Image

ആന്‍റണിയുടെ അവസ്ഥ വരാതെ ഉമ്മന്‍ചാണ്ടി സൂക്ഷിക്കണം: വെള്ളാപ്പള്ളി

Published on 01 April, 2012
ആന്‍റണിയുടെ അവസ്ഥ വരാതെ ഉമ്മന്‍ചാണ്ടി സൂക്ഷിക്കണം: വെള്ളാപ്പള്ളി
കാലുമാറിയും കൂറുമാറിയും ചെല്ലുന്നവര്‍ക്ക് ഒരുപാട് ഇടം കൊടുക്കുകയും വളരെ വേഗം നേതാവാകാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

 എളുപ്പത്തില്‍ നേതാവും മന്ത്രിയുമാകണമെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍നിന്ന് കൂറുമാറി കോണ്‍ഗ്രസിലെത്തിയാല്‍ മതി. ഇതുമൂലം  ആ പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പണിയെടുത്തവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാതെ പോകുന്നുവെന്നത് യാഥാര്‍ഥ്യമാണ്.

 യേശുദേവന്‍ കഴിഞ്ഞാല്‍ അടുത്ത പ്രവാചകന്‍ പി.സി ജോര്‍ജാണ്. നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുംമുമ്പേ ശെല്‍വരാജ് 35000 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ജോര്‍ജ് പ്രവചിച്ചു. അനൂപ് ജേക്കബ് ജയിച്ചാല്‍ ഉടന്‍ മന്ത്രിയെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ സത്യപ്രതിജ്ഞ ഉണ്ടായിട്ടില്ല. പി.സി ജോര്‍ജ് ഇരിക്കുന്ന കസേരയുടെ മാന്യതയെങ്കിലും കാണിക്കണം. വെറുതെ ഉണ്ടയില്ലാത്ത വെടി പൊട്ടിക്കരുത്.

ഉമ്മന്‍ചാണ്ടി ജനകീയനേതാവാണ്. ഞങ്ങള്‍ പൂ ചോദിച്ചപ്പോള്‍ പൂങ്കാവനം തന്നുവെന്ന്  പറയാവുന്ന രീതിയാണ് അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുണ്ടായത്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിന് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ അദ്ദേഹം കാട്ടിയ ഇച്ഛാശക്തി അഭിനന്ദിക്കാതിരിക്കാനാവില്ല.   എങ്കിലും ആന്‍റണിയുടെ അവസ്ഥ വരാതെ സൂക്ഷിക്കണം. സത്യം തുറന്ന് പറഞ്ഞതിനാണ് എ.കെ ആന്‍റണി ക്ക് കേരളം വിട്ടുപോകേണ്ടി വന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക