Image

ഗാഡ്ഗില്‍ അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന്...? (എ.എസ് ശ്രീകുമാര്‍)

Published on 22 August, 2018
ഗാഡ്ഗില്‍ അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന്...? (എ.എസ് ശ്രീകുമാര്‍)
പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നതു കൂടുതല്‍ ലളിതമാകുമായിരുവെന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മറ്റി അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായം ഗൗരവ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട സമയമാണിത്. പ്രളയകാലത്തെ ഡാം ഓപ്പറേഷന്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സൈന്യത്തെ വിളിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കേവലം രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കൊമ്പുകോര്‍ക്കുന്ന സമയത്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രസക്തമാവുകയാണ്.

''മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് ദുരന്തത്തിനു കാരണം. കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണിപ്പോള്‍ കാണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നു ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു. ഇക്കാലത്തിനിടയില്‍ കയ്യേറ്റം കുത്തനെ വര്‍ധിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാര്‍ഥ ഉത്തരവാദികള്‍. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കണം...'' ഗാഡ്ഗില്‍ അഭിപ്രായപ്പെടുന്നു.

കേരളം പ്രളയത്തിന്റെ നരകയാതനയില്‍ നിന്ന് കരകയറുകയും ഏറെ ശ്രമകരമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്നത് പശ്ചിമഘട്ടവും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിന്റെ ആവശ്യകത നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. അങ്ങനെ വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും എന്താണെന്ന് അറിയേണ്ടതുണ്ട്.

ജൈവ വൈവിധ്യത്തിന്റെ കലവറയായി ലോകം വളരെ മുമ്പ് തന്നെ അംഗീകരിച്ചിരിക്കുന്ന പശ്ചിമഘട്ട മലനിരകള്‍ക്ക് ഹിമാലയത്തേക്കാള്‍ പ്രായമുണ്ടെന്നാണ് ഗവേഷണകരുടെ നിഗമനം. 45 മുതല്‍ 65 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന മലനിരകളുടെ ശൃഖലയാണ് സഹ്യാദ്രിയെന്ന് വിളിപ്പേരുള്ള ഈ മലകള്‍. 1600 കിലോമീറ്റര്‍ ദൈര്‍ഘ്യവും നൂറുകിലോമീറ്റര്‍ വരെ വീതിയും 1,60,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകള്‍ അറബിക്കടലിനു സമാന്തരമായി  ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് ആരംഭിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നീണ്ടുകിടക്കുന്ന ഈ മലനിരകള്‍ കന്യാകുമാരിയില്‍ അവസാനിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ ഇരുഭാഗങ്ങളിലെയും ഭൂപ്രദേശങ്ങളിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഇത് പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിലെ വനങ്ങളാണ് മണ്‍സൂണ്‍ മഴയുടെ പ്രഭവകേന്ദ്രം.

റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ 2012 ജൂലൈ ഒന്നിന്  ചേര്‍ന്ന ലോക പൈതൃക സമിതി പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. രാജ്യത്തിനകത്തെയും പുറത്തെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഗവേഷകരുടെയും അക്കാദമിക് ബുദ്ധിജീവികളുടെയുമൊക്കെ ശ്രമമായാണ് പശ്ചിമഘട്ട മലനിരകളെ യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടാനിടയാക്കിയത്. എങ്കിലും പശ്ചിമഘട്ട മലനിരകള്‍ വനനശീകരണവും ഖനനവും മൂലം തകര്‍ന്നുകൊണ്ടിരിക്കുന്നു. നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ആയിരക്കണക്കിന് അത്യപൂര്‍വ്വ ജന്തുജാലങ്ങളും സസ്യവര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്ന ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വംശനാശം നേരിടുന്ന ഒട്ടനവധി സസ്യ-ജന്തു ജാലങ്ങള്‍ക്ക് അഭയസ്ഥാനം ഈ മലമടക്കുകളാണ്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ നീരണിയിക്കുന്ന നദികളുടെ ഉത്ഭവസ്ഥാനവും പശ്ചിമഘട്ടമാണ്.

രൂക്ഷമായ വനനശീകരണവും, വനംകൊള്ളയും കുന്നിടിക്കലും പാറപൊട്ടിക്കലും ധാതുദ്രവ്യങ്ങള്‍ക്കായുള്ള ഖനനവും അണകെട്ടലും അശാസ്ത്രീയമായ വിനോദ സഞ്ചാരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ട മലനിരകളെ നാശത്തിത്തിന്റെ അങ്ങേയറ്റത്തേയ്ക്ക് എത്തിച്ചുകഴിഞ്ഞു. മലകള്‍ക്കെല്ലാം കഷണ്ടികയറി, പാറകളൊക്കെ തുരന്നെടുത്തു. ഈ മലനിരകളില്‍ നിന്ന് പൊട്ടിയൊഴുകിയ നദികള്‍ വരണ്ടു. വനം നശിച്ചതിനാല്‍ മഴയുടെ അളവ് പിടിച്ചു നിര്‍ത്തുന്നതുപോലെ കുറഞ്ഞു. പശ്ചിമഘട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍പ്പെട്ടിട്ട് പതിറ്റാണ്ടുകളായി. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ  മേഖലയുടെ പരിസ്ഥിതിയെ താങ്ങിനിര്‍ത്തുന്നത് പശ്ചിമഘട്ടമാണ്. 2010 ഫെബ്രുവരിയില്‍ അന്നത്തെ പരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് തമിഴ്‌നാട്ടിലെ കോട്ടഗിരിയില്‍ പശ്ചിമ ഘട്ട സംരക്ഷണ സമിതിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് പശ്ചിമഘട്ടത്തിന്റെ നാശം സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രിയെ അറിയിക്കുകയും ചെയ്തു. പശ്ചിമ ഘട്ടത്തില്‍ നിര്‍മാണം, ഖനനം, ഭൂമി കൈയ്യേറ്റം എന്നിവ നടക്കുന്നുണ്ടെന്ന് മന്ത്രിയെ കമ്മിറ്റി അറിയിച്ചതോടെയാണ് ഗാഡ്ഗില്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ജയറാം രമേശ് തയ്യാറായത്. പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റി 2011 ആഗസ്റ്റ് 31ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഭൂമിശാസ്ത്രപരമായി പശ്ചിമ ഘട്ടത്തെ തരംതിരിക്കുകയാംണ് ഗാഡ്ഗില്‍ കമ്മിറ്റി ആദ്യം ചെയ്തത്. പരിസ്ഥിതി ലോല മേഖലകളാക്കി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ ഒരോ ചെറിയ മേഖലകളെയും പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുകയും ചെയ്തു. ഇതിനെ മൂന്നായിട്ടാണ് തംരതിരിച്ചത്. ഓരോ മേഖലയും എത്രത്തോളം സംരക്ഷണമോ, അതല്ലെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളോ നേരിടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 75 ശതമാനം പ്രദേശങ്ങളില്‍ ഒന്നാം വിഭാഗത്തിലോ രണ്ടാം വിഭാഗത്തിലോ ഉള്‍പ്പെടുന്നതാണ്.

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ കൃഷി ചെയ്യരുതെന്നായിരുന്നു പ്രധാന നിര്‍ദേശം, പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രത്യേക സാമ്പത്തിക സോണുകളോ ഹില്‍ സ്‌റ്റേഷനോ പുതിയതായി അനുവദിക്കരുത്, പൊതു സ്ഥലം സ്വകാര്യ സ്ഥലമായി മാറ്റുന്നത് തടയുക, വനഭൂമി സംരക്ഷിക്കുക, ഖനനത്തിന് ലൈസന്‍സ് നല്‍കാതിരിക്കുക, പുതിയ ഡാം നിര്‍മിക്കാതിരിക്കുക, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക, റെയില്‍വേ ലൈന്‍, ടൂറിസം നിയന്ത്രണം, കാറ്റാടി യന്ത്ര പദ്ധികള്‍ക്ക് നിയന്ത്രണം, രാസവളങ്ങള്‍ പൂര്‍ണമായും മേഖലയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു.

കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ത്തു. റിപ്പോര്‍ട്ടിനെതിരെ ഇടുക്കി രൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിക്കുകയുണ്ടായി. കര്‍ഷകരെ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പിന്നിലെന്നും കാര്‍ഷിക മേഖലയേയും ജനങ്ങളെയും ബാധിക്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇടയ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പല നിര്‍ദേശങ്ങളും ഇതിനായി ഉയര്‍ന്ന് വന്നു. തുടര്‍ന്ന് ജയറാം രമേശിന് പകരം വന്ന പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കസ്തൂരിരംഗന്‍ സമിതിയെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനായി നിയോഗിച്ചു. 81 ശതമാനവും ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നുണ്ടെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പറയുന്നു. കേരളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അതിശക്തമായിട്ടാണ് എതിര്‍ത്തത്. കേരളത്തിന് ഒട്ടും അനുയോജ്യമല്ലെന്നായിരുന്നു ഇതിനെ പരിഹസിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ നിര്‍വചനം തന്നെ പൊളിച്ചെഴുതി. ജനവാസയോഗ്യമായ സ്ഥലവും സംരക്ഷിക്കേണ്ട പ്രദേശവും എന്ന രീതിയിലേക്കാണ് ഇതിനെ മാറ്റിയത്. ഇതില്‍ വനസമ്പത്ത് കൊണ്ട് ധാരാളിത്തമുള്ള 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പശ്ചിമ ഘട്ടത്തിന്റെ ഭൂപ്രദേശം വ്യക്തമാക്കിയിരുന്നു. ഇത് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിലും കുറവായിരുന്നു. കേരളത്തില്‍ വെറും 9993.7 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് പരിസ്ഥിതി ലോല മേഖലയായി ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സത്യസന്ധമായിരുന്നത്. എന്നാല്‍ അത് കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഇല്ലാതാക്കാന്‍ സഹായിക്കുന്നതല്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ പറ്റുമായിരുന്നു. മരണസംഖ്യയും കുറയുമായിരുന്നു. മുമ്പുണ്ടായിരുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നാണ് മാധവ് ഗാഡ്ഗില്‍ ഇന്നും പറയുന്നത്.

''ഏതു ഗ്രാമത്തില്‍ നിലവില്‍ വരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. ഗ്രാമങ്ങളിലെ കര്‍ഷകരും മുക്കുവരും ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും, കാരണം അവര്‍ക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും...'' ഇതും ഗാഡ്ഗിലിന്റെ വാക്കുകള്‍. കേള്‍ക്കാന്‍ കാതുള്ളവര്‍ക്ക് കേള്‍ക്കാം...ഇല്ലെങ്കില്‍ കേട്ടതായി നടിച്ച് വൃത്തിയായി രാഷ്ട്രീയം കളിക്കാം.

ഗാഡ്ഗില്‍ അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന്...? (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക