Image

നമുക്കു വേണം ജാഗ്രത (സിബി കളരിക്കാട്ട്)

സിബി കളരിക്കാട്ട് Published on 22 August, 2018
നമുക്കു വേണം ജാഗ്രത (സിബി കളരിക്കാട്ട്)
പ്രളയകാലത്ത് ഇങ്ങനെയൊക്കെ പറയാമോ എന്നു ചോദിച്ചാല്‍ അറിയില്ലെന്നതാണ് സത്യം. പക്ഷേ, ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ നാം പിന്നെയും തെറ്റ് ആവര്‍ത്തിക്കും. അതു കൊണ്ടു പറഞ്ഞു പോവുകയാണ്. അമേരിക്കയിലിരുന്നു കൊണ്ട് എന്തും പറയാമെന്ന ധാരണയിലല്ല ഇങ്ങനെ പറയുന്നതും. ഇപ്പോഴത്തെ കേരളീയ സാഹചര്യത്തില്‍ മനം നൊന്താണ്. ഇവിടെ, അല്‍പ്പം ജാഗ്രതക്കുറവ് നമ്മുടെ ഭാഗത്ത് സംഭവിച്ചിട്ടില്ലേയെന്ന് തോന്നിപ്പോകുന്നു. കുടം പൊട്ടിയതിനു ശേഷം കുടത്തെക്കുറിച്ചോര്‍ത്ത് കരയുന്ന ഏര്‍പ്പാട് നാം തുടങ്ങിയിട്ട് ഇപ്പോള്‍ കാലം കുറെയായി. അതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതി പോകുന്നത്. 

നമ്മുടെ സഹോദരങ്ങളില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവരുടെ കണ്ണീരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷം പോലും വേണ്ടെന്നു വച്ചവരാണ് അമേരിക്കന്‍ മലയാളികള്‍. അവരുടെ വിഷമതകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് താങ്ങായി കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. അതു കൂടി കണക്കിലെടുത്തു കൊണ്ടാണ് ചോദിക്കുന്നത്, ജാഗ്രതക്കുറവ് നമുക്കു സംഭവിച്ചോ? ഒന്നു ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമുക്ക് ഇതൊക്കെയും ഒഴിവാക്കാമായിരുന്നതല്ലേ?
പ്രളയം എന്നത് പൊടുന്നനെ ഉണ്ടാകുന്നതാണ്. എന്നാല്‍ കേരളത്തിലെ പ്രളയത്തിന്റെ സ്വഭാവം അങ്ങനെയല്ല. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ ഡാമുകള്‍ നിറയും, ഉരുള്‍പൊട്ടല്‍ ഉണ്ടാകും, ഒപ്പം പുഴകള്‍ കരകവിയും, കുട്ടനാടു വെള്ളത്തില്‍ മുങ്ങും. അപ്പോള്‍ അത്തരമൊരു സാഹചര്യമുണ്ടാകുമെന്നിരിക്കേ, അത്തരമൊരു മഴമേഘങ്ങളെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് നല്‍കാന്‍ നമുക്ക് ഒരു സംവിധാനമില്ലേ. ഇല്ലെന്നു കരുതാനാവില്ല. അല്ലെങ്കില്‍ കാലങ്ങളായി അവര്‍ നമ്മെ പറ്റിക്കുന്നു. കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പ് ഇവിടെ അമേരിക്കയിലിരുന്നു ടിവി ചാനലുകളിലൂടെ ഞങ്ങള്‍ കാണുന്നുണ്ട്. അപ്പോള്‍ പിന്നെ അവര്‍ക്ക് ഇത് അല്‍പ്പം നേരത്തെ അറിയിക്കേണ്ടവരെ അറിയിക്കാന്‍ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അതാണു ചോദിച്ചത്, ജാഗ്രതക്കുറവ് സംഭവിച്ചില്ലേ...

ഓഖി ചുഴലിക്കാറ്റ് സംഭവിച്ചപ്പോള്‍ മുതലാണ് നാം ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിനു മനസ്സിലായത്. എന്നാല്‍ ജൂലൈ അവസാനം കേരളത്തിനെ മുക്കിപ്പിഴിഞ്ഞു മഴയെത്തിയപ്പോഴും നാം കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ല. ഇടുക്കി ഡാം (ചെറുതോണി) തുറക്കണമോയെന്ന കാര്യത്തില്‍ അപ്പോഴും നമുക്ക് ശരിയായ ധാരണയുണ്ടായിരുന്നില്ല. അതിനു ശേഷം പിന്നെയും മഴ വന്നു. ആ മഴ പൊടുന്നനെ ഉണ്ടായതല്ലെന്നും ഓര്‍ക്കണം. നമുക്ക് അതിനെക്കുറിച്ച് ഒരു മുന്‍കൂര്‍ ധാരണയുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ഒടുവില്‍ മഴ തിമിര്‍ത്തു പെയ്തപ്പോള്‍ തുറന്നതോ, മുപ്പത്തിയാറെണ്ണവും. കേരളത്തില്‍ ആകെ 42 ഡാമുകളാണുള്ളത്. അതില്‍ 12 എണ്ണം ഇടുക്കിയിലും, 11 എണ്ണം പാലക്കാടും. അതു കൊണ്ടു തന്നെ ഈ മഴയില്‍ പ്രളയം സംഹാരതാണ്ഡവമാടിയ സ്ഥലങ്ങളും നോക്കുക. അണക്കെട്ടുകള്‍ തുറന്നു വിട്ടപ്പോഴുണ്ടായ പ്രളയമായിരുന്നു കേരളത്തെ ചതിച്ചത്. അല്ലാതെ, മഴ പെയ്തിറങ്ങിയ പെയ്ത്തു വെള്ളമായിരുന്നില്ല. 

44 നദികള്‍ക്കും കൂടി 42 അണക്കെട്ടുകള്‍ ഉള്ള സ്ഥലത്ത് വര്‍ഷകാലത്ത്, അല്ലെങ്കില്‍ ന്യൂനമര്‍ദ്ദ കാലത്ത് സ്വീകരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും വേണ്ടപ്പെട്ടവര്‍ സ്വീകരിച്ചില്ലെങ്കില്‍ അവരെ അതു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് തെറ്റാണോ? അണക്കെട്ടുകള്‍ തുറന്നു വിടുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്ന രണ്ടു പേരുണ്ട് കേരളത്തില്‍, ഡിസാസ്റ്റര്‍ ക്രൈസിസ് മാനേജുമെന്റും, ഡാം സേഫ്റ്റി അഥോറിറ്റിയും. ഇവര്‍ രണ്ടു പേരും മിണ്ടാതിരുന്നോ, അതോ പറഞ്ഞത് വേണ്ടപ്പെട്ടവര്‍ കേട്ടു മിണ്ടാതിരുന്നോ? പ്രളയജലമൊഴുകിയിറങ്ങി വീടും മുങ്ങി ജനം ചത്തു പോകുമെന്നു നിലവിളിച്ചപ്പോഴാണ് ഹെലികോപ്ടര്‍ എയര്‍ ലിഫ്റ്റിങ്ങിനു പട്ടാളത്തെ വിളിച്ചത്. പട്ടാളത്തെ വിളിച്ചത്, അവര്‍ക്കു ഹെലികോപ്ടര്‍ ഉണ്ടായതു കൊണ്ടു മാത്രമാണ്. കേരള പോലീസിനു ഹെലികോപ്ടര്‍ ഉണ്ടായിരുന്നുവെങ്കില്‍ പട്ടാളത്തെയും വിളിക്കില്ലായിരുന്നുവെന്നു സാരം. കേരളത്തില്‍ 650 പേര്‍ക്ക് ഒരു പോലീസ് എന്ന നിലയിലാണ് നമ്മുടെ ക്രമസമാധാനം പോലീസ് സംരക്ഷിക്കുന്നത് എന്നോര്‍ക്കണം. 

വാസ്തവത്തില്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഒത്തു ചേര്‍ന്നു ബാക്കിയുള്ളവരെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കേരളം ശവപറമ്പായി മാറിയേനെ. അങ്ങനെയൊക്കെ നടക്കുമെന്നു വേണ്ടപ്പെട്ടവര്‍ക്കും അറിയാം. സര്‍ക്കാര്‍ ഏജന്‍സികളെ ഒരിക്കലും വിമര്‍ശിക്കുകയല്ല, എന്നാല്‍ ഡാം തുറക്കുമ്പോള്‍ കേരളത്തിലെ പൊതുജനത്തെ അത് ശരിയായ വിധത്തില്‍ അറിയിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അതു തെറ്റാണോ? കാരണം, മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പലേടത്തും കറന്റില്ലായിരുന്നു, മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ വേണ്ട വിധത്തില്‍ ആശയസംവേദനം നടന്നുമില്ല. ഇവിടെയാണ് നാം പാഠം പഠിക്കേണ്ടത്. കോടാനുകോടി രൂപ ചെലവഴിച്ച് പുനരധിവാസത്തിനു വേണ്ട തയ്യാറെടുപ്പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ആവശ്യം വേണ്ട രണ്ടു കാര്യങ്ങള്‍ വൈദ്യുതിയും ഫോണുമാണ് എന്നു മനസ്സിലായിരിക്കുന്നു. എല്ലാ വീട്ടിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാവണമെന്നും, അതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാം ഉറപ്പു വരുത്തുക എന്നതാണ് പ്രാഥമിക കാര്യം. അതു തന്നെ എല്ലാ കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്നതുമാകണം. 

കാറ്റടിച്ചാല്‍ പോസ്റ്റ് വീണ്, അല്ലെങ്കില്‍ വെള്ളം കയറി ട്രാന്‍സ്‌ഫോര്‍മാര്‍ മുങ്ങുന്നതുമായ സാഹചര്യം വൈദ്യുതി വകുപ്പും ഒഴിവാക്കണം. അതിനായി അണ്ടര്‍ഗ്രൗണ്ട് സപ്ലൈ എന്ന സ്‌കീമിലേക്ക് കേരളം അടിയന്തിരമായി മാറേണ്ടിയിരിക്കുന്നു. ഇതു രണ്ടും ഉണ്ടായാല്‍ ബാക്കിയൊക്കെ നമുക്ക് ശരിയാക്കാവുന്നതേയുള്ളു. ഇതിനു വേണ്ടി ഒരു സ്‌കീം ഉണ്ടാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞ് ഇറങ്ങുക തന്നെ വേണം. പുനരധിവാസം കേരളത്തില്‍ അതിവേഗം നടക്കുമെന്ന് നമുക്ക് അറിയാം. അതിനു വേണ്ടി ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു, ഒപ്പം കഷ്ടപ്പെടുന്നവര്‍ എല്ലാം അതിവേഗം അതിജീവിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. ഇനിയെങ്കിലും ജാഗ്രതയുടെ കാര്യത്തില്‍ അലസതയുണ്ടാവരുതേയെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക