Image

വാജ്‌പേയ്-സംഘപരിവാറിനും അപ്പുറം സര്‍വ്വസമ്മതനായ ഒരു ജനകീയ പ്രധാനമന്ത്രി- (പി.വി.തോമസ് )

പി.വി.തോമസ് Published on 22 August, 2018
വാജ്‌പേയ്-സംഘപരിവാറിനും അപ്പുറം സര്‍വ്വസമ്മതനായ ഒരു ജനകീയ പ്രധാനമന്ത്രി- (പി.വി.തോമസ് )
ഒരു രാജ്യത്തിന്റെ ഭാവിയെ അതാതുകാലത്തെ ഭരണാധികാരികള്‍ സ്വാധീനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യും. അവര്‍ ആ രാജ്യത്തിന്റെ ചരിത്രത്തെ, അതിന്റെ ഭാഗധേയത്തെ രൂപീകരിക്കും. അതാണ് നേതൃവൈഭവം, വ്യക്തിപ്രഭാവം.
ഇന്‍ഡ്യയുടെ സ്വതന്ത്രാനന്തര ചരിത്രത്തിലും ഇത് നിശ്ചയമായിട്ടും സംഭവിച്ചിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ആയ ജവഹര്‍ലാല്‍ നെഹ്‌റു ആണ് ആധുനിക ഭാരതത്തിന്റെ അടിത്തറ ഇട്ടത്. അദ്ദേഹത്തിന്റെ സംഭാവന ഒട്ടേറെ ആണ്. ഇന്‍ഡോ-ചൈന യുദ്ധത്തിലെ തകര്‍ച്ചയെ തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ച അദ്ദേഹം(1962) രണ്ട് വര്‍ഷത്ിതനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് ചരിത്രം ആണ്. പിന്‍ഗാമിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സംഭാവനയും ഒട്ടും കുറവല്ല. നെഹ്‌റുവിന് ശേഷം ആര് എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കി. 'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന മുദ്രാവാക്യം നാടിന് നല്‍കിക്കൊണ്ട് 1965-ലെ ഇന്‍ഡോ-പാക്ക് യുദ്ധത്തെ അദ്ദേഹം സമര്‍ത്ഥമായി നയിച്ചു. പിന്നീട് വന്ന ഇന്ദിരഗാന്ധി, നെഹ്‌റുവിന്റെ മകള്‍, കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ ഇന്‍ഡ്യയെ നയിച്ചു. ബാങ്ക് ദേശസാല്‍ക്കരണവും, മുന്‍ രാജാക്കന്മാരുടെ പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയതും ഇതില്‍ ഉള്‍പ്പെടും. പക്ഷേ, 1975-77 കാലഘട്ടത്തിലെ ജനാധിപത്യ വിധ്വംസനാത്മകമായ അടിയന്തിരാവസ്ഥ ഇന്ദിരക്ക് ദുഷ്‌പേര് ഉണ്ടാക്കി. 1971-ലെ ബംഗ്ലാദേശ് വിമോചനം ഇന്ദിരയുടെ ഒരു വിജയം ആയിരുന്നു. ദുര്‍ഗ്ഗ എന്ന പേരും നേടിയെടുത്തു. 1980-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിര 1984-ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കാലയവനികക്കുള്ളില്‍ അപ്രത്യക്ഷയായി, പിന്നീട് അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയും (ഇന്ദിരയുടെ മകന്‍) വി.പി.സിംഗും, ചന്ദ്രശേഖറും, നരസിംഹാറാവുവും, ഗൗഡയും, ഇന്ദ്രകുമാര്‍ ഗുജറാളും, വാജ്‌പേയിയും, മന്‍മോഹന്‍ സിംഗും, നരേന്ദ്രമോഡിയും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരു ഭരണാധികാരി ആണ് ഒരു രാജ്യത്തിന്റെ ഭാവിയും ചരിത്രവും നിയന്ത്രിക്കുന്നത്. ഭക്ഷണം പൗരന്‍ കണ്ടെത്തണം. പക്ഷെ, സ്വാഭിമാനപരമായ ജീവിതം നയിക്കുവാന്‍ എങ്കിലും ഭരണാധികാരി സഹായിക്കണം. അടിയന്തിരാവസ്ഥ ഇന്ദിരാഗാന്ധിയുടെ കളങ്കം ആയിരുന്നു. 1984-ലെ സിക്ക് വിരുദ്ധ കലാപം രാജീവ് ഗാന്ധിയുടെ തെറ്റ് ആയിരുന്നു. 1992- ബാബരി മസ്ജിദ് ഭേദനം നരസിംഹറാവുവിന്റെ തകര്‍ച്ച ആയിരുന്നു. അങ്ങനെ നിരവധി തെററുകള്‍ക്ക് നിരവധി ഭരണാധികാരികള്‍ ഉത്തരവാദികള്‍ ആയിട്ടുണ്ട്.
ഇന്‍ഡ്യയുടെ ജനാധിപത്യ-ഭരണ വ്യവസ്ഥയില്‍ സുപ്രധാനമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയ ആചാര്യന്റെ അന്ത്യമാണ് ഓഗസ്റ്റ് 17-ന് യമുനയുടെ കരയിലെ ചിതയില്‍ എരിഞ്ഞടങ്ങുക വഴി സംഭവിച്ചത്. രാജ്യ-രാജ-മുന്നണി ധര്‍മ്മത്തെ സമന്വയിപ്പിച്ച യുഗ പുരുഷനായ ഒരു ഭരണാധികാരി ആയിരുന്നു അദ്ദേഹം- അടല്‍ ബിഹാരി വാജ്‌പേയ്(1924-2018)
കലുഷിതമായ ഒരു രാഷ്ട്രീയകാലഘട്ടത്തിന്റെ പ്രതിനിധി ആയിരുന്നു അദ്ദേഹം. 13 ദിവസവും(1996) 13 മാസവും(1998) അഞ്ച് വര്‍ഷവും(1999-2004) അദ്ദേഹം ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആയിരുന്നു. അതായത് മൂന്ന് പ്രാവശ്യം പ്രധാനമന്ത്രി. 10 പ്രാവശ്യം അദ്ദേഹം ലോകസഭയിലെ അംഗം ആയിരുന്നു. കേന്ദ്രമന്ത്രി ആയിരുന്നു(1977). രണ്ട് പ്രാവശ്യം രാജ്യസഭ അംഗം ആയിരുന്നു. അദ്ദേഹം സംഘപരിവാറിയും രാഷ്ട്രീയസ്വയംസേവക് സംഘിന്റെ പ്രവര്‍ത്തകനും പ്രചാരകനും ആയിരുന്നുവെങ്കിലും മതേതരവാദി ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന് ശിഷ്യന്‍ ലാല്‍ കിഷന്‍ അദ്വാനിയെ ബാബറി മസ്ജിദ് ഭേദനത്തില്‍ കലാശിച്ച അയോദ്ധ്യ രഥയാത്രയില്‍ നിന്നും പിന്‍വാങ്ങിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സംഭവിച്ച 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ നിന്നും നരേന്ദ്രമോഡിയെ വിലക്കുവാനോ അധികാരത്തില്‍ നിന്നും പുറത്താക്കുവാനോ സാധിച്ചില്ല. രാജധര്‍മ്മം ഉപദേശിച്ചത് ഒഴിച്ചു. പക്ഷേ, എന്നിട്ടും വാജ്‌പേയയെ ഇന്‍ഡ്യ കണ്ട നല്ല പ്രധാനമന്ത്രിമാരില്‍ ഒരാള്‍ ആയിട്ടാണ് ചരിത്രം വിലയിരുത്തുന്നത്. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍. ഇന്‍ഡ്യ മതേതരം അല്ലെങ്കില്‍ അത് ഇന്‍ഡ്യ അല്ലെന്ന് പ്രഖ്യാപിച്ച സംഘപരിവാര്‍ നേതാവ് ആയിരുന്നു വാജ്‌പേയ്. അതിലേക്ക് എല്ലാം വരുന്നതിനുമുമ്പ് ഈ മനുഷ്യന്റെ കാലത്തിലേക്കും രാഷ്ട്രീയത്തിലേക്കും വരാം.

1924-ല്‍ ക്രിസ്തുമസ് ദിവസം ഗ്വാളിയാറില്‍ ജനിച്ച അദ്ദേഹം 2018-ല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പിറ്റേന്ന് മരിച്ചത് ചരിത്രപരമായ യാദൃശ്ചികത ആയിരിക്കാം. അതുപോലെ തന്നെ പതിമൂന്ന് ദിവസം മാത്രം, ആദ്യ തവണ പ്രധാനമന്ത്രി ആവുക വഴി ഇന്‍ഡ്യയില്‍ ഏറ്റവും ഹൃസ്വകാലം പ്രധാനമന്ത്രി ആയ വ്യക്തി ആയതും. 1999-ല്‍ ഒറ്റവോട്ടിന് അദ്ദേഹം അവിശ്വാസപ്രമേയത്തില്‍ തോല്‍ക്കുകയും രാജിവയ്‌ക്കേണ്ടതായി വരുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഒറ്റവോട്ടില്‍ അവിശ്വാസ പ്രമേയത്തില്‍ തോല്‍ക്കുന്നതും രാജി വയ്ക്കുന്നതും.
അത് അങ്ങനെ സംഭവിക്കുമെന്ന് വാജപേയ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അത് അര്‍ഹിച്ചിരുന്നില്ല. രാജ്യത്തിന് പതിനായിരം കോടി രൂപ ചിലവ് ചെയ്യേണ്ടിവരുകയും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതിലേറെ പണചിലവ് ഉണ്ടാവുകയും ചെയ്ത ആ അവിശ്വാസപ്രമേയത്തിന്റെ കഥ ഇതാണ്. അണ്ണാഡി.എം.കെ.പാര്‍ട്ടിയുടെ പിന്തുണയോടെയാണ് വാജ്‌പേയ് ഗവണ്‍മെന്റ് നിലനിന്നത്. ജയലളിതയ്ക്ക് എതിരായിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുവാന്‍ കേന്ദ്രഗവണ്‍മെന്റ് സമ്മതിച്ചാല്‍ മാത്രമെ പിന്തുണ തുടരുകയുള്ളൂവെന്ന് ഭീഷണി ഉണ്ടായി. അവിശ്വാസ പ്രമേയവും ഉണ്ടായി. അധികാരത്തില്‍ തുടരുവാനുള്ള അഭിവാഞ്ചയില്‍ വാജ്‌പേയും അദ്ദേഹത്തിന്റെ വ്ിശ്വസ്തന്‍ പ്രമോദ് മഹാജനും ചരട് വലികള്‍ തുടങ്ങി. വാജ്‌പേയ് ബി.എസ്.പി. നേതാവ് കാന്‍ഷിറാമിനെ ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. കാന്‍ഷിറാം വഴങ്ങിയില്ല. പക്ഷേ അദ്ദേഹം വാജ്‌പേയ്ക്ക് ഉറപ്പു നല്‍കി ബി.എസ്.പി.യുടെ ലോകസഭ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന്. പക്ഷേ, ബി.എസ്.പി. എം.പി.മാര്‍ ഗവണ്‍മെന്റിന് എതിരെ വോട്ട് ചെയ്തു. തീര്‍ന്നില്ല. വിമത കോണ്‍ഗ്രസുകാരനും നാഷ്ണല്‍ കോണ്‍ഗ്രസിന്റെ നേതാവുമായ (ജമ്മു-കാശ്മീര്‍) സെയ്ഫുദിന്‍ ബോസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വാജ്‌പേയ് ഗവണ്‍മെന്റിന് എതിരെ വോട്ടു ചെയ്തു. ഏറ്റവും നിര്‍ണ്ണായക സംഭവവികാസം മറ്റൊന്ന് ആയിരുന്നു. കോണ്‍ഗ്രസിന്റെ ലോകസഭ അംഗം ഗിരിധര്‍ ഗമാങ്ങ് ഒഡീഷയുടെ മുഖ്യമന്ത്രി ആയി സ്ഥാനം ഏറ്റെടുത്തിരുന്നു. പക്ഷേ, അദ്ദേഹം ലോകസഭ അംഗത്വം രാജിവച്ചിരുന്നില്ല. അത് 6 മാസത്തേക്ക് അനുവദനീയവും ആണ്. അദ്ദേഹവും അവിശ്വാസവോട്ടില്‍ പങ്കെടുത്തു. അദ്ദേഹം വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനെതിരെ ഭരണസഖ്യം വാദം ഉന്നയിച്ചെങ്കിലും സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ അംഗമായ സ്പീക്കര്‍ ജി.എം.സി.ബാലയോഗിക്ക് ഒന്നും ചെയ്യുവാന്‍ ആകുമായിരുന്നില്ല. അദ്ദേഹം ഗമാങ്ങിനെ വോട്ട് ചെയ്യുവാന്‍ പാര്‍ലിമെന്ററി ചട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അനുവദിച്ചു. അങ്ങനെ അവസാനം ഒറ്റ വോട്ടിന് വാജ്‌പേയ്ക്ക് രാജിവച്ച് ഒഴിയേണ്ടതായി വന്നു. പക്ഷേ, അദ്ദേഹവും ബി.ജെ.പി.യും അതേ സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചു വന്നു. പാക്കിസ്ഥാനുമായി സമാധാന സംഭാഷണം നടത്തവെയാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടായതും അതിനെ അദ്ദേഹം വിജയകരമായി തരണം ചെയ്തതും. അദ്ദേഹത്തിന്റെ പാക്കിസ്ഥാന്‍ നയം സംഭവബഹുലം ആയിരുന്നു. സംജോധ തീവണ്ടി-ലാഹോര്‍ ബസ് സര്‍വ്വീസുകളും ആഗ്ര ഉച്ചകോടിയും അവയുടെ നാഴികക്കല്ലുകള്‍ ആയിരുന്നു. പക്ഷേ, പാക്കിസ്ഥാനും ആയി സമാധാനം അപ്പോഴും എപ്പോഴും വര്‍ഷങ്ങള്‍ക്ക് അപ്പുറം ആണ്.

1930-ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘില്‍ ചേര്‍ന്ന വാജ്‌പേയ് 1942-ല്‍ ക്വിറ്റ് ഇന്‍ഡ്യ സമരത്തില്‍ പങ്കെടുത്ത് 24 ദിവസം ജയിലില്‍ ആയിരുന്നു. മഹാത്മഗാന്ധിജിയുടെ സ്വാതന്ത്ര്യസമരങ്ങളോട് ആര്‍.എസ്.എസ്.വിമുഖത പുലര്‍ത്തുന്ന ഒരു കാലം ആയിരുന്നു അത്, ഉപ്പുസത്യാഗ്രഹം ഉള്‍പ്പെടെ. 1951-ല്‍ ജനസംഘില്‍ ചേര്‍ന്ന് വാജ്‌പേയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. 1957-ല്‍ അദ്ദേഹം ആദ്യമായി ലോകസഭയില്‍ പ്രവേശിച്ചു ഉത്തര്‍പ്രദേശിലെ ബല്‍റാം പൂറില്‍ നിന്നും. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ആണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വാജ്‌പേയ്യെ ശ്രദ്ധിക്കുന്നതും വാജ്‌പേയ് ഒരു ദിവസം ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആകുമെന്ന് പ്രവചിച്ചതും. നെഹ്രുവിന്റെ പ്രവചനം തെറ്റിയില്ല. 1984-ല്‍ ഇന്ദിരാവധ സഹതാപതരംഗത്തില്‍ ഗ്വാളിയാറില്‍ നിന്നും ലോകസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം വോട്ടിന് തോറ്റതു മാത്രം വാജ്‌പേയ്ക്ക് എടുത്തു പറയത്തക്ക ഒരു പരാജയം ആയി. 1980-ല്‍ അദ്ദേഹം ബി.ജെ.പി.യുടെ സ്ഥാപക അദ്ധ്യക്ഷന്‍ ആയിരുന്നു.

1998-ല്‍ (1996 ചരിത്രം) ബി.ജെ.പി.യുടെ ആദ്യത്തെ പ്രധാനമന്ത്രി ആകുന്നതുമുതല്‍ വാജ്‌പേയ് ഒരു യഥാര്‍ത്ഥ രാജ്യതന്ത്രജ്ഞന്‍ ആയി മാറുകയായിരുന്നു. അതേ വര്‍ഷം നടന്ന പൊക്രാന്‍ ആണവ പരീക്ഷണം അദ്ദേഹത്തിന് ഒരു പരീക്ഷണം ആയിരുന്നു. കാരണം അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന പി.വി.നരസിംഹറാവുവിന് അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ട വന്ന ഒന്നായിരുന്നു പൊക്രാന്‍. വാജ്‌പേയ് അത് വിജയപൂര്‍വ്വം നിര്‍വ്വഹിച്ചു. ഒന്നാം പൊക്രാന്‍ ആണവ പരീക്ഷണം നടത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നുവെന്ന കാര്യം മറക്കേണ്ട. 

സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ പിന്തുടര്‍ച്ച മുതല്‍ ലിബറല്‍ ജനാധിപത്യ ഭരണനിര്‍വ്വഹണം വരെ വാജ്‌പേയ് വലിയ ഒരു മാതൃക പ്രധാനമന്ത്രി ആയിരുന്നു. ആര്‍.എസ്.എസി.നെ അതിന്റെ നിലക്ക് നിര്‍ത്തുവാന്‍ സാധിച്ചത് വാജ്‌പേയ് യുടെ ഉത്തുംഗവ്യക്തിപ്രഭാവം കൊണ്ടാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തൊന്നും പശുസംരക്ഷക ഗുണ്ടാവിളയാട്ടം ഉണ്ടായിരുന്നില്ല. സ്വതന്ത്ര ചിന്തകരെയും മാധ്യമ പ്രവര്‍ത്തകരെയും വെടിവെച്ചുകൊല്ലുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗം ആയിരുന്നില്ല. മാധ്യമസ്വാതന്ത്ര്യവും അന്ന് അപകടത്തില്‍ ആയിരുന്നില്ല. ജുഡീഷറിയും അന്വേഷണ സ്ഥാപനങ്ങളും മറ്റ് ജനാധിപത്യ ആധാരശിലകളും സ്വതന്ത്രം ആയിരുന്നു. ഫാസിസം അതിന്റെ വൃത്തികെട്ട ശിരസ് ഉയര്‍ത്തിയിരുന്നില്ല. ആള്‍ക്കൂട്ടക്കൊല കേട്ടുകേള്‍ക്കാത്ത മതഭീകരവാദത്തിന്റെ മുഖം ആയിരുന്നു.

വാജ്‌പേയ് മിതവാദിയായ ഒരു ഹിന്ദു ആശയ വിശ്വാസിയായിരുന്നു. മണ്ടല്‍-കമണ്ഡല്‍ ആശയ വിശ്വാസിയായിരുന്നു. മണ്ടല്‍- കമണ്ഡല്‍ രാഷ്ട്രീയത്തിനിടയില്‍ അദ്ദേഹം സ്വന്തം സത്യം തെളിയിച്ചു. അദ്ദേഹം പറഞ്ഞു ചിലരൊക്കെ ഹിന്ദുത്വയില്‍ വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹമാകട്ടെ വിശ്വസിക്കുന്നത് ഭാരതീയതയില്‍ ആണ്.  കൂട്ടുകക്ഷി ഭരണത്തില്‍ പ്രമുഖകക്ഷിയുടെ ഗുണ്ടായിസത്തിലും വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞ് പ്രവര്‍ത്തിച്ച് തെളിയിച്ചു കാണിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ സഖ്യകക്ഷി ഭരണ ധര്‍മ്മം. പക്ഷേ, ശക്തനായ ഒരു ഭരണാധികാരിക്ക് ഉചിതമായ രീതിയില്‍ അദ്ദേഹം കാര്‍ഗില്‍ നുഴഞ്ഞു കയറ്റം തുരത്തി. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശവും ബഹുമാനവും ഉള്ള ഒരു ഇന്‍ഡ്യയും മതേതരത്വവും ആയിരുന്നു അദ്ദേഹത്തിന്റെ വേദപ്രമാണവും ഭരണഘടനയുടെ സൂക്തവും. 

അങ്ങനെയുള്ള ഒരു നേതാവാണ് വിടപറഞ്ഞത്. അതും ഈ അസഹിഷ്ണുതയുടെയും ആള്‍ക്കൂട്ടകൊലയുടെയും കാലത്ത് അദ്ദേഹം വ്യത്യസ്തമായ ഭരണാധികാര വര്‍ഗ്ഗത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അവസാനത്തെ ഭരണജ്ഞന്‍ ആയിരിക്കാം. ഒരു നല്ലമനുഷ്യന്‍ ഒരു തെറ്റായ പാര്‍ട്ടിയില്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ശരിയോ എന്ന് ചരിത്രം വിലയിരുത്തട്ടെ. എന്തായാലും വാജ്‌പേയ് യുടെ നിര്യാണം ഇന്‍ഡ്യക്ക് ഒരു വലിയ നഷ്ടം തന്നെ ആണ്. അദ്ദേഹത്തെപോലുള്ള ഒരു ഭരണാധികാരിയെ ഇനി സംഘപരിവാറിന് പ്രദാനം ചെയ്യുവാന്‍ സാധിക്കുകയില്ല എന്നതാണ് ദാരുണ സത്യം. മിതവാദിയും മതേതരവാദിയും ആയ ആദ്യത്തെയും അവസാനത്തെയും സംഘപരിവാര്‍ പ്രധാനമന്ത്രി ആണ് വാജ്‌പേയ്.

വാജ്‌പേയ്-സംഘപരിവാറിനും അപ്പുറം സര്‍വ്വസമ്മതനായ ഒരു ജനകീയ പ്രധാനമന്ത്രി- (പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക