Image

വീടിന്റെ ആധാരം മുതല്‍ ആധാര്‍ കാര്‍ഡ് വരെയുള്ള ആവശ്യരേഖകള്‍ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Published on 21 August, 2018
വീടിന്റെ ആധാരം മുതല്‍ ആധാര്‍ കാര്‍ഡ് വരെയുള്ള ആവശ്യരേഖകള്‍ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍

 വര്‍ഷങ്ങളായി ആറ്റുനോറ്റുണ്ടാക്കിയ സമ്ബാദ്യങ്ങളും കഷ്ടപ്പെട്ടുണ്ടാക്കിയ ഭവനങ്ങളും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും എല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട അനേക ലക്ഷം ആളുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. വെള്ളപ്പൊക്കം സമ്മാനിച്ച ദുരിത പര്‍വ്വത്തിന്റെ ആദ്യ പടി കടന്ന് സ്വഭവനകളിലേക്ക് തിരിയെ വന്നപ്പോള്‍ ചെളിമൂടി നിറഞ്ഞ ചുവരുകളും അഴുക്കുചാലുകള്‍ പോലുള്ള നിലങ്ങളും ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷങ്ങളും ആണ് അവരെ എതിരേറ്റത്.

എന്നാല്‍ മിക്ക കുടുംബങ്ങളെയും ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്നം തങ്ങളുടെ നിലനില്‍പ്പിന്റെ രേഖകള്‍ മുതല്‍ സ്വന്തം സ്വത്വം അടയാളപ്പെടുത്തുന്ന രേഖകള്‍ വരെ നഷ്ടമായ അവസ്ഥയാണ്. മുറ്റത്തു കിടക്കുന്ന വാഹനങ്ങള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്. ഭൂമിയുണ്ട് എന്നാല്‍ ആധാരമില്ല. ബാങ്കില്‍ പണമുണ്ട്, എന്നാല്‍ ബാങ്ക് രേഖകളില്ല. ഇന്ത്യന്‍ പൗരനാണ് എന്നാല്‍ പൗരത്വം തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡില്ല. ഇത്തരം അവസ്ഥകളാണ് ബഹുഭൂരിപക്ഷം ആളുകളെ ഏറെ തളര്‍ത്തുന്ന കാര്യവും.

ബഹുമാനപ്പെട്ട കേരളാ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ ഇന്നലെ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രേത്യേകം എടുത്തു പറയുകയുണ്ടായി. വിലപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടവര്‍ എങ്ങിനെ അവയൊക്കെ വീണ്ടെടുക്കാം എന്ന ആധിയില്‍ വളരെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നെന്നും അവര്‍ക്കായി കേരളാ ഗവണ്‍മെന്റ പ്രത്യേകം കൗണ്‍സിലിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പ്രസ്താവിച്ചു.

മലവെള്ളപ്പാച്ചിലിനൊപ്പം നഷ്ടപ്പെട്ട നമ്മുടെ വിലപ്പെട്ട രേഖകള്‍ എങ്ങിനെ വീണ്ടെടുക്കാം എന്ന വിലയേറിയ കാര്യങ്ങള്‍ ആണ് ഇനി പറയുന്നത്

ആധാരം വീണ്ടെടുക്കാന്‍

ആധാരം നഷ്ടപ്പെട്ടാല്‍ അതിന്റെ സെര്‍ട്ടിഫൈഡ് കോപ്പി സബ് രജിസ്റ്റ്രര്‍ ഓഫിസില്‍ നിന്നും എടുക്കാം. ആധാരം രജിസ്റ്റര്‍ ചെയ്ത തീയതിയും നമ്ബറും കിട്ടിയാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പമായി. അതില്ലെങ്കില്‍ തന്നെ മിക്ക ജില്ലകളിലും സബ് റെജിസ്ട്രര്‍ ഓഫീസുകളില്‍ 1992 ജനുവരി ഒന്ന് മുതലുള്ള ഡിജിറ്റല്‍ പതിപ്പ് കമ്ബ്യൂട്ടറുകളില്‍ ഉണ്ട്. പഴയ ആധാരം പേരിന്റെ ആദ്യത്തെ അക്ഷരം വച്ചും, വില്ലേജ്, ദേശം, അംശം എന്നിവ വച്ചും തിരിച്ചറിയാം. ആധാരം തിരിച്ചെടുക്കാന്‍ സമയ താമസം എടുക്കുന്നുവെങ്കി അത് കാണിച്ചു പത്രപ്പരസ്യം കൊടുക്കുന്നത് വഴി മറ്റാരും അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പറ്റും.

റേഷന്‍ കാര്‍ഡ് വീണ്ടെടുക്കാന്‍

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷിച്ചാല്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് കിട്ടും. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് കയ്യിലുണ്ടെങ്കില്‍ റേഷന്‍ വാങ്ങുന്നതിന് അത് മതിയാവും.തുടര്‍ന്ന് പുതിയ കാര്‍ഡിന് അപേക്ഷിക്കാം.

ആധാര്‍ കാര്‍ഡ് വീണ്ടെടുക്കാന്‍

ആധാര്‍ എന്റോള്‍മെന്റ് ചെയാവുന്ന തൊട്ടടുത്ത അക്ഷയ കേന്ദ്രം കണ്ടുപിടിച്ച ശേഷം അവിടെയെത്തി പേരും, വിലാസവും, ജനന തീയതിയും കൃത്യമായി പറഞ്ഞ ശേഷം വിരലടയാളം നല്‍കിയാല്‍ ഇലക്‌ട്രോണിക് ആധാര്‍ ലഭിക്കും. അവയുടെ പ്രിന്റ് എടുത്തും ഉപയോഗിക്കാം.

വോട്ടര്‍ ഐ ഡി കാര്‍ഡ് വീണ്ടെടുക്കാന്‍

www.ceo.kerala.gov.in എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഇവിടെ നിന്നും അപേക്ഷാഫോം ഡൗണ്‍ ലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച്‌ വിവരങ്ങള്‍ക്കൊപ്പം ഇരുപത്തി അഞ്ചു രൂപ ഫീസും ഒരുമിച്ച്‌ തഹസീല്‍ദാര്‍ അല്ലെങ്കില്‍ ഇലക്ടറല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്ബര്‍ ഓര്‍മ്മയില്ലെങ്കില്‍ ഈ വെബ്സൈറ്റില്‍ കേറിയാല്‍ സേര്‍ച്ച്‌ ചെയ്ത് കണ്ടുപിടിക്കാം. ജില്ലാ, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, വീട്ടുപേര് എന്നിവ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ ആളിന്റെ വിവരം ലഭിക്കും.വീട്ടില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രം വഴിയും ഇക്കാര്യങ്ങള്‍ ചെയ്യാം.

ആര്‍ സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ വീണ്ടെടുക്കാന്‍

ആര്‍ സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കാണാതായാല്‍ പത്ര പരസ്യം നല്‍കിയ ശേഷം അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും. വെള്ളപ്പൊക്ക ദുരിതത്തിന്റെ ഭാഗമായി ആര്‍ സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവക്ക് കേടു പറ്റിയാല്‍ ഇവയുമായി ആര്‍ ടി ഓ ഓഫീസില്‍ എത്തിയാല്‍ പുതിയ ആര്‍ സി ബുക്ക് ലഭ്യമാകും. ലോണ്‍ എടുത്ത വാഹനം ആണെങ്കില്‍ ലോണ്‍ നല്‍കിയ സ്ഥാപനത്തിന്റെ എന്‍ ഓ സി യും നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാകും.

വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവര്‍ കിട്ടാന്‍

വെള്ളപ്പൊക്കകെടുതിയില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലും വാഹനം ഒഴുകിപ്പോയാലും വിവിധ ഇന്‍ഷുറന്‍സ് കമ്ബനികളുടെ ഫ്ളഡ് കവറേജ് ക്ലയിമില്‍ ഉള്‍ക്കൊള്ളിച്ചു നഷ്ടപരിഹാരം നല്‍കാറുണ്ട്. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ പകര്‍ത്തി തെളിവിനായി സൂക്ഷിക്കണം. മാത്രമല്ല അറ്റകുറ്റ പണിക്കായി വാഹനങ്ങള്‍ അയക്കുന്നതിനു മുന്‍പായി ഇന്‍ഷുറന്‍സ് ഏജന്റുമായോ മറ്റധികാരികളുമായോ സംസാരിച്ച്‌ ക്ലയിം സംബന്ധിച്ചു ധാരണയിലെത്തണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിനടിയിലായ വാഹനം സ്വയം സ്റ്റാര്‍ട്ട് ചെയ്യരുത്. ക്വാളിഫൈഡ് ആയിട്ടുള്ള ഒരു മെക്കാനിക്കിനെ കാണിച്ച ശേഷം അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കാര്യങ്ങള്‍ ചെന്നത് വഴി ഇന്‍ഷുറന്‍സ് ക്ലയിം എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ സാധിക്കും.

ഓണപ്പരീക്ഷ ഇങ്ങടുത്തു. പാഠപുസ്തകം വീണ്ടെടുക്കുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പരീക്ഷയില്‍ നിന്നും രക്ഷപെടുവാന്‍ ആഗ്രഹിക്കുന്ന കുസൃതികള്‍ക്ക് ഈ വെള്ളപ്പൊക്കം ഒരനുഗ്രഹം ആയേക്കാം. എന്നാല്‍ അവരെ അങ്ങനെ ഉഴപ്പാന്‍ വിടേണ്ട കാര്യമില്ല. വെള്ളപ്പൊക്കത്തിലോ മഴയിലോ പാഠപുസ്തകം നഷ്ടമായാല്‍ സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ സാക്ഷ്യപത്രത്തോടെ ആവശ്യപ്പെടുന്ന എണ്ണത്തില്‍ ഡി ഡി ഓഫീസില്‍ നിന്നും പാഠപുസ്തകങ്ങള്‍ ലഭ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക