Image

കാത്തിരുപ്പ് (കഥ: ജോസഫ് എബ്രഹാം)

Published on 21 August, 2018
കാത്തിരുപ്പ് (കഥ: ജോസഫ് എബ്രഹാം)
“ഗള്‍ഫില്‍ ഇപ്പൊ പഴേ സ്‌കോപ്പ് ഒന്നും ഇല്ലടോ. അവിടെയുള്ളവരുടെ കാര്യം തന്നെ ബുദ്ധിമുട്ടിലാണ്.”ഗള്‍ഫിലേക്ക് ഒരു വിസചോദിച്ചാല്‍ പരിചയക്കാരും ബന്ധുക്കളുംനല്‍കുന്ന സര്‍വകാലസാര്‍വത്രികമറുപടി.
മൂസാക്കുട്ടിക്ക് ദുബായിക്കാരനാകാന്‍ മോഹമൊന്നുമില്ല പക്ഷെ ഒരു ജൂനിയര്‍ വക്കീലിന്റെ സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് കരേറാന്‍ ഒരു സ്ഥിരവരുമാനമുള്ള ജോലി കൂടിയേതീരുവെന്ന അവസ്ഥവന്നിരിക്കയാണിപ്പോള്‍. അതിനൊരു കാരണം മൂസാക്കുട്ടിയുടെ ഖല്‍ബില്‍ മദ്രസാ കാലം തൊട്ടേ കൂടിയിരിക്കുന്ന ലൈല എന്ന ഹൂറിയാണ്. ശരിയായ കാരണം പറഞ്ഞാല്‍ അത് ലൈലയുടെ വാപ്പയാണ്. ദുബായിക്കാരന്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇവരില്‍ ആര്‍ക്കെങ്കിലുമേ ലൈലയെ നിക്കാഖ് ചെയ്തു കൊടുക്കൂ എന്ന വാശിയിലാണ് മൂപ്പര്‍.
മൂസാക്കുട്ടിവക്കീലാകുന്നത് കാണാന്‍ കൊച്ചിക്ക് പോകാന്‍ കുടുംബക്കാരുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. ഒരു ജീപ്പ് നിറയെ ആളാണ് പോയത്.അതുംകൂടാതെ പിറ്റേവെള്ളിയാഴ്ച ജുമാകഴിഞ്ഞു കുടുംബക്കാരെയും മൊയിലിയാരെയും, ഉസ്താതിനെയുമൊക്കെ വിളിച്ച് ഒരു സല്‍ക്കാരവും കൂടി മൂസാക്കുട്ടിയുടെ വാപ്പച്ചി നടത്തി.രാത്രിയില്‍ ഉമ്മറത്തിരുന്നു വര്‍ത്തമാനം പറയുന്നത്തിനിടയില്‍ വാപ്പച്ചിയോട് ഉമ്മ ചോദിച്ചു
“അല്ലാ കൊച്ചീക്ക് പോണയിനും തക്കാരം ബെച്ചയനുമൊക്കെയായി തോനെ കായ് പൊടിച്ചില്ലേ ഇങ്ങളിപ്പോ. ഇങ്ങടെ കയീല്‍ എബടുന്നാ ഇത്രയൊക്കെ കായി ?”ഉമ്മ ചോദിച്ചു.
വാപ്പച്ചി പറഞ്ഞു “അതൊന്നും ജ്ജ് അറിയേണ്ട. മ്മടെ ചെക്കന്‍ ബക്കീല്‍ ആയില്ലേ ഇനി കാശൊക്കെ ഓന്‍ മ്മക്ക് തരും. ഓന്റെ കീഴെ ഉള്ളതുങ്ങടെകാര്യവൊക്കെ ഇനി ഓന്‍ നോക്കികൊള്ളും. ഇനി ബേണം മ്മക്ക് ഒന്ന് നടൂ നീര്‍ത്താന്‍”
“അയിനുമാത്രം കായൊക്കെ ഓനിക്കിപ്പോ എബടന്നാ?ഇതിപ്പോ ഗെര്‍മെന്ടുഉത്യോഗംഒന്നുവല്ലാലോ, കേറുമ്പേക്കുംകായ് വാരാന്.?”സര്‍ക്കാര്‍ ഉദ്യോഗമാണെങ്കില്‍ ജോലിയില്‍ കേറുംബഴേ നല്ല കൈമടക്കും ശംബളവും കിട്ടുമെന്നാണ് ഉമ്മ പറയാറ്. തന്റെ മകന്‍ പഠിച്ചു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്തനാവണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം.
“യീ ഒന്ന് ചെലക്കാണ്ടിരിക്കോ”വാപ്പച്ചിക്ക് ഇത്തിരി ദേഷ്യം വന്നു“ഓന്മര്യാദക്ക് ഒരു കേസ് കിട്ടിയാല്‍ പോരെ? കായ്‌ത്രേന്നാണ് അന്റെ ബിജാരം ?.
ദിവസവും കോടതിയിലും വക്കീലോഫീസിലും ഒക്കെ പോകുന്നുണ്ടെങ്കിലും മൂസാകുട്ടിക്ക് വല്യ വരായ്ക ഒന്നുമില്ലായിരുന്നു. അങ്ങാടീലെ ഫിത്തിനിക്ക് കൂട്ടര്‍ പറയുന്നത് മൂസാക്കുട്ടിക്ക് തോനെ വരവുണ്ടെന്നാണ്. ചിലര്‍ മൂസക്കുട്ടിയെ കാണുമ്പോള്‍ പണം കടം ചോദിക്കും. ഒരു ദിവസം ഉമ്മാ ചോദിച്ചു
“അന്റെ കയ്യില്‍ കായുണ്ടെങ്കില്‍ വാപ്പച്ചിക്ക് ഇച്ചിരി കൊടുക്കിന്‍ രണ്ടൂന്ന് ദീസായിട്ടു ഓരിക്ക് കച്ചോടോന്നൂല്ല.”
വാപ്പച്ചിക്ക് മീന്‍ കച്ചോടാണ്. ഇപ്പൊ ഒരാഴ്ചയോളമായി കടല്‍ വറുതിയായി മീന്‍ വരവില്ല. എന്നും വെളുപ്പിന് സൈക്കിളും കൊട്ടയുമായി വാപ്പച്ചി പോയി നോക്കുംകുറച്ച് കഴിയുമ്പോള്‍ വെറുംകയ്യോടെ കോലായില്‍ വന്നു കുത്തിയിരിക്കുന്നത് കാണാം.
മൂസാക്കുട്ടിക്ക് ആകെ സങ്കടമായി എന്താണ് ഇപ്പോള്‍ പറയുക.മൂസാകുട്ടിയുടെ മൌനം കണ്ട വാപ്പച്ചി ഇടപെട്ട് പറഞ്ഞു.
“ഇജ്ജ് ഒന്ന് മുണ്ടാണ്ടിരിക്കുവോ. ഓന്റെ കയ്യില്‍ എബടന്നാ കായ്. ഓന് കായൊക്കെ കിട്ടും ഇച്ചിരി കയിഞ്ഞു സ്വന്തായി കേസ് ഒക്കെ എടുക്കുമ്പോള്‍.”
മൂസാക്കുട്ടിയോടായി വാപ്പച്ചി പറഞ്ഞു
“ജ്ജ് കേസൊക്കെ അസലായി നടത്താന്‍ പടിക്കിപ്പൊ, കായ് വല്ലതും വേണെങ്കില്‍ വാപ്പച്ചിയോട് ചോദിക്കാന്‍ മടിക്കേണ്ട.”
മൂസാക്കുട്ടി മറുപടിയൊന്നും പറഞ്ഞില്ല.ശരിയെന്നു തലയാട്ടികൊണ്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു. മൂസാക്കുട്ടി നടന്നു മറയുന്നതുവരെ കണ്ണെടുക്കാതെ വാപ്പച്ചിഅവനെത്തന്നെ നോക്കിനിന്നു.
ലൈലയുടെ ഫോണ്‍ വിളി ഇടയ്‌ക്കൊക്കെ വരും. ഇടയ്ക്ക് തമ്മില്‍ കാണാറുമുണ്ട്. അവള്‍ക്ക് പല പല നിക്കാഹ് ആലോചനകള്‍ വരുന്നുണ്ടെന്ന് കുറച്ചു കാലമായി അവള്‍ മൂസാക്കുട്ടിയോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
“ഇനി ഞമ്മക്ക് പിടിച്ച് നിക്കാന്‍ പറ്റൂല്ലമൂസാക്ക,ഇങ്ങള് പൊരേല്‍ വന്നു പെണ്ണ് ചോദിക്കിന്‍. ഓര് സമ്മതിച്ചീല്ലേങ്കി വന്ന് വിളിച്ചോളിന്‍ഞമ്മള് ഇറങ്ങിവരാം.” അവസാന മുന്നറിയിപ്പുമായി ഒരു ദിവസം കോടതി മുറ്റത്ത് മൂസാക്കുട്ടിയെ കാണാന്‍ ലൈല എത്തി.
മൂസാക്കുട്ടി എളാപ്പയെ കണ്ട് കാര്യം പറഞ്ഞു. എളാപ്പ ഉസ്താതിനെയും കൂട്ടി ലൈലയുടെ വാപ്പ അവറാന്‍ ഹാജിയെ കണ്ട് മൂസാക്കുട്ടിക്ക് പെണ്ണ് ചോദിച്ചു. കാര്യം കേട്ട ഹാജിയാര്‍ അറുത്തു മുറിച്ചപോലെ പറഞ്ഞു .
“ഇന്‍ജാതിഒരുത്തന്ന്‌റെകുട്ടിയെകൊടുക്കാന്‍കയ്യൂല്ല. ഓന് പണിയെടുത്തുതിന്നാന്‍ പറബുണ്ടോ?ഇല്ലാ.ആകെയുള്ള 50സെന്റ് ഓതി വെച്ച് കയിഞ്ഞാല്‍ എന്താപ്പം കിട്ടുവ? ഒരു നല്ല തൊയിലുണ്ടോ ഓനിക്ക് ? അതൂം ഇല്ല.ഓന്റെ വാപ്പാന്‍റ മാതിരി മീന്‍കച്ചോടെങ്കിലുംഓനുണ്ടോ നാല് കായുണ്ടാക്കാന്‍? മര്യാദക്ക് കുത്തീരുന്നു തൂറാന്‍ പോലും പറമ്പില്ലാത്ത ഒരിത്തന് ഇന്റെ കുട്ടിയെ കൊടുക്കാന്‍ കയ്യൂല്ല.”
എളാപ്പ ഹാജിയാരോട് പറഞ്ഞു ‘ഓനിപ്പം നല്ല വക്കീലാണ്’.
“ഏയ്യ് അതൊന്നും നടക്കൂല്ലടോ.ഇബടെ അങ്ങിനെ പെരുത്ത് വക്കീലന്മാരുണ്ട് അതുകൊണ്ടൊന്നും ഒരു കൊണവുമില്ല.ന്‍റെ കുട്ടിയെ നല്ലോണം നോക്കാന്‍ ഓനെക്കൊണ്ട് കയ്യൂന്ന് ഞമ്മക്ക് തോന്നുന്നില്ല. ഇയ്യൊരു ഗവര്‍മെന്റ് ആപ്പിസിലെ ശിപായിയെ കൊണ്ടുവരിന്‍ ഞമ്മള്‍ കൊടുക്കാം കുട്ടിയെ ഓന്.”
എളാപ്പ പറഞ്ഞു ‘ഓര് കുട്ട്യോള് തമ്മില്‍ അടുപ്പത്തിലാ’. അതുകേട്ട ലൈലയുടെ വാപ്പ പറഞ്ഞു“അത് ഞമ്മക്ക് അറിയ്യും, പക്ഷെ അപ്പൂതി ഇബിടെ നടക്കൂല്ലാട്ടോ”.
എളെപ്പ വന്ന് വിവരം പറഞ്ഞപ്പോള്‍ മൂസാകുട്ടി പറഞ്ഞു‘ഞാന്‍ ചെന്നു വിളിച്ചാല്‍ ഇറങ്ങി വരുമെന്നാണ് ഓള് പറേണത്.’
ഉമ്മാ പറഞ്ഞു“ജ്ജ് അന്റെ ചെങ്ങയിമാരേം കൂട്ടി ഓളെ ബിളിച്ചിറക്കികൊണ്ട് ബരീ”.
ഉമ്മയെ വിലക്കികൊണ്ട് വാപ്പച്ചി പറഞ്ഞു.“അതൊക്കെ ബല്യ എടങ്ങേരുംമുസീബത്തും ആകും.അതൊന്നും മാണ്ട. ഇതൊന്നും ഞമ്മക്ക് നസീബില്ലാന്ന് നിരീച്ച് നീ ഓളെ മറന്നു കള.”
‘വാപ്പാ, അത് ഓളോട് ചെയ്യന്ന ചതി അല്ലെ?ഓള് വല്ലാണ്ട് മോഹിക്കുന്നുണ്ട് എനിക്കും ഓളെ പെരുത്ത് ഇഷ്ട്ടാ’മൂസാക്കുട്ടി പറഞ്ഞു
“ഇയ്യ് ഒരു ആങ്കുട്ടിയല്ലേ ? ഓളെ ബിളിച്ചിറക്കി കൊണ്ടുബരിന്‍.അയിന് കയ്യൂല്ലങ്കില് പിന്നെ എന്തിനാണ് ഈ മാണ്ടാത്ത പണിക്കു പോയത്. ഓളെ കൊതിപ്പിച്ച് ചതിച്ചാല്‍ പടച്ചോന്‍ പൊറുക്കൂലാട്ടോ.”ഉമ്മ പറഞ്ഞു.
വാപ്പച്ചി ഉമ്മയുടെ നേര്‍ക്ക് ഒച്ചയിട്ട് പറഞ്ഞു“കേറിപോടീ പൊരക്കകത്ത്. ഇനി ഇബിടെ നിന്ന് തൊള്ളതൊറന്നാല്‍ അന്റെ മയ്യെത്തെടുക്കും ഞമ്മള്”.
സംഗതി അത്ര പന്തിയല്ലന്നുകണ്ട ഉമ്മാ “അല്ലേലും ഞമ്മള് പറേണത് ഇങ്ങക്ക് പണ്ടേ പിടിക്കൂലാലോ”എന്ന് പറഞ്ഞ് അകത്തേക്കുപോയി.വാതില്‍ക്കല്‍ നിന്ന് എത്തിനോക്കിക്കൊണ്ടിരുന്ന എളേത്തുങ്ങളെയും “എന്ത് കാണാനാടി ഈടെ നിക്കണ് , അവുത്ത് പോടീ “എന്ന് പറഞ്ഞു വാപ്പച്ചിഓടിച്ചുവിട്ടു.
എളാപ്പ പറഞ്ഞു.“ഇക്കാ ഓന്‍ പറഞ്ഞതിലും ഒരു കതയുണ്ട്.ഓളെ ഇപ്പ വേണ്ടാന്ന് വയ്ക്കണത് ഒരു ചതി തന്നെയാണ് പടച്ചോന്‍ പൊറുക്കൂല”
വാപ്പച്ചി സ്‌നേഹപൂര്‍വ്വം മൂസാക്കുട്ടിയെ നോക്കിപ്പറഞ്ഞു.“മോനെ ഇജ്ജ് ബേജാറാവേണ്ട. ഇതൊക്കെ പടച്ചോന്റെ ഒരു കളിയാമ്മള് മനുഷ്യന്മാരെ വെറുതെ സുയിപ്പാക്കാന്‍. നിക്കാഹു ഓരോരുത്തരുടെയും നസീബാണ്. ഓളെ അനക്കായി പടച്ചതാണെങ്കില്‍ അനക്ക് തന്നെ കിട്ടും. അയിനിപ്പം എന്ത് എടങ്ങേറ് ഇണ്ടായാലും കിട്ടും. അല്ലാ അത് മറിച്ചാണെങ്കില്‍ ആരു ബിജാരിച്ചാലും കിട്ടൂല്ല. മനസ്സിലായോ അനക്ക്.”
എളാപ്പ എന്തോ പറയാന്‍ തുടങ്ങി. കൈകൊണ്ട് ആഗ്യം കാട്ടി എളാപ്പനെ വിലക്കികൊണ്ട് വാപ്പാ തുടര്‍ന്നു പറഞ്ഞു.
“പടച്ചോന്റെ നിച്ചയം അല്ലെങ്കില്‍ ഇത് ചതിയുമല്ല, പടച്ചോന്‍ പൊറുത്തോളും. ഓളുടെ വീട്ടുകാര് വല്യ പണവും പത്രാസും ഉള്ള ആള്‍ക്കാര്‍ ആയതുകൊണ്ട്ഓരുടെകൂടെആരുംനിക്കു. ഞമ്മക്ക്ഒരോട്പട വെട്ടാന്‍ കയ്യൂല്ല.ഇനി ഓളെ യീ ബിളിച്ചിറക്കി കൊണ്ടുന്നൂ എന്ന് ബിജാരിക്കിന്‍, ഓള് ഇണ്ടായന്നെ രാജാത്തിനെ പോലെ കയിഞ്ഞു വരുന്നതാണ്. ഓക്ക് ഇബടെ നമ്മുടെ പൊരേല്‍ നിക്കാന്‍കയ്യൂല്ല. അത് പിന്നെ വല്യ പുലിവാലും എടങ്ങാറുമാവും. ഓളെ ആ സ്ഥിതീല്‍ പോറ്റാന്‍ അനക്ക് ഇപ്പ അവൂല്ലാന്ന്! ഞമ്മക്കറിയാം. അനക്ക് ഓളെ പെരുത്ത ഇഷ്ടമാണെങ്കില്‍ ഇനി നീയ് ഒരു കാര്യം ചെയ്‌തോളീ, ഓക്ക് നല്ലൊരു ജീവിതം കൊടുക്കാന്‍ പടച്ചോനോട് തേടിക്കൊ. നാളെ വേറൊരു സ്ഥിതീല്‍ ഓളെ കാണാന്‍ ഇടയായാല്‍ അത് അനക്ക് ചെലപ്പോ സഹിക്കാന്‍ പറ്റൂല ”.
അങ്ങിനെ ഒരു പൈങ്കിളികഥാന്ത്യംപോലെ കണ്ണീരില്‍ കുതിര്‍ന്ന രാത്രികള്‍ മൂസാക്കുട്ടിക് സമ്മാനിച്ചുകൊണ്ട് മറ്റൊരാളുമായി ലൈലയുടെ വിവാഹം കഴിഞ്ഞു. മൂസാക്കുട്ടി നാട്ടിലെ ഏതൊരു നിരാശ കാമുകനെയുംപോലെ കുറച്ചുകാലം താടി വളര്‍ത്തിയും വിരഹ /ശോകഗാനങ്ങള്‍ മൂളിയും നടന്നു.ഏറെ താമസിക്കാതെ തന്നെ മൂസാക്കുട്ടി തന്‍റെ അകന്ന ബന്ധത്തിലുള്ള നബീസയെ വിവാഹം കഴിച്ചു.
നബീസയുടെ ആങ്ങള സലീം ഒരു കാര്‍ വാങ്ങിച്ചു. അത് പെങ്ങളെ കാണിക്കാനായി നബീസയുടെ അടുത്ത്‌കൊണ്ടുവന്നു. അവന്‍ തിരിച്ച് പോയപ്പോള്‍ മുതല്‍ മുഖം വീര്‍പ്പിച്ചു ഒരേ ഇരിപ്പാണ് നബീസ. .
അന്ന് വൈകുന്നേരം മൂസാക്കുട്ടി വന്നപ്പോള്‍ മുതല്‍ നബീസയുടെ പിറുപിറപ്പു കേള്‍ക്കാന്‍ തുടങ്ങി. എന്താണ് പിറുപിറുത്തുകൊണ്ട് മുഖം വീര്‍പ്പിച്ചു നടക്കുന്നതെന്ന് മൂസാകുട്ടി ചോദിച്ചിട്ട് അവള്‍ ഒന്നും പറഞ്ഞില്ല. കാര്യം മനസ്സിലായ വാപ്പച്ചി നബീസയോട്പറഞ്ഞു
“ഇന്നല്ലെങ്കില്‍ നാളെ ഓന്റെ നെലയൊക്കെ ഹൈറാകും അപ്പൊ നിങ്ങക്കും കാറൊക്കെ മാങ്ങാലോ”
“കൊറേ മാങ്ങിക്കും, കാര്‍ മാങ്ങിക്കും. ന്റെ ഇക്കായെ കണ്ട് പഠിചോളിന്‍, ഓന്‍ നയിച്ച് ആവശ്യത്തിന് ഇണ്ടാക്കീട്ടെ നിക്കാഹു കയിച്ചിള്ളു. കയ്യില്‍ കായില്ലത്തവന്‍ നിക്കാഹ് കയിക്കാന്‍ നിക്കരുത്, ആ പൂതി അങ്ങ് മാറ്റി ബെച്ചേക്കണം.”നബീസ പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല. മൂസാകുട്ടി മനസ്സില്‍ പറഞ്ഞു അവള്‍ പറഞ്ഞത് ശരിയല്ലേ ? കാശില്ലാത്തവന്‍ ഇമ്മാതിരി പണിക്കൊന്നും നിക്കാന്‍പാടില്ല. ഋതുക്കള്‍ അതിവേഗം ഓടി മറഞ്ഞു മൂസാക്കുട്ടിയുടെ പുരയിലും കുഞ്ഞു കാലടികള്‍ അടയാളങ്ങള്‍ വീഴ്ത്തി ഓടി നടന്നു. അടുപ്പിലെ കരിയും കളര്‍ പെന്‍സിലുകളും വെള്ളതേച്ച ചുവരില്‍ ചിത്രങ്ങളായി രൂപം മാറും. അതുകണ്ട് തൊള്ളയിട്ടു വടിയുമായി നബീസ പുറകെ ചെല്ലും. നബീസ വടിയുമായി ചെല്ലുന്നത് കാണുമ്പോള്‍ മണ്ടിപ്പാഞ്ഞു വല്യുപ്പയുടെയും വല്യുമ്മയുടെയും മടിയില്‍ കയറിയിരുന്നു നബീസയെ കൊഞ്ഞനം കുത്തിക്കാണിക്കും.
“ഇങ്ങളാണ് കുട്ടിയോളെ ബെടക്കാക്കുന്നത്. ഓര് പെണ്‍കുട്ടിയോളാന്ന ബിജാരോല്ല രണ്ടിനും”
എന്ന് പറഞ്ഞു നബീസ ചവിട്ടിക്കുലുക്കി കടന്നു പോകുന്നത് നോക്കി വാപ്പച്ചിയും ഉമ്മയും ചിരിക്കും.നിനച്ചിരിക്കാതെ ഒരുനാള്‍ വാപ്പച്ചി മയ്യത്തായി. മൂസാക്കുട്ടിയുടെ ജീവിതത്തില്‍ അതൊരു വല്ലാത്ത ആഘാതമായി. ജീവിതഭാരം ഇരട്ടിയായി. ഇതുവരെ വീട്ടു ചെലവിനുള്ള കാര്യങ്ങള്‍ വാപ്പച്ചിനോക്കുമായിരുന്നു. വാപ്പച്ചി ജീവിച്ചിരുന്നപ്പോള്‍ അത്മൂസാകുട്ടിക്കൊരുബലമായിരുന്നു എന്തിനും ഏതിനും പോന്ന ഒരു താങ്ങ്.
വരുമാനത്തിലാണെങ്കില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകുന്നില്ല. കാര്യങ്ങള്‍ ആകപ്പാടെ കൈവിട്ട് പോകുന്ന അവസ്ഥ. സാമ്പത്തികമായി വല്ലാത്ത ഞെരുക്കം. കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പാങ്ങില്ല വീട്ട് ചെലവിനും മറ്റുമായും നന്നേ ഞെരങ്ങുന്നു..
കുഞ്ഞുങ്ങള്‍ ഓരോ കൊതികള്‍ പറയുമ്പോള്‍ ഇപ്പ കാശില്ലാ പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞു ഒഴിയുമ്പോള്‍ മൂസാകുട്ടിയുടെ ചങ്ക് തകരും. ഒരു കളിപ്പാട്ടമോ, പാവയോ ഒക്കെയാണ് അവര്‍ ചോദിക്കുന്നത്. പക്ഷെ നല്ല ആഹാരം വാങ്ങിച്ച് കൊടുക്കാനോ നല്ല വസ്ത്രം വാങ്ങിച്ച് കൊടുക്കാനോ പോലും മൂസാകുട്ടിയുടെ കൈയ്യില്‍ പണമില്ല പിന്നെങ്ങിനെ കളിപ്പാട്ടങ്ങള്‍ വാങ്ങികൊടുക്കും.? ചിലപ്പോള്‍ മൂസാക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു വരും ചിലപ്പോള്‍ അവര്‍ കാണാതെ തൊടിയില്‍ പോയി നിന്ന് കരയും. പടച്ചവനോട് മൂസാക്കുട്ടി തന്റെ അവസ്ത പറഞ്ഞ് പരിതപിക്കും.പടച്ചോനാണെങ്കില്‍ തന്‍റെ മൌനം അനസ്യൂതം തുടരുകയുമാണ്.ജീവിതമെന്നാല്‍ ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍ കൂടിയാണെന്ന് മൂസാക്കുട്ടിക്ക് തോന്നി.
ആയിടെ ഉറ്റ ചങ്ങാതിയായ അരവിന്ദന്‍ അഹമ്മദാബാദില്‍!നിന്ന് നാട്ടില്‍ വന്നു. മൂപ്പരവിടെ കമ്പനികളില്‍ ഇലക്ട്രിക് കോണ്‍ട്രാക്ടറാണ്. ചങ്ങാതിപറഞ്ഞു ഇവിടെ സംഗതി മോശമാണെങ്കില്‍ നീ അങ്ങോട്ട് വാ. അവിടെ ഒത്തിരി കമ്പനികള്‍ ഉള്ളതല്ലേ എവിടെയെങ്കിലും കയറിപറ്റാം നിനക്ക് നല്ല പഠിപ്പുള്ളതല്ലേ. അങ്ങിനെ വല്ലതും ചെയ്താലോ എന്ന് മൂസാക്കുട്ടി ആലോചിച്ചു. പ്രായം കൂടി വരികയാണ് ഇനി നാട്ടില്‍ ഒരു ജോലിയില്‍ കയറി പറ്റാനുള്ള സാധ്യത തുലോം വിരളമാണ്. ഒത്തിരി പ്രായം കൂടിയാല്‍ പിന്നെ െ്രെപവറ്റ് കമ്പനികളിലും കിട്ടാന്‍ ബുദ്ധിമുട്ടാകും. ഓഫീസും ഫയലുകളും മറ്റൊരു ജൂനിയര്‍ വക്കീലിനെ ഏല്‍പ്പിച്ച് അധികം ആരോടും പറയാതെമൂസാകുട്ടിഅഹമ്മദാബാദിലേക്ക് ട്രെയിന്‍ കയറി.
വാപ്പച്ചി എവിടേക്കാണ് പോണത് എന്നാണ് തിരികെ വരിക എന്നൊന്നും അറിയാതെ ചിരിച്ചുകൊണ്ട് കൈവീശി യാത്രയാക്കിയ കുഞ്ഞുങ്ങളുടെ മുഖമോര്‍ത്തു യാത്രയിലുടനീളം മൂസാക്കുട്ടി വിങ്ങിപ്പൊട്ടി. തന്റെ മക്കളുടെ ബാല്യവും കൌമാരവും ഒക്കെ എന്നേക്കുമായി തനിക്ക് നഷ്ടപ്പെടാന്‍ പോകുന്ന യാത്രയുടെ തുടക്കമാണിതെന്നു മൂസാക്കുട്ടിയും അപ്പോള്‍ അറിഞ്ഞിരുന്നില്ല.
അഹമ്മദാബാദില്‍ എത്തിയിട്ട് മാസം രണ്ടു കഴിഞ്ഞുഇതുവരേക്കും ജോലിയൊന്നും ആയില്ല. മൂസാകുട്ടി ആധിപൂണ്ടു.വീട്ടിലെ കാര്യം ഓര്‍ത്തും മക്കടെ കാര്യം ഓര്‍ത്തും ചങ്ക് നീറി.ഒടുക്കം മൂസാകുട്ടിയുടെ പടച്ചോന്‍ ഒരു വഴി തുറന്നു. ഒരു കെമിക്കല്‍ ഫാക്ടറിയില്‍ സ്‌റ്റോര്‍ കീപ്പറുടെ ജോലിതരപ്പെട്ടു. മൂസാകുട്ടി അങ്ങിനെ ഒരു ഫാക്ടറിയുടെ പാണ്ടികശാല സൂക്ഷിപ്പുകാരനായി. പണിയെല്ലാം ഒരാഴ്ചകൊണ്ട് മൂസാകുട്ടി പഠിച്ചു. മൂസാകുട്ടിയുടെ കൃത്യമായ ജോലിയിലും, സ്‌റ്റോക്ക് ഏറ്റകുറവ്അനുസരിച്ച് യഥാസമയം പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ തയ്യാറാക്കുന്നതിലുള്ള ഉത്തരവാദിത്വത്തിലും ഒക്കെ ഫാക്ടറി മാനേജര്‍ക്ക് നല്ല മതിപ്പ് തോന്നി. മൂസാകുട്ടിയുടെ ഇംഗ്ലീഷ് പരിജ്ഞാനം മനസ്സിലാക്കാന്‍ ഇടയായ അദ്ദേഹം വിദേശ ഇടപാടുകാര്‍ക്കുള്ള എഴുത്ത് കുത്തുകളുടെ ചുമതലയും മൂസാകുട്ടിയെ എല്പ്പിച്ചു.
മൂസാകുട്ടിയുടെ കമ്പനി യു. എ. ഇ യില്‍ ഒരു കെമിക്കല്‍ കമ്പനി ഏറ്റെടുത്തു. അവിടേക്ക് ഫാക്ടറി മാനേജരായി മൂസാക്കുട്ടിയുടെമാനേജര്‍ നിയമിതനായി. പുതിയ കമ്പനിയിലേക്ക് പരിചയസമ്പന്നരായ ഏതാനും ആള്‍ക്കാരെ കൂടി ആവശ്യം വന്നു മാനേജര്‍ മൂസാക്കുട്ടിയെയും കൂടെ കൊണ്ടുപോയി. അങ്ങിനെ അവിചാരിതമായി ഗള്‍ഫിലേക്ക്.!
കമ്പനി നല്‍കിയ താമസസ്ഥലത്തെ കുടുസുമുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ മൂസാക്കുട്ടിയുടെ കണ്ണുകള്‍ കുഞ്ഞുങ്ങളെ കാണാന്‍ കൊതിച്ചു നിറഞ്ഞൊഴുകും. ഉമ്മയെയും നബീസയെയും പെങ്ങന്മാരേയും കാണാന്‍ ഖല്‍ബ് കൊതിക്കും. ആ സങ്കടങ്ങള്‍ക്കിടയിലും പടച്ചോന്‍ തന്നോട് കാണിച്ച കരുണയോര്‍ത്തു മൂസാകുട്ടിയുടെ ഉള്ളം തണുക്കും. താന്‍ ഇപ്പോള്‍ എല്ലാവരെയും വിട്ട് ഇവിടെയാണെങ്കിലും ഇന്ന് തന്റെ കുടുംബം തരക്കേടില്ലാതെ മുന്നോട്ടു പോകുന്നു അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും കുറവില്ലാതെ നോക്കാന്‍ പടച്ചോന്റെ കൃപയാല്‍ ഇന്ന് കഴിയുന്നുണ്ട്.
ഇടയ്ക്കിടയ്ക്ക് ലൈലയുടെ ഓര്‍മ്മകള്‍ മൂസാക്കുട്ടിയുടെ ഓര്‍മ്മയില്‍ എത്തും. പോലിസുകാരനായ അവളുടെ മാപ്പിള അവളെ നല്ല വണ്ണം നോക്കാന്‍ വേണ്ടി പടച്ചോനോടും, നേര്‍ച്ചക്കാരോടും മൂസാക്കുട്ടി പ്രാര്‍ത്ഥിക്കാറുണ്ട്. വെറുതെ ഇരിക്കുമ്പോള്‍ മനസ്സില്‍ കണ്ക്കുകൂട്ടും ലൈലയ്ക്ക് ഇപ്പോള്‍ എത്ര മക്കളുണ്ടെന്നും, അവര്‍ക്ക് എന്തു പ്രായം എന്നൊക്കെ.
**************
ജോലി ആവശ്യാര്‍ത്ഥം രണ്ടുമൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അജ്മാനില്‍എത്തിയതാണ് അവിടുത്തെ അവസാനത്തെ സായാഹ്നമാണ്.ഒരുപക്ഷെ ഇനി ഒരിക്കലും അവിടേക്ക് പോകാനിടയില്ല.അതുകൊണ്ട് ബീച്ചില്‍ ഒന്ന് ചുറ്റിക്കറങ്ങിയേക്കാം എന്ന് വിചാരിച്ചു പുറത്തിറങ്ങി.ബീച്ചില്‍ വലിയ തിരക്കൊന്നുമില്ല കുറച്ച് സ്വദേശികളും വിദേശികളുമായ കുട്ടികള്‍ ബീച്ചില്‍ ഓടി തിമര്‍ക്കുന്നു അവരുടെ മാതാ പിതാക്കള്‍ സമീപത്തായി അവരെയും ഉറ്റുനോക്കി ഇരിക്കുന്നു. ഒരാള്‍ ഒട്ടകത്തെയും പിടിച്ചുകൊണ്ടു സവാരിക്കാരെ തേടി നടന്ന് വരുന്നുണ്ട്.ഒരേ സമയം രണ്ടാള്‍ക്ക് സവാരി ചെയ്യാനുള്ള ഇരിപ്പടം ഒട്ടകത്തിന്റെ പുറത്ത് കെട്ടിവെച്ചിട്ടുണ്ട്. ഈന്തപ്പനകള്‍ക്ക് പുറമെ അവിടവിടായി ചില തെങ്ങുകളും നില്പുണ്ട് ബീച്ചില്‍. ഇപ്പോഴും നന്നായി വെയില്‍ അടിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ബീച്ചില്‍ വല്യ തിരക്കില്ല. ഒരു ഈന്തപ്പനയുടെ അടുത്തായുള്ള ഒരു ചാരുബഞ്ചില്‍ ഞാന്‍ ഇരുന്നു. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ ഓടിക്കളിക്കുന്ന കുട്ടികളെ ചുമ്മാ നോക്കിയിരിക്കുമ്പോള്‍ ഒരാള്‍ വന്നുമുന്‍പില്‍ നിന്നു. മെല്ലിച്ച ശരീരവും ക്ഷീണം വിളിച്ചു പറയുന്ന കണ്ണുകളും നരകേറി നിരങ്ങിയ മുടിയും താടി രോമങ്ങളും.
‘ഹെന്റെമൂസാക്കുട്ടിയെ’എന്ന് പരിസരം മറന്നു ഉറക്കെ നിലവിളിച്ചുകൊണ്ട് ഞാന്‍ ബെഞ്ചില്‍ നിന്ന് ചാടി എഴുന്നേറ്റവനെ കെട്ടിപിടിച്ചു. എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ചിലര്‍ തിരിഞ്ഞ് നോക്കി.
‘എന്ത്‌കോലമാണെടാ ഇത്’ ? ഞാന്‍ പരിതപിച്ചു.
മൂസാക്കുട്ടി ഒന്നും പറഞ്ഞില്ല. വെറുതെ ഒരു വിളറിയ ചിരിമാത്രം എനിക്ക് സമ്മാനിച്ചു.അവന്‍ എന്നെ താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. നഗരത്തില്‍നിന്ന് കുറച്ച് അകലെ അവന്‍റെകമ്പനി ഏര്‍പ്പാടാക്കിയ ഇടമാണത്. അവിടെനിന്നും തൊഴിലാളികളെ കമ്പനി വാഹനത്തില്‍ ജോലിക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടാക്കുകയും ചെയ്യും.
മുറിയില്‍ ചെന്നപാടെ മൂസാക്കുട്ടി ഒരു കെറ്റിലില്‍ വെള്ളമെടുത്തു ‘സുലൈമാനി’ ഉണ്ടാക്കാന്‍ വെച്ചു. ഞാന്‍ മുറിയും പരിസരവും ഒന്ന് കണ്ണോടിച്ചുനോക്കി. ഇടുങ്ങിയ ഒരു ഒറ്റമുറി അതില്‍ ഒരുമൂലയില്‍ അടുക്കള ക്രമീകരിച്ചിരിക്കുന്നു. നടുവ് കുഴിഞ്ഞ ഒരു മടക്ക് കട്ടില്‍. അടുത്തായി പ്ലാസ്റ്റിക് കസേരയും പ്ലാസ്റ്റിക്കിന്റെ തന്നെ ഒരു ചെറിയ മേശയും. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ചുവരില്‍ രണ്ട് ഹാങ്ങറുകള്‍. നിലത്ത് ഒന്നിനുമേല്‍ മറ്റൊന്നായി അടുക്കിവച്ചിരിക്കുന്ന രണ്ടു പെട്ടികള്‍. താഴേക്ക് പൊട്ടിവീഴുമോന്നു സംശയം തോന്നിക്കുന്ന ഒരു സീലിംഗ് ഫാന്‍ തലയ്ക്കു മുകളില്‍ ഇളകിയാടുന്നുണ്ട്. ആ മുറിയിലെ ഏക ആഡംബര വസ്തുവെന്ന് പറയാവുന്നത് ജനല്‍പടിയിലിരുന്ന് ഒരു കാട്ടുമൃഗത്തെപ്പോലെ ഉച്ചത്തില്‍ മുരണ്ടുകൊണ്ടിരിക്കുന്ന പഴയ ഒരു എയര്‍കണ്ടിഷണര്‍ മാത്രമാണ്.
എന്റെ നോട്ടം കണ്ട മൂസാകുട്ടി പറഞ്ഞു.“ഇത്‌പോലെയുള്ളമുറിയില്‍നാലുംഅഞ്ചുംപേരാണ്ഇവിടങ്ങളില്‍ കഴിയുന്നത്. ഈടെ ഇപ്പ ഞാന്‍ മാത്രമേയുള്ളൂ. നമുക്കിവിടെ അതുകൊണ്ട് ഒരു കുഴപ്പവുമില്ല. പിന്നെ ഇത് കമ്പനി ഏര്‍പ്പാടാ നമ്മള്‍ ഒന്നും കൊടുക്കേണ്ട കരണ്ടിന്റെയും വെള്ളത്തിന്റെയും കാശ് മാത്രം ഓര് ശമ്പളത്തീന്ന് പിടിക്കും”
വീട്ട് വിശേഷം ചോദിച്ചപ്പോള്‍ മൂസാകുട്ടി പറഞ്ഞു. “പുതിയവീടൊന്നു പണിതു.ഞാന്‍ മൂന്ന് നാലു കൊല്ലം കൂടുമ്പോള്‍ ഒന്ന് പോയി കുറച്ചുദിവസം കഴിഞ്ഞു ഇങ്ങു പോരും. വീടിന്റെ കടം ഇനിയും ബാക്കിയാണ് പാതിവഴിയെ എത്തിയോള്ളൂ. ഇക്കൊല്ലം ഒന്ന് പോയി വന്നതേയുള്ളൂ മൂത്തമോളുടെ നിക്കാഹ് നടത്തി. പതിനെട്ട് കഴിഞ്ഞേയുള്ളുവെങ്കിലും പഠിപ്പിന് ഇച്ചിരെ മോശമായതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു. പിന്നെ ഒന്നിന്‍റെ കാര്യം കഴിഞ്ഞാല്‍ അത്രയും ആയല്ലോ? നിക്കാഹു കഴിഞ്ഞപ്പോള്‍ കടം ഇച്ചിരെകൂടെ ആയി. ഇനി അത് കൂടി വീട്ടാന്‍ പണിയെടുക്കണം. ഇളയവളുടെ കാര്യത്തിനുവേണ്ടി എന്തെങ്കിലും കരുതണം.
മക്കള്‍ കണ്മുന്‍പില്‍ വളരുന്നത് കാണാന്‍ കൊതിച്ചിരുന്നു പക്ഷെ അതിനൊന്നും എനിക്ക് വിധി ഉണ്ടായില്ല. വാപ്പച്ചിയുടെ നെഞ്ചിലെ ചൂടേറ്റു വളരാത്തതിനാല്‍ ആണെന്ന് തോന്നുന്നു വലുതായപ്പോള്‍ അവര്‍ക്ക് എന്നോട് വലിയ അടുപ്പമൊന്നുമില്ല.സ്‌നേഹത്തോടെ ഒന്നണച്ചു നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ ഒരപരിചിതന്റെ അടുത്ത് നിന്നെന്നപോലെ അവര്‍ കുതറിമാറിപ്പോകുന്നു. ങ്ഹാ.. അവരൊക്കെ വല്യ കുട്ടികളായിപ്പോയില്ലേ. നമ്മള്‍ക്ക് ഇപ്പോഴും അവര്‍ കുഞ്ഞുങ്ങള്‍ ആണെങ്കിലും. ഒരു പക്ഷെ അവരുടെ ബാല്യവും കൌമാരവും കാണാതെ പോയ നഷ്ടബോധം കൊണ്ട് എനിക്ക് തോന്നുന്നതായിരിക്കാം ഇങ്ങിനെയൊക്കെ”.
കുറച്ച് നേരത്തേക്ക് എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുപോലെ മൂസാകുട്ടി നിശബ്ദനായി. ഞാന്‍ മൂസാകുട്ടിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. അവന്റെ കണ്ണുകളില്‍ നിറയുന്നത് വെറും നിസംഗ ഭാവം മാത്രം. എന്തെങ്കിലും ചോദിയ്ക്കാന്‍ ഞാന്‍ തുടങ്ങുന്നതിന് മുന്‍പായി മൂസാക്കുട്ടി എണീറ്റ് പോയി സുലൈമാനി റെഡി എന്ന് പറഞ്ഞു രണ്ടു കപ്പുമായി വന്നു.
സുലൈമാനി കുടിക്കുന്നതിനിടയില്‍ അവന്‍ തന്നെ പറഞ്ഞു തുടങ്ങി
“ഇവിടെ ശമ്പളം പഴയതൊക്കെ തന്നെയാണ്. ചിലരുടെയൊക്കെ കുറച്ചു, കുറെപ്പേരെ പിരിച്ചുവിട്ടു. ഏന്തോപടച്ചോന്റെ കാരുണ്യത്താല്‍ കൂട്ടികിട്ടിയില്ലെങ്കിലും എന്റെ ശമ്പളം കുറച്ചില്ല”.
കോടതിമുറികളില്‍ കഷികള്‍ക്ക് വേണ്ടി അര്‍പ്പണത്തോടെ നിയമങ്ങളും വകുപ്പുകളും പഠിച്ചു കേസ് വാദിച്ചിരുന്നു മൂസാക്കുട്ടി.പഠിച്ച നിയമങ്ങളെല്ലാം ഏതാണ്ട് വിസ്മൃതിയില്‍ ആയിക്കഴിഞ്ഞു പകരം സള്‍ഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, വയലെറ്റ് ആസിഡ് തുടങ്ങിയ ആസിഡുകളുംടെയും മറ്റ് ആല്കലികളുടെയും സ്‌റ്റോക്കെടുപ്പും, സ്വീകരിക്കലുമായി കഴിയുന്നു. നിയമ വകുപ്പുകള്‍ മനഃപ്പാഠമാക്കിയിരുന്നിടത്ത് ഇന്ന് രാസ നാമങ്ങളും, രസപ്രവര്തന്ങ്ങളുടെ സൂത്രവാക്യങ്ങളും മനപ്പാഠം. മെണ്ടലീവിന്റെ ആവര്‍ത്തന പട്ടികയില്‍ ഒന്നു കാണാത്ത രാസവസ്തുക്കള്‍ പോലും ഇന്ന് മൂസാകുട്ടിക്ക് മന:പ്പാഠം.!ഞാന്‍ മൂസാകുട്ടിയോട് യാത്ര പറഞ്ഞിറങ്ങി പിറ്റേന്ന് രാവിലെ അജ്മാനോടും യാത്ര പറഞ്ഞു. പിന്നീട് ഇതുവരെ അജ്മാനിലേക്ക് യാത്ര ചെയ്യാനോ മൂസാക്കുട്ടിയെ കാണാനോ കഴിഞ്ഞില്ല.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ മൂസാക്കുട്ടിയുടെ വീട് തേടിപിടിച്ചു ചെന്നു.ഞാന്‍ ചെല്ലുമ്പോള്‍എന്നെ കാത്തിരിക്കുംപോലെ വഴിയിലേക്ക് കണ്ണും നട്ടുകൊണ്ട് ഉമ്മറകോലായില്‍ മൂസാക്കുട്ടിയുടെ ഉമ്മയിരിക്കുന്നുണ്ടായിരുന്നു. മൂസാകുട്ടിയുടെ ചങ്ങാതിയാണെന്നു പറഞ്ഞപ്പോള്‍ ഉമ്മാക്ക് വലിയ സന്തോഷമായി.
ഉമ്മ പറഞ്ഞു ‘‘ങ്ങള് കേറി കുത്തിരിക്കിന്‍ മ്മള് കുറച്ചു ചായ കാച്ചി ഇപ്പ ബരാം’’
ചായ വേണ്ടാന്ന് പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല
‘‘ആത്യായിട്ട് ഞമ്മടെ പൊരേല്‍ ബരുന്നതല്ലേ ചായ കുടിക്കാതെ പറ്റൂല്ല.ഓന്‍ അറിഞ്ഞാല്‍ ചോയിക്കൂലേ എന്താ ഉമ്മാ ന്‍റെ ചങ്ങായി പൊരെ ബന്നിട്ടു നിങ്ങള്‍ ഓരിക്ക് ഒരിറക്ക് ചായ കാച്ചി കൊടുക്കാത്തെന്നു’’
ഇതുപറഞ്ഞു ഉമ്മ അകത്തുപോയി. ഞാന്‍ മുറ്റത്തിറങ്ങി വീടും പരിസരവും നോക്കി. മനോഹരമായ വീട്. സ്വന്തം മക്കളുടെ കുസൃതിയും വളര്‍ച്ചയും നോക്കി കാണാനാവാതെ മരുഭൂമിയില്‍ വീര്‍പ്പുമുട്ടിയ മൂസാക്കുട്ടിയുടെ ദു:ഖങ്ങളും കണ്ണുനീരും കടന്ന് വരാതിരിക്കാനെന്നവണ്ണം ചുറ്റുമതില്‍ കെട്ടി ഗേറ്റ് വച്ച് മനോഹരമാക്കിയ വീട്. സുന്ദരമായ ഈ വീടും തൊടിയും ഇട്ടേച്ച് അജ്മാനിലെ ഇടുങ്ങിയ ഒറ്റമുറിയില്‍ എത്ര കാലമായി മൂസാക്കുട്ടി കഴിയുന്നു. അവനവന് ആസ്വദിക്കാന്‍ പറ്റാത്തത് മറ്റുള്ളവര്‍ക്കായി ഒരുക്കികൊടുത്തു സായൂജ്യമടയുന്നവരില്‍ ഒരുവന്‍. സ്വന്തം വീട്ടില്‍ വിരുന്നുകാരനായി വല്ലപ്പോഴും വന്ന് പരിഭവത്തിന്റെയും, പുതിയ ബാധ്യതയുടെയും ഭാണ്ഡവുമായി വീണ്ടും തിരികെ പരദേശിയായി കടന്നു പോകുന്നവന്‍ ...
‘‘അല്ല മോന്‍ അബിടെന്നെ നിക്കുവാണോ ദാ ബന്നു ചായ് കുടിക്കിന്‍’’
ഒരു കയ്യില്‍ ചായയും മറുകയ്യില്‍ ഒരു പ്ലേറ്റില്‍ ചായക്കൊപ്പം കടിക്കാന്‍ ചില ബേക്കറി പലഹാരവുമായി വന്ന് ഉമ്മഎന്നെ വിളിച്ചു. ചായ കുടിക്കുന്ന എന്നെ ഇമവെട്ടാതെ ഉമ്മ നോക്കിയിരുന്നു. മൂസാകുട്ടിയുടെ സമപ്രായക്കാരനായ എന്നെ കണ്ടപ്പോള്‍ മൂസാകുട്ടിയുടെ ഓര്‍മ്മകള്‍ ആ മനസ്സില്‍ ഓടി വന്നിട്ടാകാം ആ കണ്ണുകള്‍ സജലങ്ങളായിരിക്കുന്നു. ഉമ്മയുടെ ശോകഛവി കലര്‍ന്ന കണ്ണുകള്‍ കണ്ടപ്പോള്‍ എനിക്ക് വല്ലാണ്ടായി. വല്ലത്തൊരു നിശബ്ദത ഞങ്ങളുടെ ഇടയില്‍ വന്നുചേര്‍ന്നു. മൌനത്തിനു വിരാമം ഇട്ടുകൊണ്ട് ഞാന്‍ മൂസാക്കുട്ടിയുടെ വിശേഷങ്ങള്‍ ഉമ്മയോട് ചോദിച്ചു.
ഉമ്മ പറഞ്ഞു മൂസാക്കുട്ടി കഴിഞ്ഞകൊല്ലം ഇളയ മോളുടെ നിക്കാഹ് നടത്താന്‍ വന്നിരുന്നു. ഇനി ഉടനെ ഇങ്ങോട്ടില്ല എന്ന് പറഞ്ഞിട്ടാണ് പോയത്.അതെന്താ അങ്ങിനെ എന്നു ചോദിക്കാതെ തന്നെ ഉമ്മ പറഞ്ഞു.
‘‘പെരെന്റെ കായ് ചോദിച്ചു വാങ്കീന്ന് കടലാസ് വന്നീനു. ഇപ്പത്തന്നെ പെരുത്ത് കായ് അയീ ന്നാ ഓര്‍ പറേന്നത്. പിന്നെ മൂത്തയിന്റെയും ഇളയിന്റെയും നിക്കാഹിനു വാങ്ങിയ കായ് വേറെ’’
‘‘ഇന്റെ മോനെ ഒന്നും പറേണ്ട ഇതൊക്കെ ഓന്‍ എന്ന് കൊടുത്തു തീര്‍ക്കൂന്ന് പടച്ചോനിക്കറിയാം.പിന്നെ ഓനും ഓക്കും കഞ്ഞീം കുടിച്ച് കയ്യെണ്ടേ. ഞമ്മളെ പള്ളിക്കാട്ടീക്ക് എടുക്കുന്നേനു മുന്നായി ഓന്‍ ഒന്ന് വന്നാല്‍ മതീനു’’
ഉമ്മയോട് യാത്ര പറഞ്ഞു ഞാനിറങ്ങി. റോഡില്‍ എത്തി വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെത്തന്നെ നോക്കികൊണ്ട് ഉമ്മറപ്പടിയില്‍ ചാരി ആ ഉമ്മ നില്‍ക്കുന്നുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക