചുമ്മാ മണ്ണിന്നടിയിലേക്ക് ചവിട്ടിത്താഴ്ത്തിക്കളഞ്ഞു എന്ന് പറഞ്ഞാല്‍, ' ഇതത്ര ശരിയായില്ലാ ' എന്ന് ഏതൊരു പിള്ളാച്ചനും പറഞ്ഞു പോകും.

ദേവന്‍, അസുരന്‍ എന്നീ പദങ്ങള്‍ അതിന്റെ ശരിയായ അര്‍ഥത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍, ഇവിടെ വാമനന്‍ അസുരനും, മഹാബലി ദേവനുമായിത്തീരുന്നു! എന്തു കൊണ്ടെന്നാല്‍, ദേവന്‍ എന്നും നന്മയുടെ സംരക്ഷകനായിരുന്നുവെന്ന് ദേവന്മാരുടെ കഥകള്‍ തന്നെ പറയുന്നുണ്ട്. അതായത്, ' ധര്‍മ്മ സംസ്ഥാപനാര്‍ഥായ ' ആണ് ' സംഭവാമി യുഗേ യുഗേ ' സംജാതമാകുന്നത്? ഇതിനു വേണ്ടി നടത്തിയ ആരും കൊലകളുടെ പരമ്പരയാണ് അവതാര കഥകള്‍. ഹയഗ്രീവാസുരന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യ കശിപു, കാര്‍ത്ത വീര്യന്‍, രാവണന്‍, പ്രലംബാസുരന്‍, കംസന്‍ തുടങ്ങി എത്ര പേരാണ് കാലപുരി പൂകിയത്? മഹാബലി കൊല്ലപ്പെട്ടില്ലങ്കിലും, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതും, ' ധര്‍മ്മ സംസ്ഥാപനാര്‍ഥായ' എന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിട്ടുള്ള മറ്റൊരു സംഭവാമി?

മാവേലി  നാടിന് എന്തായിരുന്നൂ ധര്‍മ്മച്യുതി? കള്ളപ്പണവും, ചെറുനാഴിയും കള്ളത്തരങ്ങളും, കയ്യേറ്റങ്ങളും ഒന്നുമില്ലാതെ, എല്ലാ മനുഷ്യരും തുല്യാവകാശത്തോടെ കഴിഞ്ഞിരുന്ന അന്ന് എവിടെ എന്തായിരുന്നൂ ധര്‍മ്മ വിധ്വംസനം? ധര്‍മ്മം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിലനിന്നിരുന്ന ഇവിടെ ' ധര്‍മ്മ സംസ്ഥാപനാര്‍ഥായ' എന്തിനായിരുന്നൂ ഈ പൊറാട്ടു നാടകം?

'മാനുഷരെല്ലാരുമൊന്നുപോലെ ' എന്ന ഒറ്റ കൊടിപ്പടത്തിന് കീഴില്‍, അടിമകളുടെ കാലുകള്‍ മോചിപ്പിച്ച മാര്‍ക്‌സിയന്‍ സോഷ്യലിസവും, ' 'അപരന്‍ (അയല്‍ക്കാരന്‍) നിന്നെപ്പോലെ ' എന്ന െ്രെകസ്തവ തത്വ ദര്‍ശനവും, സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചു നടപ്പിലാക്കിയ മനുഷ്യ സ്‌നേഹിയായ മഹാബലിയെ, കേവലമൊരു ആള്‍മാറാട്ടത്തില്‍ കുടുക്കി അധികാര ഭൃഷ്ടനാക്കി അധോലോകത്തിലേക്ക് ആട്ടിപ്പായിച്ചു എന്ന് പറഞ്ഞാല്‍, ഏതുദേവേന്ദ്രനായാലും, ' ഇത് നീതിയായില്ലാ 'എന്ന് മുഖത്തുനോക്കി പറയാന്‍ അത്ര വലിയ പാണ്ഡിത്യമൊന്നും വേണമെന്ന് തോന്നുന്നില്ല.

എന്നിട്ടും ഓണപ്പാട്ടുകളും, ഓണക്കഥകളുമെഴുതി നമ്മുടെ എഴുത്തുകാര്‍ മഹാകവികളും, മഹാകാഥികന്‍മാരുമൊക്കെ ആയിക്കൊണ്ടിരിക്കുന്നു! അകത്തെ വെള്ളത്തില്‍ തുഴയെറിഞ്  അസ്സോസിയേഷന്‍കാര്‍ പുറത്ത് വള്ളം തുഴയുന്നു! ഓണച്ചന്തകളും, ഓണക്കളികളും ഉദ്ഘാടിച്ചുകൊണ്ട് മന്ത്രിമാര്‍ നാടുചുറ്റുന്നു! മഹാബലിക്കാലത്തിന്റെ മഹത്തായ നന്മ്മകള്‍ സ്വതം നിയോജക മണ്ഡലത്തില്‍ അടിയന്തിരമായി നടപ്പിലാക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു! അതിനുള്ള ഫണ്ടുകളുടെ റിസോഴ്‌സുകള്‍ കണ്ടെത്തുന്നതിനായി മത്തായിയും, മമ്മതും, കുടിയേറിപ്പാര്‍ക്കുന്ന ഗള്‍ഫ് അമേരിക്കന്‍ നാടുകളില്‍ ഉടന്‍ സകുടുംബം പര്യടനം നടത്തുന്നതാണെന്ന് വിളംബരം ചെയ്യുന്നു. എന്നിട്ട് , എല്ലുന്തി, പല്ല് കൊഴിഞ്ഞു ചുക്കിച്ചുളിഞ്ഞ ഗ്രാമീണ ദരിദ്ര വര്‍ഗ്ഗത്തിലെ തന്റെ പ്രിയപ്പെട്ട വോട്ടര്‍ പാവകള്‍ക്ക്, തക്കാളിപ്പഴം പോലെ ചുവന്നു തുടുത്ത തന്റെ സ്വന്തം മുഖത്തുനിന്ന്, തികച്ചും കലാപരമായി ആവിഷ്‌ക്കരിച്ച ഒരു 'ടെക്‌സ്‌റ്റൈല്‍ പുഞ്ചിരി 'സൗജന്യമായി സമ്മാനിച്ചു കൊണ്ട്, കൊടിവച്ച കാറില്‍ക്കേറി മീശക്കാരന്‍ സാറമ്മാരുടെ അകന്പടിയോടെ അകലങ്ങളില്‍ അപ്രത്യക്ഷരാകുന്നു! മാവേലി നാടിന്റെ മധുര സ്വപ്നങ്ങളും പേറി ചോരുന്ന കൂരകളില്‍ ദാരിദ്ര്യരേഖപ്പുതപ്പിനടിയില്‍ പാവങ്ങള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു!!

ഓ!  ടെക്‌സ്‌റ്റൈല്‍ പുഞ്ചിരിയോ? അത് നമ്മുടെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളിലെ വില്പനക്കാരികള്‍ കസ്റ്റമേഴ്‌സിന് വേണ്ടി പ്രത്യേകം വിരിയിച്ചെടുക്കുന്നതും, തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാര്‍ കോപ്പി ചെയ്യുന്നതും, വില്‍പ്പനയും, തെരഞ്ഞെടുപ്പും കഴിഞ്ഞാല്‍ പെട്ടന്നസ്തമിക്കുന്നതുമായ ആ ഒലിപ്പിക്കലുണ്ടല്ലോ അത്.

ഇങ്ങിനെയൊക്കെ ചിന്തിക്കുന്‌പോള്‍ എവിടെയോ ഒരു പന്തികേട്. ഒരു വല്ലായ്മ! ഈ വല്ലായ്മകളുടെ കല്പടവുകളിലൂടെ നമുക്കല്പം പിറകോട്ട് നടക്കാം. കാലാന്തരങ്ങളുടെ പടിവാതിലുകള്‍ കടന്നു കടന്ന്, കല്‍പ്പനയും, യാഥാര്‍ഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന മാവേലിക്കാലത്തിന്റെ മനോഹര തീരത്തിലേക്ക് .

വിഷ്ണുപുരാണത്തിലെ മഹാബലി എന്ന അസുരനാണ് മാവേലി എന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനാണ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയതെന്നു പറയുന്‌പോള്‍ ഈ കാലഗണന യുക്തിക്ക് നിരക്കുന്നതാവുന്നില്ല. എന്തുകൊണ്ടെന്നാല്‍, വാമനന് ശേഷമുള്ള അവതാരമായ പരശുരാമനാണ് തന്റെ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തത്. ഓരോ അവതാരങ്ങള്‍ക്കിടയിലും യുഗങ്ങളുടെ കാല ദൈര്‍ഘ്യം ഉണ്ട് എന്നിരിക്കുന്‌പോള്‍, ഇവിടെ ചില കല്ലുകടികള്‍ ഉണ്ടാവുന്നുണ്ട്. ഒന്ന്: വാമനാവതാര കാലത്ത് കേരളമില്ലാ, അത് ഭരിക്കാന്‍ ഒരു മാവേലിയുമില്ല. രണ്ടു: വാമനാവതാര കാലത്ത് ഒരിടത്തും യാതൊരു ധര്‍മ്മച്യുതിയും സംഭവിച്ചിരുന്നതായി പറയുന്നില്ലാത്ത നിലക്ക് വെറുതേ ഒരവതാരത്തിന്റെ ആവശ്യവുമില്ലാ. കാരണം, 'ധര്‍മ്മ സംസ്ഥാപനാര്‍ഥായ ' ആണല്ലോ അവതാരങ്ങള്‍ സംഭവിക്കേണ്ടത്? 

അതും പോകട്ടെ, വാമനന്‍ അങ്ങ് അവതരിച്ചു പോയി എന്നുതന്നെ കരുതുക. പക്ഷെ, പരശുരാമന്‍ വന്നിട്ടില്ലാ, മഴുവെറിഞ്ഞിട്ടില്ലാ? വീണ്ടും എത്രയോകാലത്തിനു ശേഷമാണ്, പരശുരാമന്‍ അവതരിച്ചതും, 'അമ്മ രേണുകയെ വെട്ടിക്കൊന്ന മഴുവുമായി ' തെക്കോട്ട് വന്നതും, ആ ചോരമഴുവെറിഞ് നമ്മുടെ കേരളം വീണ്ടെടുത്തതും? കണ്ണൂരിലും, നാദാപുരത്തും, തൃശ്ശിലേരിയിലും,തിരുനല്ലൂരും ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകള്‍ ആ അമ്മച്ചോരയില്‍ നിന്ന് കിനിഞ്ഞു കിനിഞ്ഞു വരുന്നതാവില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍, അവരെ കുറ്റപ്പെടുത്താനാവുമോവ?

ഭൂമി ബ്രാഹ്മണര്‍ക്കു ദാനം ചെയ്ത ശേഷം, പരശു കൈവിട്ട രാമന്‍ തപസിനു പോവുകയാണ്. അന്നൊന്നും ഒരസുരനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാ കേരളത്തില്‍. പിന്നെയും എത്രയോ കാലങ്ങള്‍ക്കു ശേഷമായിരിക്കണം, ഈ ബ്രാഹ്മണ മേധാവികള്‍ക്കിടയില്‍ നിന്ന് ഒരസുര ചക്രവര്‍ത്തി ഉയിര്‍ത്തെഴുന്നേറ്റു വന്നതും, സോഷ്യലിസത്തിന്റെ റിയാലിറ്റി ധീരമായി നടപ്പിലാക്കുകവഴി ' മാനുഷരെല്ലാരുമൊന്നുപോലെ' എന്ന കൊടിപ്പടം മാനത്തുയര്‍ത്തി നിര്‍ത്തിയതും? ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു.ഒന്നും യാഥാര്‍ഥ്യമാവാനിടയില്ല. എല്ലാം കെട്ടുകഥകള്‍ മാത്രമായി തരം താണിരിക്കുന്നു! ഈ കെട്ടുകഥകള്‍ നിര്‍മ്മിച്ചവര്‍ക്കാകട്ടെ, ചിട്ടയോടെ അത് പറഞ്ഞുവയ്ക്കാനും സാധിച്ചല്ലാ.(ഹൈന്ദവ പണ്ഡിത ശിരോമണികളില്‍ നിന്ന് വിശദീകരണം അഭ്യര്‍ത്ഥിക്കുന്നു.) 

ഇങ്ങിനെ വരുന്‌പോള്‍, ചിലപ്പോഴെങ്കിലും നമുക്കിത് നിഷേധിക്കേണ്ടി വരുന്നതുകൊണ്ട്, ദേവന്റെയും, അസുരന്റെയും കഥയുടെ അയഥാര്‍ഥ്യത്തില്‍ നിന്ന്, മണ്ണിന്റെയും, മനുഷ്യന്റെയും കഥയുടെ യാഥാര്‍ഥ്യത്തിലേക്ക് നമുക്ക് വഴി പിരിയേണ്ടി വരുന്നു. ഇവിടെ മാവേലി ഒരു യാഥാര്‍ഥ്യമായി നമുക്കിടയിലേക്ക് വരുന്നതു കാണാം. നമ്മുടെ മണ്ണില്‍ ജനിച്ചു വളര്‍ന്ന നീതിമാനായ ഒരു ഭരണാധികാരിയായി.

തൃക്കാക്കര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു ഭരണാധികാരി ആയിരുന്നിരിക്കണം മഹാബലി.സവര്‍ണ്ണ മഹിമയും, ബ്രാഹ്മണ്യത്തിന്റെ പൊലിമയും ഒന്നും അവകാശപ്പെടാനില്ലാതിരുന്ന സാധാരണക്കാരനായ ഈ മനുഷ്യസ്‌നേഹി, ' മാനുഷരെല്ലാരുമൊന്നുപോലെ' എന്ന തത്വം മാര്‍ക്‌സിനും മുന്‌പേ പ്രഖ്യാപിച്ചു നടപ്പിലാക്കിയ നീതിമാനായിരുന്നു! 

എന്പ്രാനപ്പം കട്ട് ഭുജിക്കാതിരുന്ന അന്നാട്ടില്‍ സ്വാഭാവികമായും സത്യവും, നീതിയും, ധനവും, സമൃദ്ധിയും നിറഞ്ഞു നിന്നു. ജനങ്ങള്‍ ക്ഷേമത്തിലും, ഐശ്വര്യത്തിലും കഴിഞ്ഞു. കള്ളവും, ചതിയും, കള്ളപ്പണവും, ചെറുനാഴിയും പൊയ്‌പ്പോയ അവിടെ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് താണിറങ്ങി വന്നപ്പോളാണ്, മനുഷ്യരെല്ലാം ഒന്നായി,ഒരു മനസോടെ ജീവിച്ചത്! 

കേരളത്തിലെ മറ്റ് നാട്ടു രാജ്യങ്ങളിലെ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക്  ഇത് രസിച്ചില്ല. ബ്രാഹ്മണരായ തങ്ങളേക്കാള്‍ നന്നായി ഭരിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുകയോ? അതും ഒരസുരനു? സഹിക്കില്ലാ, അവനെ തട്ടുക തന്നെ. അസൂയയുടെ തിമിരം ബാധിച്ച് അന്നവര്‍ വിളിച്ച ഗോഗ്വാ വിളികള്‍ നമ്മുടെ സമൂഹത്തിന്റെ തലങ്ങും, വിലങ്ങും ഇന്നും അലയടിക്കുന്നുണ്ട്; ശ്രദ്ധിച്ചാല്‍ മതി കേള്‍ക്കാം?

അങ്ങിനെയാണ്, അവര്‍ എറണാകുളത്തിന് സമീപമുള്ള ഒരു സ്ഥലത്തു സമ്മേളിച്ചു ഗൂഡാലോചന നടത്തിയതും, മാവേലിയെ സ്ഥാന ഭൃഷ്ടനാക്കുമെന്ന് ശപഥം ചെയ്തതും. ഈ 'തിരു ' മേനിമാര്‍ നടത്തിയ ' തിരു ശപഥ സ്ഥാനമാണ് ' പില്‍ക്കാലത്ത് ലോപിച്ച് തൃപ്പൂണിത്തുറയായിത്തീര്‍ന്നത് എന്ന് ' സ്ഥല നാമ ചരിത്രങ്ങള്‍ ' എന്ന ഗ്രന്ഥത്തില്‍ ബഹുമാന്യനായ ശ്രീ  വി.വി.കെ വാലത്ത് സ്ഥാപിക്കുന്നു.

സവര്‍ണ്ണ നാടുവാഴിസംഘം തങ്ങളുടെ സൈനിക ശക്തി ബലങ്ങളോടെ തൃക്കാക്കരയിലേക്ക് നീങ്ങി. ഇതൊരു അത്തം നാളിലായിരുന്നു.തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളുടെ അടിവേരുകള്‍ ഇവിടെയാണ്!

കാക്കുവാന്‍ വേണ്ടി സൈന്യത്തെ വിന്യസിച്ച നാട് ' കാക്കാന്‍ നാട് ' അഥവാ കാക്കനാട്. ഇപ്പോള്‍ എറണാകുളം സിവില്‍ സ്‌റ്റേഷന്‍ ഇവിടെയാണ്. കലക്ടറേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഉയര്‍ന്ന സ്ഥലത്ത് നിന്നാല്‍ തൃക്കാക്കരയുള്‍പ്പടെയുള്ള എറണാകുളം ജില്ലയുടെ ഒരു വിസ്തൃത പ്രദേശം നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും എന്നതിനാലാവണം, കാക്കാനുള്ള നാടായി ഇവിടം തെരഞ്ഞെടുത്തത്. 

മറ്റൊരു കൂട്ടം പടയെ വിന്യസിച്ച സ്ഥലമാണ് 'പടമുകള്‍'. ആനപ്പടയെ നിര്‍ത്തിയ മുകള്‍ അഥവാ കുന്ന് ആണ് 'കരിമുകള്‍'. വില്ലാളി വീരന്മാര്‍ അന്പ് തൊടുത്തു നിന്നിടം 'അന്പുനാട് '. ഈ സ്ഥലങ്ങളെല്ലാം തൃക്കാക്കരക്ക് ചുറ്റും സ്ഥിതി ചെയ്യുന്നതും, ഇവിടങ്ങളിലെ സൈനിക കാവല്‍ കൊണ്ട് അനായാസം തൃക്കാക്കരയെ ബന്ധനത്തിലാക്കി വളഞ്ഞു പിടിക്കാന്‍ സാധിക്കുന്നതുമാണ്.

അത്തം നാളില്‍ തൃപ്പൂണിത്തുറയില്‍ രൂപം കൊണ്ട ഈ സവര്‍ണ്ണ ഗൂഡ തന്ത്രം, പത്താം നാളില്‍ തിരുവോണ ദിവസം തൃക്കാക്കരയില്‍ ഫലം കണ്ടു. തന്റെ പ്രജകളില്‍ ഒരാളുടെയെങ്കിലും ചോര വീഴുന്നത് സങ്കല്‍പ്പിക്കാന്‍ പോലും മഹാബലിക്ക് സാധ്യമായിരുന്നില്ല.ഒരേറ്റുമുട്ടല്‍ ഒഴിവാക്കാനായി എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ദാന ശീലത്തില്‍ അദ്വിതീയനായിരുന്ന തൃക്കാക്കരയിലെ ആ ജനകീയ ഭരണാധികാരിയെ, ആ ദാനശീലത്തിന്റെ ചൂണ്ടയില്‍ത്തന്നെ  കുടുക്കി അവര്‍ എല്ലാം പിടിച്ചെടുത്തു. തന്റെ പ്രജകളുടെ രക്തച്ചൊരിച്ചിലും, ദുരിതവും ഒഴിവാക്കാന്‍ കൂടിയാവണം, തന്റെ ചെങ്കോലും, കിരീടവും അദ്ദേഹം വച്ചൊഴിഞ്ഞു. മണ്ണിനോളം താഴ്ന്ന ആ കീഴടങ്ങലാണ്, മണ്ണിലേക്ക് ചവിട്ടിത്താഴ്ത്തിയതായി ചിത്രീകരിക്കപ്പെട്ടത്?.

ശിഷ്ടജീവിതം തന്റെ പ്രജകളോടൊത്ത് വേണമെന്നുള്ള മഹാബലിയുടെ അപേക്ഷ അവര്‍ നിരസിച്ചു. തൃക്കാക്കരക്ക് നാലഞ്ച്  മൈല്‍ പടിഞ്ഞാറുള്ള 'പാതാളം' എന്ന അപരിഷ്‌കൃത പ്രദേശത്തേക്ക് അദ്ദേഹത്തെ അവര്‍ മാറ്റി പാര്‍പ്പിച്ചു. നാടുകടത്തല്‍ പോലെ അക്കാലത്തെ ഒരു വീട്ടു തടങ്കല്‍!  ഇന്നും വലിയ വികസനമൊന്നും എത്തിച്ചേരാത്ത സ്ഥലമാണ് പാതാളം. എറണാകുളം വടക്കന്‍ പറവൂര്‍ റോഡ് കടന്നു പോകുന്നത് ഇതിലെകൂടിയാണ്. 

സവര്‍ണ്ണ മേധാവികളുടെ കൊള്ളരുതായ്മകളെ ദൈവീക നിയോഗങ്ങളാക്കി ചിത്രീകരിക്കുന്ന പാരന്പര്യം ഭാരതത്തിലുടനീളം കാണാം.കന്യാകുസുമങ്ങളെ കാമക്കഴുകന്മാര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ദേവദാസീ സന്പ്രദായവും, അന്തികൂട്ടിനെത്തുന്ന ആഢ്യന്‍ നന്പൂതിരിക്ക് കിടക്കാപ്പായ വിരിച്ചു കൊടുക്കേണ്ട ഗതികേട് കേരളീയ സ്ത്രീത്വത്തിനുണ്ടാക്കി വച്ചതും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. 

ജനങ്ങളിലെ വന്‍ഭൂരിപക്ഷവും പ്രതിഷേധിക്കുമെന്ന് ഭയന്നിട്ടാവണം, മഹാബലിക്കാല നെറികേടും ദൈവവുമായി കൂട്ടിയിണക്കപ്പെട്ടത്. ക്ഷേത്രത്തില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു ആദ്യ പ്രതിരോധം. തൃക്കാക്കരക്കു സമീപമുള്ള ' മൂങ്ങനാട് ' എന്ന സ്ഥലം, അവതാരങ്ങളിലെ മുണ്ടനായ വാമനന്റെ പേരുമായി കൂട്ടിയിണക്കി. മുണ്ടന്റെ (വാമനന്റെ ) നാടാണ് മുണ്ടന്‍ നാട്. ഇത് ചുരുങ്ങിയാണ് മുങ്ങനാട് ആയിത്തീരുന്നത്. തേവക്കല്‍ എന്ന സമീപ സ്ഥലം, തേവന്റെ, അതായത് ദേവന്റെ കാല്‍ വച്ചിടം എന്നും പറഞ്ഞു പരത്തി. ചുരുക്കത്തില്‍, തങ്ങളല്ലാ, ദൈവമാണ് ഇതൊക്കെ ചെയ്തു കൂട്ടിയത് എന്ന് വരുത്തിത്തീര്‍ക്കുക വഴി സവര്‍ണ്ണ മേധാവികള്‍ തങ്ങള്‍ക്കു ചുറ്റും ഒരു സുരക്ഷിത വേലി നിര്‍മ്മിച്ചെടുക്കുകയായിരുന്നു!

ഇതൊക്കെ സഹിക്കാം, വാമനാവതാരം നടന്ന്  യുഗങ്ങള്‍ക്ക് ശേഷം വന്ന പരശുരാമന്‍ വീണ്ടെടുത്ത കേരളമാണ് മഹാബലി ഭരിച്ചിരുന്നത് എന്നും, ഈ മഹാബലിയുടെ തലയിലാണ് വാമനന്‍ തൃക്കാല്‍ സ്പര്‍ശം നടത്തിയത് എന്നും ഒക്കെ പറഞ്ഞു വയ്ക്കുന്‌പോള്‍, തലയില്‍ ആള്‍ താമസമുള്ള ആരും പില്‍ക്കാലത്തുണ്ടാവുകയില്ലാ എന്നാവുമോ ഈ ബ്രഹ്മ ജ്ഞാനികള്‍ നിനച്ചിരിക്കുക?

കാഴ്ചക്കുലയും, കാണിക്കയുമായി തങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാനുള്ള അടിമകളെ സൃഷ്ടിച്ചെടുത്ത പൗരാണിക സവര്‍ണ്ണ ഹീന തന്ത്രം, ഇന്ന് അടിപൊളി ആചാര്യന്മാരുടെ അജയ്യമായ വജ്രായുധമായി പുനര്‍ജനിച്ചിരിക്കുന്നു! അക്കൂട്ടരുടെ അട്ടഹാസങ്ങളില്‍ നടുങ്ങി, സ്വന്തം ധര്‍മ്മ ബോധത്തിന്റെ സിംഹാസനങ്ങളില്‍ നിന്ന് ക്രൂരമായി ചവിട്ടിത്താഴ്ത്തപ്പെടുന്ന മനുഷ്യ സ്‌നേഹികളുടെ തലയില്‍ കാല്‍ വച്ച് നില്‍ക്കുന്ന മതരാക്ഷ്ട്രീയസാമൂഹ്യസാംസ്‌ക്കാരിക വാമനന്മാര്‍ക്ക് ദൈവാവതാരത്തിന്റെ പരിവേഷം നല്‍കി ഹുറേയ് വിളിക്കാന്‍ വിധിക്കപ്പെട്ട ' കരയുന്ന കഴുതകളുടെ ' ഒരു വലിയ കൂട്ടമായി മാറുകയാണ്, ദൈവത്തിന്റെ സ്വന്തം നാട് എന്ന ലേബലില്‍ അറിയപ്പെടുന്ന കേരളത്തില്‍ നിന്നുള്ള  നമ്മള്‍ മലയാളികള്‍!! 

*ചരിത്ര ഗവേഷകനായ പ്രൊഫസര്‍ പി.മീരാക്കുട്ടിയോട് കടപ്പാട്.    

* കാലിക പ്രസക്തി കണക്കിലെടുത്ത് കൊണ്ടുള്ള പുനഃ പ്രകാശനം.




ഓണം  ഫ്യൂഡല്‍ കാപട്യത്തിന്റെ മറ്റൊരു മുഖം? (ലേഖനം: ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക