Image

ആഘോഷങ്ങള്‍ ആര്‍ക്കു വേണ്ടി? (ജോര്‍ജ് തുമ്പയില്‍)

Published on 21 August, 2018
ആഘോഷങ്ങള്‍ ആര്‍ക്കു വേണ്ടി? (ജോര്‍ജ് തുമ്പയില്‍)
ഓണം എന്നത് മലയാളിയുടെ സ്വന്തം ആഘോഷമാണ്. മലയാളി എവിടെയുണ്ടോ അവരത് ആഘോഷിക്കും. എന്നാല്‍ മഹാപ്രളയത്തിനു മുന്നില്‍ നമ്മുടെ സ്വന്തം കേരളം കണ്ണീരുമായി നില്‍ക്കുമ്പോള്‍ ആ ആഘോഷത്തിന് ഇപ്പോള്‍ അര്‍ത്ഥമില്ലെന്നതാണ് വാസ്തവം കേരളത്തിലാണെങ്കിലും മറുനാട്ടിലാണെങ്കിലും ഇത് അങ്ങനെ തന്നെ. എല്ലാ ആഘോഷങ്ങളും ഏറെക്കാലത്തെ മുന്‍കൂര്‍ തയ്യാറെടുപ്പോടെ നടത്തുന്നതാണ്. അതിനു വേണ്ടിയുള്ള നാളുകള്‍നീണ്ട അധ്വാനത്തെയും വിലവയ്ക്കുന്നു. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ അതൊക്കെയും ഉപേക്ഷിക്കേണ്ടതു തന്നെയാണ്.

അമേരിക്കയില്‍ വിവിധങ്ങളായ അസോസിയേഷനുകള്‍ അവരുടെ പോഷകസംഘടനകള്‍, വിവിധ ദേവാലയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ എല്ലാം ഓണാഘോഷങ്ങള്‍ നടത്താറുണ്ട്. ചിങ്ങം പുലര്‍ന്നപ്പോള്‍ മുതല്‍ ഇനി ഡിസംബര്‍ മാസം ആദ്യംവരെ നിര്‍ബാധം അതു തുടരുകയും ചെയ്യും. ഇനിയുള്ള എല്ലാ വീക്കെന്‍ഡുകളും മലയാളികള്‍ ഉള്ള അമേരിക്കയിലെ ഏതൊരു പ്രവിശ്യയിലും അങ്ങനെയുണ്ടാവുന്നത് കാലങ്ങളായി നാം കാണുന്നു. അതൊരു കീഴ്‌വഴക്കം എന്നതല്ല, നമ്മുടെ കൂട്ടായ്മയുടെ സാഹോദര്യസമത്വത്തിന്റെയൊക്കെയും പ്രതീകമാണ്. പക്ഷേ, സാഹചര്യം മാറിയിരിക്കുന്നു. നമ്മുടെ സ്വന്തം സഹോദരങ്ങള്‍ കേരളത്തില്‍ ദുരിതത്തില്‍ നനഞ്ഞു കുതിര്‍ന്നിരിക്കുകയാണ്. അവര്‍ക്കു മാറി ഉടുക്കാന്‍, മതിയായ ഭക്ഷണമോ അസുഖം വന്നാല്‍ മരുന്നുകളോ, പുതച്ചു കിടക്കാന്‍ ഒരു പുതപ്പോ നടുനിവര്‍ത്തിയൊന്നും കിടക്കാന്‍ ഒരു കിടക്കയോ ഒന്നുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിലെ നരകതുല്യമായ ജീവിതത്തിലാണ്്. ഒരു ജന്മം കൊണ്ട് അവര്‍ സമ്പാദിച്ചതൊക്കെയും പ്രളയം മൂലം നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. അതിലും രൂക്ഷമാണ് കുട്ടനാട്ടിലെ സ്ഥിതി. വേമ്പനാട്ടു കായല്‍ സ്വരുക്കൂട്ടി വച്ചിരിക്കുന്ന വെള്ളം കടല്‍ നക്കിയെടുക്കുന്നതു വരെ സ്ഥിതി തുടരുകയും ചെയ്യും. ഇവിടെയുണ്ടായിരുന്ന പച്ചത്തുരുത്തുകളൊക്കെയും നഷ്ടപ്പെട്ടിരിക്കുന്നു.

അതിനൊക്കെയും മീതെ പ്രളയജലം താണ്ഡവമാടിയിരിക്കുന്നു. അവരുടെ വീടും സ്വത്തുമൊക്കെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരിക്കുന്നു. അവരൊക്കെയും ഇനി ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് മടങ്ങണമെങ്കില്‍ സൂര്യന്‍ ഇനിയും ആഴ്ചകളോളം മുഖം മറയ്ക്കാതെ നില്‍ക്കുകയും വേണം. അത്തരമൊരു സാഹചര്യത്തെയാണ് നാം ദുരന്തമെന്നു വിശേഷിപ്പിക്കുന്നത്. അതിനിടയില്‍ ആഘോഷങ്ങള്‍ എന്നത് വൈകൃതമാണ്. ഒരാളുടെ കണ്ണുനീരു കണ്ടു കൊണ്ടു നമുക്ക് മൃഷ്ടാന്നം ഭുജിക്കാന്‍ കഴിയുമെങ്കില്‍ നാം മനുഷ്യരല്ല, മൃഗങ്ങളാണെന്ന് ഓര്‍മ്മ വരണം.

ഈ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധങ്ങളായ അസോസിയേഷനുകള്‍ എല്ലാം തന്നെ, ഓണാഘോഷം വേണ്ടെന്നു സ്വമനസ്സാലെ വച്ചിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ആഘോഷങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കാത്തൂസൂക്ഷിച്ചിരുന്ന തുകകള്‍ കേരളത്തിന്റെ പുനരധിവാസത്തിനു വേണ്ടി മാറ്റിയിരിക്കുന്നു. കേരളത്തിന്റെ പുനര്‍ജീവനത്തിന് അതൊക്കെയും ആവശ്യവുമാണ്. നിസ്സഹായര്‍ക്കു വേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണിത്. ആരും നിര്‍ബന്ധിച്ച് ചെയ്യേണ്ടതല്ല. മനഃസാക്ഷിയുള്ള ഏതൊരു ദേശസ്‌നേഹിയുടെയും കടമയാണിത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ നിന്നും ഓണാഘോഷത്തിന്റെ സമൃദ്ധിയുടെയും ആഢംബരത്തിന്റെയും വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലയാളിമങ്കമാരായി ചമഞ്ഞു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും വിഭവസമൃദ്ധമായ സദ്യവട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഭക്ഷണം ഉച്ഛിഷ്ടമാക്കി, ഏമ്പക്കം വിട്ടിരിക്കുന്നവരുടെ ചിരിമുഖങ്ങളും കാണുന്നുണ്ട്. സ്വയം ആലോചിക്കുക, ഇതൊക്കെയും നമ്മള്‍ മലയാളി സഹോദരങ്ങള്‍ കാണുമ്പോള്‍ എന്തായിരിക്കും നമ്മെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട്? അതു കൊണ്ടു തന്നെയാണ് പറയയുന്നത്, ഓണം ഇനിയും വരും, ആഘോഷിക്കാന്‍ ഇനിയും സമയമുണ്ട്. നമുക്ക് ഇപ്പോള്‍ താത്ക്കാലികമായി മാറി നില്‍ക്കാം. കണ്ണീരൊപ്പാനായി അവര്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും കൂടെ നില്‍ക്കാം. വെള്ളക്കെട്ടിലിറങ്ങി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ നമുക്ക് പലര്‍ക്കും കഴിഞ്ഞെന്നുവരില്ല. ദുരന്തമുഖത്ത് നേരിട്ടെത്തി അവരെ സാന്ത്വനിപ്പിക്കാനും കഴിഞ്ഞെന്നു വരില്ല. അപ്പോള്‍, ഇവിടെയിരുന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെയും നാം ചെയ്യണം.

ആഘോഷങ്ങള്‍ ഉപേക്ഷിക്കണം, ഇത് ആവശ്യമോ അഭ്യര്‍ത്ഥനയോ അല്ല. ഇതൊരു അപേക്ഷയാണ്. മാവേലി നാടിന്റെ മാലോകര്‍ എന്ന നിലയില്‍ സ്വസഹോദരങ്ങളോടുള്ള ഐക്യപ്പെടലാണ്. ഈ അവസരത്തില്‍ നമുക്ക് ഇതിനെ കഴിയൂ. നമുക്ക് ഒന്നായി നില്‍ക്കാം. വലിയൊരു ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി നിലകൊള്ളാം. അവരും ആഘോഷത്തിന്റെ ആശ്വാസത്തിലേക്കു വരുംവരെ നമുക്കും സന്തോഷങ്ങളില്‍ നിന്നും മാറിനില്‍ക്കാം.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജീവന്മരണപോരാട്ടങ്ങള്‍ ശരിക്കും അതീജിവനത്തിന്റേതാണ്. അതിനു നേരെയുള്ള കൊഞ്ഞനം കുത്തലായി നമ്മുടെ ഓണാഘോഷങ്ങള്‍ മാറാതിരിക്കണം. അതിനായി, സ്വയം നാം മാറേണ്ടിയിരിക്കുന്നു. ആ വേദനകളെ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തൂശനിലയില്‍ ചോറും കറിയും പായസവും വിളമ്പി, പുത്തനുടുപ്പുമായി നമുക്ക് ഒത്തൊരുമിക്കുകയല്ല ഇപ്പോള്‍ വേണ്ടത്, കരയുന്നവന്റെ മുന്നിലിരുന്ന് അവന്റെ കാതില്‍ ആശ്വാസഗീതം പാടുകയാണ്. അതു ചെയ്യുന്നവനാണ് യഥാര്‍ത്ഥ മലയാളി. അതാണ്, ഒരു മനുഷ്യസ്‌നേഹി സ്വന്തം നാടിനു വേണ്ടി ഇപ്പോള്‍ ചെയ്യേണ്ടതും.
Join WhatsApp News
Sabu thomas 2018-08-21 09:45:48
വെളളം താഴ്ന്നു തുടങ്ങി ..ഇനിയുള്ളത് ചെളിയാണ്.. അത് പരസ്പരം വാരിയെറിയണം..
Ravi Nair 2018-08-21 09:47:02
https://www.facebook.com/332934167717/posts/10156729756347718/

സജീവ് മഠത്തിൽ 2018-08-21 10:21:20
ആർക്കുവേണ്ടി...? നല്ലൊരു ചോദ്യം. പക്ഷെ ഒന്നാലോചിച്ചാൽ അതൊരു ചോദ്യമാണോ?

ഫോട്ടോ, സ്റ്റേജ്, മൈക്ക് ദാഹികൾക്ക്. അവർക്ക് വേണ്ടി മാത്രം ആഘോഷം.
----------------------------------------------------------------------------------------------------------------------------
നേതൃത്വത്തിന്റെ കഴിവും കാഴ്ചപ്പാടും വെളിവാക്കാനുള്ള സുവർണ്ണാവസരം. എന്നിരുന്നാൽ പോലും അവർക്ക് ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയില്ല. കാരണം ഈ ഛോട്ടാ നേതാക്കൾ പുറമെനിന്ന് കളിക്കുന്ന ആരുടെയോ ബിനാമിയാണ്, അവർക്ക് സ്വന്തമായി "വേണം, വേണ്ടാ" അഭിപ്രായം പോലുമില്ല.

ആയുഷ്കാല സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടവർ, ഉറ്റവർ മരിച്ചു പോയവർ, വീടില്ലാത്തവർ, പറഞ്ഞാൽ തീരാത്ത ദുരിതം. ജന്മനാട്ടിൽ ഓണമില്ല, എന്നാലും ഇവിടെ ആഘോഷം വേണം, അത് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞിട്ടാണെങ്കിലും. 

ബിനാമികൾക്ക് വേറൊന്നും വേണ്ട. ഫോട്ടോ, സ്റ്റേജ്, മൈക്ക്. 

ഫോട്ടോക്ക് ഒരു വർഷം കൂടി തരാം, സ്റ്റേജിൽ മൈക്കുമായി ഒരു  വർഷം കൂടി നിൽക്കാം, പൊതുയോഗത്തിൽ ഈ ഒരൊറ്റ വാചകം മതി, ബാക്കിയുള്ള അസ്സോസിയേഷനുകളും ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്നോളും.
Sabu is right 2018-08-21 10:37:01
സാബു പറഞ്ഞതിൽ കാര്യമുണ്ട്. 

വെള്ളമിറങ്ങി, ബാക്കിയുള്ള ചെളി ആഘോഷങ്ങളുടെ ടിക്കറ്റ് വിൽക്കാൻ വരുന്ന കൺവീനറുടെ മുഖത്ത് വാരി പൊത്തണം. എന്നാലെങ്കിലും നാണമുണ്ടാകുമോയെന്ന് നോക്കാം.
Francis Thadathil 2018-08-21 12:35:21
വളരെ നല്ല ലേഖനം . ചില മറുനാടൻ മലയാളികൾ അങ്ങനെയാ . അപ്പൻ ചത്താലും ആഘോഷിക്കും. ആരാന്റെ അമ്മക്കയ്ക്ക് ഭ്രാന്തു വന്നാൽ നല്ല ചേലായിരിക്കും !ഭൂമി ഉരുണ്ടതാ മാഷേ കറങ്ങി ചുറ്റി എത്തും നമ്മുടെ അടുത്തും. അന്ന് അലമാരകളിൽ അടുക്കി വച്ചിരിക്കുന്ന സിൽക്ക് ജൂബയും പൊങ്ങച്ചം പട്ടുസാരിയുമൊക്കെ അലമാരകളോടു കൂടി  തന്നെ ഒഴുകി നടക്കുമെന്ന തിരിച്ചരിവ് നല്ലതാണ്‌. അന്നുണ്ടാകുമോ ആവോ ഈ ഫോട്ടോ എടുപ്പും സാരി പ്രദര്ശനവുമൊക്കെ? പക്ഷെ അന്ന് ഞങ്ങളാരും തിരുവാതിര കളിച്ചും സദ്യ ഉണ്ടും ആഘോഷിക്കില്ല. ഞങ്ങളുണ്ടാകും നിങ്ങളുടെ കൂടെ ഒരു കൂടപ്പിറപ്പിന്റെ കരുതലോടെ. 

ജനം 2018-08-21 14:38:24
പ്രതികരണകോളത്തിൽ ഇതിനുമുൻപ് ആരോ എഴുതിയതുപോലെ, കുലംകുത്തികൾ എവിടെയും ഉണ്ടാകും സഹോ. അഴകുള്ളവനെ അപ്പായെന്ന് വിളിക്കുന്ന അവർ അർമ്മാദിക്കട്ടേന്ന്! 

പണവും ഒരു വീക്കനെസ്സാണ് ചില കൂറ നീല കുറുക്കന്മാർക്ക്. ഇപ്പോ പുതിയ അസ്സോസിയേഷൻ ഉണ്ടാക്കും, അവസരം തന്നില്ലെങ്കിൽ ഉടൻ അങ്ങോട്ട് പോകും, അതിനും പുറമേ എത്രയാളുകളുടെ കൈയും കാലും നക്കി കിട്ടിയ പദവിയാ? പ്രതേകിച്ചു വരുമാനമെന്നുമില്ലെങ്കിൽ, ചക്കരകുടത്തിൽ കയ്യിട്ടതിനുശേഷം നക്കാതെ വെറുതെ പോകാൻ പറഞ്ഞാൽ സഹിക്കുമോ?

പകുതി വില ടിക്കറ്റ്, ഒരു ടിക്കറ്റിൽ രണ്ടാൾക്ക് പ്രവേശനം എന്തൊക്കെയാ മോഹന വാഗ്ദാനങ്ങൾ? പതിനഞ്ചല്ല ഇരുപത് ദിവസം കഴിഞ്ഞാലും, അന്തസുള്ള, ചിന്താ ശക്തിയുള്ള ഒറ്റ കുടുംബം പോലും ഈ പ്രാവശ്യം ആഘോഷങ്ങൾക്ക് പോകാനുള്ള സാധ്യതയില്ല. ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലുള്ള കുറുക്കന്മാരെ ജനങ്ങൾക്ക് തിരിച്ചറിയാനുള്ള സുവർണ്ണാവസരം കൈവന്നു.

അതുകൊണ്ടു തന്നെ ഓണപ്പൂക്കളം ഇടാൻ ആരും മുന്നോട്ട് വരുന്നില്ല, ചെണ്ട കൊട്ടാൻ ആളില്ല, സദ്യയുണ്ണാനും ആരും വാശി പിടിക്കുന്നില്ല എന്നാലും ചില നേതാക്കൾ പാണ്ടി ലോറിയുടെ മുന്നിൽ മസിലുപിടിച്ചു നിൽക്കുന്ന തവളകളെപ്പോലെ വീർപ്പിച്ചു നടക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക